കോഴിക്കോട്: രാത്രി ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാധ്യമപ്രവർത്തകനുനേരെ ഏതാനും നാട്ടുകാരുടെ സദാചാരഗുണ്ടാ അക്രമം നടത്തിയ സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിലായി.
മാധ്യമം കോഴിക്കോട് ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ സി.പി. ബിനീഷിനെ കൈയേറ്റം ചെയ്ത നരിക്കുനി സ്വദേശികളായ ചെറുകണ്ടിയില്‍ അതുല്‍ (22), കാരുകുളങ്ങര അഖില്‍ (26), കാരുകുളങ്ങര അനുരാജ് (24), കണ്ണിപ്പൊയില്‍ പ്രശോഭ് (24), കാവുമ്പൊയില്‍ ഗോകുല്‍ദാസ് (25) എന്നിവരെയാണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
പക്ഷെ ഇതിനെല്ലാം നേതൃത്വം നല്കിയ പഞ്ചായത്തംഗമായ സിപിഎം നേതാവ് വേണുഗോപാലിനെ കേസില്‍ നിന്ന് ഒഴിവാക്കി. രാത്രി ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോള്‍ മോഷ്ടാവാണെന്ന് ആരോപിച്ചാണ് അക്രമിച്ചതും വധഭീഷണി മുഴക്കിയതും.
കേരള സര്‍ക്കാരിന്റെ മീഡിയ അക്രഡിറ്റേഷന് കാര്‍ഡ് കാണിച്ചിട്ടും കൊടുവള്ളി പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ തടഞ്ഞുവയ്ക്കുകയും അക്രമിക്കുകയുമായിരുന്നു.
ബുധനാഴ്ച രാത്രി 10 നോടെ ഡ്യൂട്ടികഴിഞ്ഞ് നരിക്കുനിക്കടുത്ത പൂനൂരിലെ വീട്ടിലേക്ക് മടങ്ങവെ അതുലിന്റെ നേതൃത്വത്തിലുള്ള സംഘം വളഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ബിനീഷ് ഇന്നലെ നൽകിയ പരാതിയിലാണ് നപടി.
പ്രദേശത്തെ മോഷണശല്യം നേരിടാനെന്ന പേരിൽ സംഘടിച്ചിറങ്ങിയവരാണ് ബിനിഷിന്റെ ബൈക്കിന്റെ താക്കോൽ ബലമായി പിടിച്ചെടുക്കുകയും മുക്കാൽ മണിക്കൂറിലധികം തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തത്. തർക്കത്തിനിടെ യുവാവ് ആരെയൊക്കയോ ഫോണിൽ വിളിച്ചുവരുത്തി.
മാസ്ക്ക് ധരിക്കാതെ ആളുകൾ വാഹനങ്ങളിലും മറ്റുമായി ഇതിനകം സ്ഥലത്തെത്തി. കേരള സർക്കാരിന്റെ അക്രഡിറ്റേഷൻ കാർഡടക്കം തിരിച്ചറിയൽ രേഖകൾ കാണിച്ചിട്ടും അവർ പിന്മാറിയില്ല. ഇതിനിടെ ബൈക്കിന്റെ താക്കോൽ ചിലർ ബലമായി ഊരിയെടുത്തു.
വാർഡ് മെന്പർ വേണുഗോപാൽ സ്ഥലത്തെത്തിയപ്പോൾ താൻ കാര്യം പറഞ്ഞെങ്കിലും നിങ്ങൾ നിയമംലംഘിച്ച് രാത്രിയാത്ര നടത്തിയില്ലേ എന്നു ചോദിച്ചതോടെ ജനക്കൂട്ടം അക്രമാസക്തമാവുകയായിരുന്നെന്ന് ബിനീഷ് പറഞ്ഞു.
ഇയാളെയും മറ്റു പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ മുഖ്യമന്ത്രിയോടും ഡിജിപിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി അറസ്റ്റിലായവരെ റിമാൻഡ് ചെയ്യാതെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.