ഹരിപ്പാട്: അഞ്ചു വർഷം മുമ്പ് മരിച്ചയാളുടെ മൃതദേഹം നാളെ പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തും. മരണത്തിൽ ദുരൂഹത ആരോപിച്ച് ഭാര്യ നൽകിയ പരാതിയിൽ കോടതിവിധിയേത്തുടർന്നാണ് അഞ്ചു വർഷങ്ങൾക്കു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നത്.
തൃക്കുന്നപ്പുഴ പാനൂർ പൂത്തറയിൽ മുഹമ്മദ് മുസ്തഫ(34)യുടെ മൃതദേഹമാണ് നാളെ പോസ്റ്റ്മോർട്ടം നടത്തുക. 2015 നവംബർ 15ന് ആണ് മുഹമ്മദ് മുസ്തഫ മരിച്ചത്. ഹൃദയാഘാതം മൂലം മരിച്ചു എന്നാണ് കരുതിയിരുന്നത്.
മരണത്തിൽ ദുരൂഹത ഉണ്ടെന്നും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഭാര്യ സുമയ്യയുടെ ബന്ധു കൊക്കാടം തറയിൽ ഇർഷാദ് ഹൈക്കോടതിയിൽ കൊടുത്ത ഹർജിയേതുടർന്നാണ് നടപടി.
മൃതദേഹം രണ്ടാഴ്ചയ്ക്കകം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി തൃക്കുന്നപ്പുഴ പോലീസിന് നിർദേശം നൽകിയിരുന്നു.
തൃക്കുന്നപ്പുഴ പോലീസിന്റെയും ചെങ്ങന്നൂർ ആർടിഒ യുടെയും നേതൃത്വത്തിൽ വണ്ടാനം മെഡിക്കൽ കോളജിലെ ഡോക്ടർമാരാണ് പോസ്റ്റ്മോർട്ടം നടത്തുക.