മുക്കൂട്ടുതറ: എട്ട് മാസം മുന്പ് സംസ്കരിച്ച വയോധികയുടെ മൃതദേഹം ഇന്നലെ പുറത്തെടുത്ത് പോലീസിന്റെ നേതൃത്വത്തിൽ പരിശോധനയും പോസ്റ്റ്മോർട്ടവും നടത്തി.
തീപ്പൊള്ളൽ ഏറ്റതിനെ തുടർന്ന് കഴിഞ്ഞ നവംബർ 27ന് മരണപ്പെട്ട മുട്ടപ്പള്ളി കുളത്തുങ്കൽ മാർത്ത മോശ (83) യുടെ മൃതദേഹമാണ് ഇന്നലെ മുട്ടപ്പള്ളി സിഎംഎസ് പള്ളിയിലെ സെമിത്തേരിയിൽനിന്നു പുറത്തെടുത്ത് പോസ്റ്റ്മോർട്ടവും ഇൻക്വസ്റ്റും നടത്തി വിദഗ്ധ പരിശോധനയ്ക്കായി സാന്പിൾ ശേഖരിച്ചത്.
അമ്മയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന ഇളയ മകളുടെ പരാതിയിലാണ് നടപടികൾ. വീട്ടിൽവച്ചാണ് അമ്മയ്ക്ക് പൊള്ളൽ ഏറ്റതെന്നും എന്നാൽ ഒരു ദിവസം കഴിഞ്ഞ് ആശാ പ്രവർത്തക ഇടപെട്ടാണ് ആശുപത്രിയിൽ എത്തിച്ചതെന്നും താൻ കാസർഗോഡ് താമസിക്കുന്നതിനാൽ സ്ഥലത്ത് ഇല്ലായിരുന്നെന്നും വൈകിയാണ് ഈ വിവരങ്ങൾ അറിഞ്ഞതെന്നും മകൾ നൽകിയ പരാതിയിൽ പറയുന്നു.
മരണത്തിൽ ദുരൂഹത സംശയിക്കുന്ന തരത്തിലുള്ള മറ്റ് വിവരങ്ങളും പരാതിയിൽ ലഭിച്ചിരുന്നു. പൊള്ളൽ ഏറ്റ ശേഷം മരണപ്പെട്ടയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ സംസ്കരിച്ചത് പിഴവ് ആണെന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ബോധ്യമായിരുന്നു. മരണത്തിൽ ദുരൂഹത ഉണ്ടെന്ന പരാതിക്ക് പുറമെ സ്വത്ത് തർക്കവും അന്വേഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.