സ്വന്തം ലേഖകൻ
തൃശൂർ: റിപ്പബ്ലിക്ദിന പരേഡ് കാണാൻ തൃശൂരിൽ നിന്നുപോയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളോട് റെയിൽവേയുടെ ക്രൂരമായ കൊലച്ചതി. ഭിന്നശഷിക്കാരായ പത്ത് വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമടക്കം 26 പേർക്ക് ട്രെയിനിൽ ഇല്ലാത്ത ബോഗിയുടെ ടിക്കറ്റ് നൽകിയാണ് റെയിൽവേ കബളിപ്പിച്ചത്.
ഡൽഹിയിൽ നിന്നും തൃശൂരിലേക്ക് മടങ്ങാനായി സ്റ്റേഷനിൽ എത്തിയപ്പോഴാണ് തങ്ങൾ ഒരു മാസം മുന്പ് ബുക്ക് ചെയ്ത കേരള എക്സ്പ്രസിൽ എസ് 10 എന്ന ബോഗി തന്നെ ഇല്ലെന്ന് ഇവർ അറിയിയുന്നത്. ഒരു മാസം മുന്പ് ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ പ്രിന്റഡ് ടിക്കറ്റുമായി ഡൽഹി സ്റ്റേഷൻ അധികൃതരെ ബന്ധപ്പെട്ടെങ്കിലും സാങ്കേതിക പിഴവാണെന്നും ഒന്നും ചെയ്യാനാകില്ലെന്നുമായിരുന്നു മറുപടി.
തുടർന്ന് വിദ്യാർഥികൾക്കൊപ്പമുണ്ടായിരുന്ന സർവ ശിക്ഷ അഭിയാൻ ഉദ്യോഗസ്ഥർ തൃശൂർ ജില്ല കളക്ടർ ടി.വി.അനുപയുമായി അടിയന്തിരമായി ഫോണിൽ ബന്ധപ്പെടുകയും പ്രശ്നം അറിയിക്കുകയും ചെയ്തു. തുടർന്ന് വിദ്യാർഥികളേയും രക്ഷിതാക്കളേയും പല ബോഗികളിൽ കയറ്റി വിടുകയായിരുന്നു.
നാളെ രാവിലെ ഏഴരയ്ക്ക് ഇവർ തൃശൂരിലെത്തും. മാനസികമായ വെല്ലുവിളി നേരിടുന്ന കുട്ടികളും ഇക്കൂട്ടത്തിലുണ്ട്. ഇവരിൽ ചിലർക്കൊപ്പം അമ്മമാർ മാത്രമാണ് പോയിരിക്കുന്നത്. ഒരുമിച്ചുള്ള യാത്രയായതിനാൽ കുട്ടികളെ നോക്കാൻ എല്ലാവരുമുണ്ടാകുമെന്ന ധാരണയിലായിരുന്നു യാത്ര. എന്നാൽ പല ബോഗികളിലായി തിരിച്ചുവരേണ്ടി വന്നതോടെ അവരെല്ലാം ബുദ്ധിമുട്ടുകയാണെന്നാണ് പറയുന്നത്.
സർവശിക്ഷ അഭിയാന്റെ ഉദ്യോഗസ്ഥർ ട്രെയിനുകൾ നിർത്തുന്പോൾ ഓരോ കന്പാർട്ടുമെന്റിലുമെത്തി കുട്ടികളുടെയും രക്ഷിതാക്കളുടേയും കാര്യങ്ങൾ നോക്കുന്നുണ്ട്. ഈ മാസം 22നാണ് തൃശൂരിൽ നിന്ന് ഭിന്നശേഷിക്കാരായ പത്തു വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും നാല് എസ്കോർട്ടിംഗ് ഒഫീഷ്യൽസുമടങ്ങുന്ന സംഘം ഡൽഹിക്ക് റിപ്പബ്ലിക് ദിന പരേഡ് കാണാൻ പോയത്. ദില്ലിദർശൻ എന്നായിരുന്നു യാത്രയുടെ പേര്.
ഇന്ത്യൻ മലയാളി അസോസിയേഷനും, സ്മാർട് വിങ്ങ്സും, സർവ്വശിക്ഷാ അഭിയാനുമായിരുന്നു ദില്ലിദർശൻ യാത്രയുടെ സംഘാടകർ. പരേഡ് കണ്ട് ചില സ്ഥലങ്ങളെല്ലാം സന്ദർശിച്ച ശേഷം നാട്ടിലേക്ക് മടങ്ങാനായി ഡൽഹിയിലെ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് തങ്ങൾക്ക് ലഭിച്ച ടിക്കറ്റ് ഇല്ലാത്ത ബോഗിയുടേതാണെന്ന് അറിഞ്ഞത്.
അവസാന നിമിഷമായതിനാൽ മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. റെയിൽവേ ബുക്കിംഗിലുണ്ടായ സാങ്കേതിക തകരാറാണെന്ന് പറഞ്ഞ് റെയിൽവേ കൈകഴുകുന്പോഴും ഭിന്നശേഷിക്കാരായ കുട്ടികളടക്കമുള്ളവരോടു കാണിച്ച ക്രൂരത ഗുരുതരമായ പിഴവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സംഭവത്തെക്കുറിച്ച് സർവ ശിക്ഷ അഭിയാൻ സ്റ്റേറ്റ് ഡയറക്ടറേറ്റിന് വിശദമായ റിപ്പോർട്ട് നൽകും. കുട്ടികളും രക്ഷിതാക്കളും പല കന്പാർട്ടുമെന്റുകളിലായതോടെ ഇവർക്ക് ആവശ്യമായ ഭക്ഷണം യഥാസമയം എത്തിക്കാനും ഇവരുടെ കാര്യങ്ങൾ ശരിയാം വിധം നോക്കാനും കൂടെയുള്ള എസ്കോർട്ടിങ് ഒഫീഷ്യൽസിന് ബുദ്ധിമുട്ടുകളുണ്ടെന്ന് ട്രെയിനിൽ വന്നുകൊണ്ടിരിക്കുന്ന ഒഫീഷ്യൽസ് പറഞ്ഞു.
ട്രെയിൻ നിർത്തുന്പോൾ ഓരോ കന്പാർട്ടുമെന്റിലുമെത്തി കാര്യങ്ങൾ തിരക്കി വേണ്ടത് ചെയ്തുകൊടുക്കുന്നുണ്ടെന്നും ഒരുമിച്ച് പോയപ്പോൾ വളരെ സന്തോഷത്തിലായിരുന്ന കുട്ടികൾ പലയിടത്തായി വേറിട്ടപ്പോൾ ചെറിയ വിഷമത്തിലാണെന്നും ഒഫീഷ്യലുകൾ പറഞ്ഞു. എസ് 10 എന്ന ബോഗിയിലാണ് ഒരുമിച്ച് ടിക്കറ്റെടുത്തിരുന്നതെങ്കിലും ട്രെയിൻ വന്നപ്പോൾ എസ് 9 വരെയുള്ള ബോഗികൾ മാത്രമേയുണ്ടായിരുന്നുള്ളു.