ന്യൂഡൽഹി: 76 -ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയാകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ജനുവരി 25ന് അദ്ദേഹം ഇന്ത്യയിൽ എത്തും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന അറ്റ് ഹോം വിരുന്നിലും സുബിയാന്തോ പങ്കെടുക്കും. പ്രസിഡന്റായി ചുമതലേയറ്റശേഷമുള്ള സുബിയാന്തോയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
2020 ൽ ഇന്തോനേഷ്യയുടെ പ്രതിരോധമന്ത്രിയായിരിക്കെ സുബിയാന്തോ ഡൽഹി സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കളുമായി സുബിയാന്തോ കൂടിക്കാഴ്ച നടത്തും. റിപ്പബ്ലിക് ദിനം ആഘോഷമാക്കാനുള്ള തയാറെടുപ്പുകളെല്ലാം അന്തിമഘട്ടത്തിലാണെന്നു കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.