ന്യൂഡൽഹി: 76-ാം റിപ്പബ്ലിക് ദിനം വർണാഭമായി ആഘോഷിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചതോടെയാണ് രാജ്യതലസ്ഥാനത്ത് ചടങ്ങുകൾക്ക് തുടക്കമായത്.
കർത്തവ്യപഥിലെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേർന്ന് സ്വീകരിച്ചു. രാഷ്ട്രപതി ദേശീയ പതാക ഉയർത്തിയതിന് പിന്നാലെ 21 ഗൺ സല്യൂട്ട് ചടങ്ങ് നടന്നു.
ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാഥിയായ ചടങ്ങിൽ ഇന്ത്യയുടെ സൈനിക ബലവും സാംസ്കാരിക പൈതൃകവും പ്രദർശിപ്പിക്കുന്ന പരേഡും നടന്നു.
കര-വ്യോമ-നാവിക സേനകളുടെയും വിവിധ സായുധ സേനകളുടെയും പ്രകടനത്തിനൊപ്പം സംസ്ഥാനങ്ങളുടെ അടക്കം 31 നിശ്ചലദൃശ്യങ്ങൾ പരേഡിൽ അണിനിരന്നു. 352 പേരടങ്ങുന്ന ഇന്തോനേഷ്യൻ കരസേനയിലെ സൈനികരും പരേഡിന്റെ ഭാഗമായി. 5000 കലാകാരന്മാരും കർത്തവ്യപഥിൽ കലാവിരുന്നിന്റെ ഭാഗമായിട്ടുണ്ട്.