മാങ്കാംകുഴി: വയോജന ദിനത്തിൽ വഴിതെറ്റി റോഡിൽ ഒറ്റപ്പെട്ട വയോധികയ്ക്ക് പോലീസ് രക്ഷകരായി. കായംകുളം പത്തിയൂർ സ്വദേശിനി കുഞ്ഞുകുട്ടി (80 )യെയാണ് കുറത്തികാട് എസ് ഐ എം. എസ്. എബി, സീനിയർ സിപിഒ രഞ്ജിത്ത് പി എന്നിവരുടെ നേതൃത്വത്തിൽ വയോധികയിൽ നിന്നു വിവരങ്ങൾ തേടിയശേഷം കൊല്ലകടവ് ദയാഭവനിൽ സുരക്ഷിതമായി എത്തിച്ചത്. ബന്ധുക്കളെ പോലീസ് വിവരമറിയിക്കുകയും കൂട്ടിക്കൊണ്ടുപോകാൻ എത്തണമെന്നും ആവശ്യപ്പെട്ടിട്ടുമുണ്ട്.
ഇന്നലെ സന്ധ്യയോടെയാണ് മാങ്കാംകുഴി ജംഗ്ഷനിൽ വഴിതെറ്റി അലയുന്ന വയോധികയെ കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട മാധ്യമ പ്രവർത്തകൻ നൗഷാദ് മാങ്കാംകുഴി കുറത്തികാട് എസ് ഐ എം. എസ്. എബിയെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
മാങ്കാംകുഴിക്കു സമീപത്തെ ബന്ധുവീടുകളിൽ എത്തിയതായിരുന്നു വയോധിക. പിന്നീട് പത്തിയൂരിലേക്ക് മടങ്ങുംവഴിയാണ് വഴിതെറ്റി ഒറ്റപ്പെട്ടത്. മാങ്കാംകുഴിയിലെ ബന്ധുക്കളെ പോലീസ് ബന്ധപ്പെട്ടെങ്കിലും വയോധികയ്ക്ക് ഓർമ്മക്കുറവുള്ളതിനാൽ അവർ ഏറ്റെടുക്കാൻ തയാറായില്ല. തുടർന്ന് എസ് ഐ എബി കൊല്ലകടവ് ദയാഭവൻ ഡയറക്ടർ ഫാ. പി.കെ. വർഗീസുമായി ബന്ധപ്പെടുകയും വയോധികയെ വാഹനത്തിൽ കയറ്റി ദയാഭവനിൽ സുരക്ഷിതമായി എത്തിക്കുകയുമായിരുന്നു.