അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനത്തില്‍ നടി പ്രിയ വാര്യര്‍ നടത്തുന്ന കണ്ണിറുക്കല്‍ ലോകം മുഴുവന്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഒരു മാധ്യമപ്രവര്‍ത്തകയുടെ കണ്ണിറുക്കലിന് പിന്നാലെയാണ് ഇന്റര്‍നെറ്റ് ലോകം.
എന്നാല്‍ പ്രിയയുടേതു പോലെ കുസൃതി നിറഞ്ഞ കണ്ണിറുക്കലല്ല ലിയാങ് ഷിയാങി എന്ന ഈ മാധ്യമപ്രവര്ത്തകയുടേത്. സര്‍ക്കാര്‍ പ്രതിനിധിയോട് ഒട്ടും ഗൗരവമില്ലാത്ത ചോദ്യം ചോദിച്ച മറ്റൊരു മാധ്യമപ്രവര്‍ത്തകയോടുള്ള അതൃപ്തിയാണ് ലിയാങ് കണ്ണുചുറ്റിച്ചു കാണിച്ചു കൊണ്ട് പ്രകടിപ്പിച്ചത്. അതാണിപ്പോള്‍ ലോകത്തെ മുഴുവന്‍ ലിയാങിന്റെ ആരാധകരായി മാറ്റിയിരിക്കുന്നത്.
ലിയാങിന്റെ കണ്ണുരുട്ടല്‍ തത്സമയം സംപ്രേഷണം ചെയ്യപ്പടുകയും ചെയ്തതോടെ ഇത് വൈറലാവുകയായിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ രണ്ടാഴ്ച നീണ്ടുനിന്ന പാര്‍ലമെന്റ് സമ്മേളനത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. 44 സെക്കന്‍ഡാണ് ലിയാങിന്റെ കണ്ണുരുട്ടല്‍ ദൃശ്യങ്ങളുടെ ദൈര്‍ഘ്യം.
ഷാങ്ഹായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യികായി എന്ന ടി വി ചാനലിലെ ജീവനക്കാരിയാണ് ലിയാങ്. ചോദ്യം ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകയെ ലിയാങ് തിരിഞ്ഞു നോക്കുന്നതും കാണാം. ദൃശ്യങ്ങള്‍ വൈറലായതോടെ ലിയാങിനെ വച്ചുകൊണ്ടുള്ള നിരവധി ഗിഫുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.
എന്നാല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിനു മേല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ചൈനീസ് സര്‍ക്കാരിന് ലിയാങിന്റെ കണ്ണുരുട്ടല്‍ അത്ര ഇഷ്ടപ്പെട്ടില്ലെന്നാണ് സൂചനകള്‍. പല സൈറ്റുകളിലും നിന്നും ലിയാങിന്റെ പേര് ബ്ലോക്ക് ചെയ്യപ്പെടുകയാണിപ്പോള്‍.
The reporter in the blue seemingly not too impressed with this question at the #NPC #China #TwoSessions pic.twitter.com/lq7AzX9oTp
— Bill Birtles (@billbirtles) March 13, 2018