മുംബൈ: റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റി ഈ സാന്പത്തികവർഷത്തെ അവസാന പണനയ അവലോകനം തുടങ്ങി. ഇന്നുച്ചയ്ക്കു ശേഷം തീരുമാനം പുറത്തുവിടും.അടിസ്ഥാന പലിശനിരക്കിൽ കാൽ ശതമാനം കുറവു വരുത്തുമെന്നാണ് ബാങ്കർമാരിൽ ഭൂരിപക്ഷവും പ്രതീക്ഷിക്കുന്നത്. എന്നാൽ, നിരക്കുകളിൽ മാറ്റം വരില്ലെന്നു കരുതുന്നുവരുമുണ്ട്.
അടുത്ത വർഷം ഗവൺമെന്റ് 3.2 ശതമാനം ധനകമ്മിയാണ് ബജറ്റിൽ പ്രതീക്ഷിക്കുന്നത്. ഇതിനു വേണ്ടിവരുന്ന കടമെടുപ്പ് ഈവർഷത്തെ തോതിൽ തന്നെയാകും. ഇത് പലിശ കുറയ്ക്കാൻ അനുകൂല ഘടകമാണ്.
അമേരിക്കൻ ഫെഡറൽ റിസർവ് കഴിഞ്ഞയാഴ്ച യോഗം ചേർന്നെങ്കിലും പലിശ കൂട്ടിയില്ല. ഇതും ഇന്ത്യയിൽ പലിശ കുറയ്ക്കാൻ അനുകൂലമാണ്. വിലക്കയറ്റത്തോത് താണു നിൽക്കുകയാണ്. പെട്രോളിയം വില അമിതമായി കൂടുകയില്ലെന്നു നിരീക്ഷകർ കരുതുന്നു. ഒപെക് രാജ്യങ്ങളും റഷ്യയും ഉത്പാദനം കുറയ്ക്കുന്നതിനനുസരിച്ച് അമേരിക്കയിലെ ഷെയ്ൽ ഉത്പാദകർ ഉത്പാദനം കൂട്ടുന്നു.
ഇതാണ് ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 60 ഡോളർ കടക്കുമെന്ന പ്രവചനങ്ങൾ തെറ്റാൻ കാരണം. ക്രൂഡ് വില കൂടുന്പോൾ യുഎസ് ഷെയ്ൽ ഉത്പാദനം കൂട്ടും, അപ്പോൾ വില താഴും.ഈ സാഹചര്യം ഇന്ത്യക്ക് വിലക്കയറ്റ ഭീഷണി ഒഴിവാക്കുന്നു. ഭക്ഷ്യവിലകൾ മാത്രമാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്.
സാന്പത്തിക (ജിഡിപി) വളർച്ചത്തോത് സംബന്ധിച്ച് റിസർവ് ബാങ്ക് പുതുക്കിയ നിഗമനം അവതരിപ്പിക്കുമോ എന്നും വിപണി ഉറ്റുനോക്കുന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് 7.1 ശതമാനവും ഐഎംഎഫ് 6.6 ശതമാനവും വളർച്ചയാണ് ഇക്കൊല്ലം പ്രതീക്ഷിക്കുന്നത്. 7.1 ശതമാനം കണക്കാക്കിയാണ് ബജറ്റും തയറാക്കിയത്.