പ്രണയ തകര്‍ച്ച പ്രതികാരമായി! ക്വാര്‍ട്ടേഴ്‌സില്‍ അധ്യാപകനും ശിക്ഷ്യയും കഴിഞ്ഞിരുന്നത് ദമ്പതികളെപ്പോലെ; കോഴിക്കോട് എന്‍ഐടിയിലെ ഗവേഷക വിദ്യാര്‍ഥിനിയുടെ മരണത്തിനു വഴിവച്ചത് ഇതൊക്കെ…

കൊച്ചി: കോഴിക്കോട് എന്‍ഐടിയിലെ ഗവേഷക വിദ്യാര്‍ഥി ഒ.കെ ഇന്ദു(25)വിന്റെ മരണം പുതിയ വഴിത്തിരിവില്‍. ഇന്ദുവിനെ ട്രെയിനില്‍ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതി കോഴിക്കോട് എന്‍.ഐ.ടി അസി. പ്രഫസറായ സുഭാഷിനെതിരേയുള്ള പീഡനക്കുറ്റം ഒഴിവാക്കി. എന്നാല്‍ കൊലപാതകവും തെളിവു നശിപ്പിക്കലും നിലനില്‍ക്കുമെന്ന് എറണാകുളം അഡീഷനല്‍ സെഷന്‍സ് (കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി) ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് വ്യക്തമാക്കി.ക്രിമിനല്‍ നടപടിക്രമം 227ാം വകുപ്പ് പ്രകാരമുള്ള വാദം കേള്‍ക്കലിനെത്തുടര്‍ന്നാണ് കോടതി ഈ നിലപാടിലെത്തിയത്. ഇന്ദു പ്രതിശ്രുത വരന് അയച്ച ഇ-മെയിലിലാണത്രേ താന്‍ അവരെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പറയുന്നത്. ഇന്ദു പ്രായപൂര്‍ത്തിയായ യുവതിയായിരുന്നതുകൊണ്ടുതന്നെ പീഡനമായി കണക്കാക്കാന്‍ കഴിയില്ല. മെയില്‍ അയച്ചത് പ്രതിശ്രുത വരനെ വിവാഹത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ചെയ്തതാകാമെന്നും കോടതി അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിലാണ് കോടതിയുടെ ഇത്തരമൊരു ഇടപെടല്‍.

ഇന്ദു പ്രതിശ്രുതവരന്‍ അഭിഷേകിനയച്ച ഇ- മെയില്‍ സന്ദേശം ക്രൈംബ്രാഞ്ച് സംഘം കണ്ടെടുത്തതോടെ പീഡനകുറ്റം എത്തിയത്. എന്‍ഐടിയില്‍ വച്ച് താന്‍ അജ്ഞാതന്റെ മാനഭംഗത്തിനിരയായതായും അതിനാല്‍ വിവാഹത്തില്‍ നിന്നും പിന്മാറണമെന്നുമായിരുന്നു ഇന്ദു വരന് അയച്ച മെയിലിന്റെ ഉള്ളടക്കം.
ഈ മെയില്‍ കണ്ടെത്തിയതോടെ ഈ അജ്ഞാതന്‍ ആരെന്നു കണ്ടെത്താനുള്ള അന്വേഷണമാണ് പിന്നീട് പൊലീസ് നടത്തിയത്. ഇതിനിടെ എന്‍ഐടി ക്വാര്‍ട്ടേഴ്‌സില്‍ ഇന്ദുവും സുഭാഷും ഒരുമിച്ചു നിരവധി തവണ താമസിച്ചിരുന്നുവെന്ന് എന്‍ഐടിയിലെ അധ്യാപകരില്‍ ചിലര്‍ മൊഴിനല്‍കി. ഈ സാഹചര്യത്തില്‍ മാനഭംഗം നടത്തിയത് കാമുകനും എന്‍ഐടി അധ്യാപകനുമായ സുഭാഷാണെന്നു നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. സുഭാഷില്‍നിന്നു കടുത്ത മാനസിക സമ്മര്‍ദ്ദം ഇന്ദുവിന് നേരിടേണ്ടി വന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. വിവാഹനിശ്ചയം കഴിഞ്ഞിട്ടും പ്രണയത്തില്‍ നിന്നു പിന്മാറാതെ ഇയാള്‍ ഇന്ദുവിനെ നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നു.

സുഭാഷ് ലോഡ്ജിലും ഇന്ദു ഹോസ്റ്റലിലുമായിരുന്നു താമസിച്ചിരുന്നതെങ്കിലും ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ഒരു അധ്യാപിക നാട്ടിലേക്ക് പോകുമ്പോള്‍ വീട് ഇന്ദുവിനു നല്‍കുമായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇന്ദുവും സുഭാഷും ഒരുമിച്ചാണു കഴിഞ്ഞിരുന്നതെന്നാണു വ്യക്തമായിട്ടുള്ളത്. എന്നാല്‍ മെയിലില്‍ പറഞ്ഞതു പോലെ താന്‍ ഇന്ദുവിനെ മാനഭംഗപ്പെടുത്തിയിട്ടിട്ടില്ലെന്നാണ് സുഭാഷ് പറയുന്നത്. അഭിഷേകിനെ വിവാഹത്തില്‍ നിന്നു പിന്തിരിപ്പിക്കാനായി ഇന്ദു കണ്ടെത്തിയ മാര്‍ഗമായിരിക്കും ഇതെന്നും ഇയാള്‍ അഭിപ്രായപ്പെട്ടു. നാര്‍ക്കോ അനാലിസിസ്, പോളിഗ്രാഫ് ടെസ്റ്റ് പരിശോധനകള്‍ക്ക് വിധേയനാവാന്‍ സുഭാഷ് സന്നദ്ധത അറിയിച്ചതോടെയാണ് ഇയാളുടെ പേരിലെ പീഡനക്കുറ്റം ഒഴിവാക്കിയത്.

2011 ഏപ്രില്‍ 23ന് തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാരിയായിരുന്ന ഇന്ദുവിനെ കാണാതാകുകയും പിന്നീട് പെരിയാറില്‍നിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു. തിരുവനന്തപുരം കുമാരപുരം സ്വദേശിയായിരുന്ന ഇന്ദു ആലുവ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തതാകാമെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. എന്നാല്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബി–1 എ.സി കോച്ചിന്റെ വാതിലിനടുത്തുനിന്ന ഇന്ദുവിനെ സുഭാഷ് പുഴയിലേക്ക് തള്ളിയിട്ടതായി കോച്ചിലെ ഒരു യാത്രക്കാരന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയതോടെ സുഭാഷ് പിടിയിലാവുകയായിരുന്നു.

ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ സുഭാഷ് ഇന്ദുവിന്റെ നെഞ്ചില്‍ ചവിട്ടിയാണ് പുഴയിലേക്ക് തള്ളിയിട്ടതെന്നു തെളിഞ്ഞു. തുടര്‍ന്ന് മനഃശാസ്ത്ര വിദഗ്ധരുടെ സഹായം തേടിയാണ് സുഭാഷില്‍ നിന്ന് ഒന്നരവര്‍ഷം ഒളിപ്പിച്ച വെച്ച് രഹസ്യം ക്രൈംബാഞ്ച് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്. വിവാഹഭ്യര്‍ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് ഇന്ദുവിനെ സുഭാഷ് പുഴയിലേക്ക് തള്ളിയിട്ടത്. ഇന്ദുവും സുഭാഷും പ്രണയത്തിലായിരിക്കുമ്പോഴുള്ള സ്വകാര്യ വീഡിയോ ദ്യശ്യങ്ങള്‍ കാണിച്ച് ഇന്ദുവിനെ സുഭാഷ് വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിപ്പെടുത്തിയതിനുള്ള തെളിവുകളും സംഘത്തിന് ലഭിച്ചു. ഇന്ദുവിന്റെ മനസ്സുമാറ്റി കോഴിക്കോട്ടെത്തിച്ച് രജിസ്റ്റര്‍ വിവാഹം ചെയ്തു സിക്കിമിലേക്ക് കൊണ്ടുപോകാനാണ് സുഭാഷ്് പദ്ധതിയിട്ടിരുന്നത്.സിക്കിമിലേക്കുള്ള വിമാനടിക്കറ്റ് ബുക്ക് ചെയ്തതിനുള്ള തെളിവും ക്രൈം ബ്രാഞ്ചിനു കിട്ടി. എന്നാല്‍ സ്വന്തം ഇഷ്ടത്തോടെ ഇന്ദു മറ്റൊരു വിവാഹത്തിനു തയ്യാറായതോടെ ഇയാള്‍ ഇന്ദുവിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

 

 

Related posts