തിരുവനന്തപുരം: കൂടത്തായി മോഡൽ പോസ്റ്റ്മോർട്ടം തലസ്ഥാനത്തും. പത്ത് വർഷം മുൻപ് കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയ 13കാരനായ കുട്ടിയുടെ മരണത്തിൽ സംശയമുണ്ടെന്ന പരാതിയിൽ വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനം. ഭരതന്നൂർ സ്വദേശി ആദർശ് വിജയൻ (13) ന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധുക്കൾ നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
തിങ്കളാഴ്ച ആർഡിഒയുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം നടത്തും. മൃതദേഹം കാണപ്പെട്ട കുളം ഈ അടുത്തകാലത്ത് വൃത്തിയാക്കിയപ്പോൾ കുളത്തിൽ നിന്നും ഒരു കുറുവടി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ച് ക്രൈംബ്രാഞ്ചിന് പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനുള്ള നടപടികൾ ക്രൈംബ്രാഞ്ച് സ്വീകരിച്ചത്. മരണസമയത്ത് കടയ്ക്കൽ താലൂക്കാശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം നടത്തിയിരുന്നത്. 2009 ഏപ്രിൽ നാലിനാണ് കുട്ടിയെ കാണാതായത്. പിന്നീട് വീടിനു അകലെയുള്ള വയലിലെ കുളത്തിൽ ആദർശിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അന്ന് പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ വെള്ളം കുടിച്ചല്ല മരണമെന്നും തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നും കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് മരണത്തിനു പിന്നിലെ കാരണമൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ഇപ്പോൾ കുളത്തിൽ നിന്നും കുറുവടി കിട്ടിയത് കൊലപാകതമാണെന്ന സംശയം ബലപ്പെടുത്തിയിരിക്കുകയാണ്. ഇതേത്തുടർന്നാണ് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനം.