മുംബൈ: കടങ്ങൾ കിട്ടാക്കടങ്ങളായി മാറാതിരിക്കാൻ റിസർവ് ബാങ്കിന്റെ പുതിയ മാർഗനിർദേശങ്ങൾ. അഞ്ചു കോടി രൂപയിൽ കൂടുതലുള്ള വായ്പകളുടെ നില ഓരോ ആഴ്ചയും റിസർവ് ബാങ്കിനെ അറിയിക്കണം. 2,000 കോടിയിലേറെ രൂപയുടെ കടങ്ങളിൽ ഗഡുവോ പലിശയോ മുടങ്ങിയാൽ ആറു മാസത്തിനകം പ്രശ്നം പരിഹരിക്കാനുള്ള ഒരു പരിഹാര പദ്ധതി ഉണ്ടാക്കണം. അതു നടക്കില്ലെന്നുവന്നാൽ ഉടനടി പാപ്പർ നടപടികളിലേക്കു നീങ്ങണം. 2,000 കോടിയിൽ താഴെയുള്ളവയ്ക്കു രണ്ടു വർഷംകൊണ്ടു പരിഹാരം ഉണ്ടാക്കിയാൽ മതി.
കന്പനികളും ബാങ്കുകളും സഹകരിച്ചു കടങ്ങളുടെ യഥാർഥ സ്ഥിതി മറച്ചുവച്ചിരുന്ന നില മാറും. സൂത്രപ്പണികളിലൂടെ പ്രശ്നവായ്പകളെ ഭദ്രവായ്പകളായി കാണിക്കുന്നത് അവസാനിപ്പിക്കേണ്ടിവരും.
സ്കീമുകൾ നിർത്തി
ബാങ്കുകൾക്കു പ്രശ്നവായ്പകൾ കൈകാര്യം ചെയ്യാൻ നല്കിയിരുന്ന അരഡസനിലേറെ സ്കീമുകൾ ഇന്നലത്തെ വിജ്ഞാപനത്തിലൂടെ റിസർവ് ബാങ്ക് പിൻവലിച്ചു. പ്രശ്നകടങ്ങൾ ചെറിയ മുഖംമിനുക്കലോടെ നല്ലവായ്പകളാക്കി കാണിക്കാനാണ് ഈ സ്കീമുകൾ ഉപയോഗിച്ചുപോന്നത്.
റിസർവ് ബാങ്ക് നിഷ്കർഷിച്ചിരിക്കുന്ന സമയപരിധിയിൽ ബാങ്കുകൾ നടപടി സ്വീകരിച്ചില്ലെങ്കിൽ പിഴയും അത്തരം കടങ്ങൾക്കു കൂടുതൽ വകയിരുത്തലുമടക്കം ശിക്ഷാനടപടികൾ ഉണ്ടാകും. ഇതാദ്യമാണു ബാങ്കുകളെ പ്രശ്നവായ്പകൾക്ക് ഉത്തരവാദികളാക്കുന്നത്.
കന്പനിയുടെ ഉടമസ്ഥത മാറ്റി പ്രശ്നപരിഹാരത്തിനു ശ്രമിക്കുന്പോൾ കുടിശിക ഉണ്ടായാൽ ഉടൻതന്നെ പാപ്പർ കോടതിയിലേക്കു വിഷയം വിടാനും നിർദേശിച്ചിട്ടുണ്ട്.
അഞ്ചുകോടിയിൽ കൂടുതലുള്ള വായ്പകളുടെ ഗഡുവോ പലിശയോ മുടങ്ങുന്നത് എല്ലാ വെള്ളിയാഴ്ചയും റിസർവ് ബാങ്കിനെ അറിയിച്ചിരിക്കണം. ഒരുമാസത്തിൽ താഴെ, രണ്ടുമാസത്തിൽ താഴെ, ആറുമാസത്തിൽ താഴെ എന്നിങ്ങനെ ഇനംതിരിച്ച ുവേണം വിവരമയയ്ക്കാൻ. റിസർവ് ബാങ്കിൽ ഇതിനായി പ്രത്യേക വിഭാഗമുണ്ടാകും.
ജെഎൽഎഫ് ഇല്ല
പല ബാങ്കുകൾ ചേർന്നു വായ്പ നല്കിയ കേസുകളിൽ ഒരിടത്തു പ്രശ്നമുണ്ടായാൽ ഉടൻ പരിഹാരനടപടി തുടങ്ങണം. എല്ലാ ബാങ്കുകളും സമ്മതിച്ചിട്ടു മാത്രമേ നടപടി ആകാവൂ എന്നതു മാറ്റി. ജോയിന്റ് ലെൻഡേഴ്സ് ഫോറം (ജെഎൽഎഫ്) എന്ന സംവിധാനം ഇല്ലാതാക്കി.
ചതിയും കൃത്രിമവും നടത്തിയ കന്പനി ഉടമകൾക്കു കടം പുനഃക്രമീകരണത്തിനും മറ്റും അവസരം നല്കില്ല. അവരുമായി ബന്ധമില്ലാത്തവർ കന്പനിയെ ഏറ്റെടുത്താൽ ഇളവുകൾ നല്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്.
10 ലക്ഷം കോടി കിട്ടാക്കടം
ഇന്ത്യയിലെ ബാങ്കുകൾക്കു പത്തു ലക്ഷം കോടിയിലേറെ രൂപയുടെ വായ്പകൾ നിഷ്ക്രിയ ആസ്തി (എൻപിഎ) ആയിട്ടുണ്ട്. പ്രായോഗികമായി കിട്ടാക്കടം ആയിട്ടു മാത്രമേ ഇതുവരെ ബാങ്കുകൾ ഒരു കടം നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിച്ചിരുന്നുള്ളൂ. രണ്ടു വർഷമായി റിസർവ് ബാങ്ക് പ്രശ്നകടങ്ങൾ തിരിച്ചറിഞ്ഞു നടപടിക്കു സമ്മർദം ചെലുത്തുന്നുണ്ട്. രണ്ടു ഘട്ടമായി രണ്ടര ലക്ഷം കോടി രൂപയുടെ 40 നിഷ്ക്രിയ ആസ്തികൾ റിസർവ് ബാങ്ക് കണ്ടെത്തി പാപ്പർ കോടതികളിലേക്ക് അയച്ചിട്ടുണ്ട്. എസാർ സ്റ്റീൽ, ഭൂഷൺ സ്റ്റീൽ തുടങ്ങിയ വലിയ കന്പനികളാണ് അവയിലുള്ളത്. കഴിഞ്ഞ സെപ്റ്റംബറിലെ നിലവച്ച് രാജ്യത്തെ ബാങ്ക് വായ്പകളിൽ പത്തു ശതമാനത്തിലേറെ നിഷ്ക്രിയ ആസ്തികളോ പ്രശ്നവായ്പകളോ ആണ്.
പ്രശ്നവായ്പകളും കിട്ടാക്കടങ്ങളും ഇന്ത്യൻ ബാങ്കിംഗിനെ തകർച്ചയിലേക്കു നയിക്കുന്ന നിലയാണുവന്നിരിക്കുന്നത്. മൊത്തം വായ്പയുടെ 70 ശതമാനം നല്കിയ പൊതുമേഖലാ ബാങ്കുകളിലാണു 90 ശതമാനം പ്രശ്നകടങ്ങളും. ഈ ബാങ്കുകൾക്ക് അധികമൂലധനമായി 2.11 ലക്ഷം കോടി രൂപ നല്കേണ്ടതുണ്ട്. ഇത്ര വലിയ തുക മുടക്കിയാലും പ്രശ്നങ്ങൾ ആവർത്തിക്കില്ലെന്നതിന് ഉറപ്പില്ല. റിസർവ് ബാങ്കിന്റെ പുതിയ നിർദേശങ്ങൾ കിട്ടാക്കട പ്രശ്നം ആവർത്തിക്കാതിരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്.