കേരളീയരുടെ ഇഷ്ടമത്സ്യമായ മത്തിയുടെ ലഭ്യത കഴിഞ്ഞ കുറേ വര്‍ഷമായി കുറഞ്ഞു വരികയാണ്. അപകടമായ ഈ പ്രതിഭാസത്തിന്റെ പിന്നിലെ സൂക്ഷ്മ രഹസ്യങ്ങള്‍ തേടി ഗവേഷകര്‍. മത്തിയുടെ ലഭ്യതയില്‍ അടിക്കടിയുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളുടെ കാരണങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലെ ഗവേഷകര്‍ ഓഗസ്റ്റ് ആറിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) ഒത്തുകൂടും. മത്തിയെ ദോഷകരമായി ബാധിക്കുന്ന ഘടകങ്ങളേതെന്ന് തിരിച്ചറിയാനും മതിയായ കരുതല്‍ നടപടികള്‍ സ്വീകരിക്കാനും ലക്ഷ്യമിട്ടാണ് വിദഗ്ധര്‍ ചര്‍ച്ച നടത്തുന്നത്.
കാലാവസ്ഥാവ്യതിയാനം, സമുദ്രപ്രതിഭാസം, മത്തിയുടെ ജൈവശാസ്ത്രം, സാമൂഹികസാമ്പത്തികകാര്യങ്ങള് എന്നീ മേഖലയിലുള്ള വിദഗ്ധര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. മത്തിയുടെ ലഭ്യതയെ പ്രധാനമായി സ്വാധീനിക്കുന്നത് എല്‍നിനോലാനിനാ പ്രതിഭാസമാണെന്ന് സിഎംഎഫ്ആര്‍ഐ അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം മത്തിയുടെ ലഭ്യതയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും സിഎംഎഫ്ആര്‍ഐ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ നിലനില്‍ക്കുന്ന മത്തിക്ഷാമം സിഎംഎഫ്ആര്‍ഐയുടെ കണ്ടെത്തലുകളെ ശരിവെക്കുന്നതാണെങ്കിലും, കടലിലെ സൂക്ഷ്മ പാരിസ്ഥിതിക ഘടകങ്ങള്‍ ഏതൊക്കെ രീതിയിലാണ് മത്തിയെ ബാധിക്കുന്നതെന്ന് ഇനിയും വ്യക്തമായി കണ്ടെത്തെണ്ടേയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് മറ്റ് സ്ഥാപനങ്ങളിലെ ഗവേഷകരെ കൂടി പങ്കെടുപ്പിച്ച് ചര്‍ച്ച നടത്തുന്നത്.
എല്‍നിനോക്ക് പുറമെ, വിവിധ സമുദ്രപ്രതിഭാസങ്ങളായ ജലോപരിതലത്തിലെ ഊഷ്മാവ്, ഉല്പാദനക്ഷമതിയിലെ ഏറ്റക്കുറച്ചിലുകള്‍, അപ്വെല്ലിംഗ് എന്നിവ ഏതൊക്കെ രീതിയിലാണ് മത്തിയെ ബാധിക്കുന്നതെന്നതിനെ കുറിച്ച് വിദഗ്ധര്‍ ചര്‍ച്ച ചെയ്യും. ഇതുമായി ബന്ധപ്പെട്ട്, വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംയുക്ത പഠനങ്ങളുടെ സാധ്യതകള്‍ യോഗം ചര്‍ച്ച ചെയ്യും. മത്തിയുടെ കുറവ് ഏതൊക്കെ രീതിയില്‍ മത്സ്യത്തൊഴിലാളികളുടെ സാമൂഹികസാമ്പത്തിക നിലവാരത്തെ ബാധിക്കുമെന്നതും പഠനവിധേയമാക്കും. മത്തിയുടെ ലഭ്യത സുസ്ഥിരമായ രീതിയില്‍ നിലനിര്‍ത്തുന്നതിനുള്ള മത്സ്യബന്ധനനരീതികള്‍ വികസിപ്പിക്കല്‍, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങള്‍ തമ്മിലുള്ള ഏകോപനം എന്നിവയും ചര്‍ച്ചാവിഷയമാകും. ആവാസവ്യവസ്ഥയിലെ ചെറിയ മാറ്റങ്ങള്‍ പോലും മത്തിയുടെ വളര്‍ച്ചയെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം. സിഎംഎഫ്ആര്‍ഐയുടെ കണക്ക് പ്രകാരം മത്തിയുടെ ലഭ്യതയില്‍ കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 39 ശതമാനമാണ് കുറവുണ്ടായത്.