മുംബൈ: പലിശനിരക്ക് വർധിക്കും. ഭവനവായ്പ, കാർവായ്പകളടക്കമുള്ള വായ്പകൾക്കു മാത്രമല്ല ബാങ്ക് നിക്ഷേപങ്ങൾക്കും പലിശ കൂടുന്ന കാലം വരുന്നു. ഇന്നലെ റിസർവ് ബാങ്ക് പണനയ അവലോകനത്തെത്തുടർന്ന് റീപോ നിരക്ക് കാൽ ശതമാനം കൂട്ടി. മറ്റ് അനുബന്ധ നിരക്കുകളും ഇതേ തോതിൽ കൂട്ടി. കരുതൽപണ അനുപാതം (സിആർആർ) അടക്കം മറ്റു പ്രധാന അനുപാതങ്ങളിൽ മാറ്റമില്ല.
രണ്ടു മാസം മുന്പ് കാൽ ശതമാനം വർധിപ്പിച്ചതാണ് റീപോ (റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്കു നല്കുന്ന ഏകദിന വായ്പയുടെ പലിശ) നിരക്ക്. പണപ്പെരുപ്പം പരിധിവിടുന്നു എന്ന വിലയിരുത്തലിലാണ് റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റി(എംപിസി)യുടെ തീരുമാനം. കമ്മിറ്റിയിലെ ഒരംഗം (രവീന്ദ്ര ധൊകാലിയ) മാത്രം വർധനയ്ക്ക് എതിരായിരുന്നു. റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ അധ്യക്ഷനായിരുന്നു.
വിലക്കയറ്റം, വളർച്ച
ചില്ലറ വിലക്കയറ്റം, ക്രൂഡ് ഓയിൽ വില, ഭക്ഷ്യധാന്യ സംഭരണവിലയിലെ വർധന തുടങ്ങിയ ഘടകങ്ങൾ കമ്മിറ്റി പരിഗണിച്ചു. ഇക്കൊല്ലത്തെ ജിഡിപി വളർച്ച 7.4 ശതമാനമാകും എന്ന ജൂണിലെ പ്രവചനം നിലനിർത്തി. ഒന്നാം പകുതിയിൽ 7.5-7.6 ശതമാനവും രണ്ടാം പകുതിയിൽ 7.3-7.4 ശതമാനവും വളർച്ച പ്രതീക്ഷിക്കുന്നു. 2019-20ലെ ആദ്യ ത്രൈമാസത്തിൽ 7.5 ശതമാനമാണ് വളർച്ചാപ്രതീക്ഷ. വിലക്കയറ്റം 4.4 ശതമാനത്തിൽനിന്ന് രണ്ടാം പകുതിയിൽ 4.8 ശതമാനവും അടുത്ത ധനകാര്യവർഷം ഒന്നാം ത്രൈമാസത്തിൽ അഞ്ചുശതമാനവും ആകുമെന്നു പ്രതീക്ഷിക്കുന്നു.
കറൻസിയുദ്ധം
രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരയുദ്ധം കറൻസി യുദ്ധമായി മാറുമെന്നു ഗവർണർ പട്ടേൽ ആശങ്ക പ്രകടിപ്പിച്ചു. വിനിമയനിരക്ക് താഴ്ത്തി കയറ്റുമതി വർധിപ്പിക്കാൻ രാജ്യങ്ങൾ മത്സരിക്കുന്നതിന്റെ ഫലമാണിത്. തുടർച്ചയായ രണ്ട് എംപിസി യോഗങ്ങൾ റീപോ നിരക്ക് കൂട്ടുന്നത് അസാധാരണമാണ്. നരേന്ദ്രമോദി സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ നിരക്കുവർധനയായിരുന്നു ജൂണിലേത്.
ഓഹരികൾ താണു
റിസർവ് ബാങ്ക് തീരുമാനത്തെപ്പറ്റി ആശങ്ക പ്രകടിപ്പിച്ചാണ് ഓഹരിവിപണി പെരുമാറിയത്. നയപ്രഖ്യാപനത്തിനു മുന്പ് താഴെയായിരുന്ന സൂചികകൾ പിന്നീട് പെട്ടെന്നു കയറിയെങ്കിലും അധികസമയം ഉയർച്ച നിലനിർത്തിയില്ല. സെൻസെക്സ് 85ഉം നിഫ്റ്റി പത്തും പോയിന്റ് താഴ്ന്നാണ് ക്ലോസ് ചെയ്തത്. ബാങ്ക് സൂചികയും ഗണ്യമായി താണു.
ഇഎംഐ വർധന
റിസർവ് ബാങ്ക് റീപോ നിരക്ക് കാൽ ശതമാനം കൂട്ടി. ഇതേ നിരക്കിൽ ബാങ്കുകൾ ഭവനവായ്പയുടെ പലിശ കൂട്ടിയാൽ വരുന്ന മാറ്റം ഇങ്ങനെ:
വായ്പത്തുക : 30 ലക്ഷം രൂപ
കാലാവധി : 20 വർഷം
പലിശനിരക്ക് : 8.5 ശതമാനം
ഇഎംഐ (മാസഗഡു): 26,034 രൂപ
പലിശ 0.25% കൂടുന്പോൾ
പുതിയ വായ്പയ്ക്ക്
പലിശനിരക്ക് : 8.75%
ഇഎംഐ : 26,511 രൂപ
വർധന : 477 രൂപ
20 വർഷംകൊണ്ട്
അധികച്ചെലവ് : 1,14,480 രൂപ
പുതിയ വായ്പ എടുക്കുന്പോൾ
ഭവനവായ്പ എടുക്കൻ ആഗ്രഹിക്കുന്നവർ വിവിധ ബാങ്കുകളുടെ നിരക്കും വ്യവസ്ഥകളും വിശദമായി പഠിച്ചു താരതമ്യം ചെയ്യണം. എല്ലാ ബാങ്കുകളും ഒരേ സമയമല്ല നിരക്ക് കൂട്ടുന്നത്.
നിലവിലുള്ള വായ്പക്കാർക്ക്
എംസിഎൽആർ അധിഷ്ഠിത പലിശനിരക്കുള്ള വായ്പകളിൽ പലിശ പുതുക്കുന്ന തീയതിയാകുന്പോഴാണ് മാറ്റംവരിക. അന്നു നിലവിലുള്ള പലിശനിരക്കുവച്ച് ഇഎംഐ പുതുക്കി നിശ്ചയിക്കും. 2016 ഏപ്രിൽ ഒന്നുമുതൽ എല്ലാ വായ്പകളും എംസിഎൽആർ അധിഷ്ഠിതമാണ്.
അതിനു മുന്പുള്ള വായ്പക്കാർക്ക് ബേസ് റേറ്റ് ആധാരമാക്കിയാണു പലിശ. ബേസ് റേറ്റ് ഇപ്പോൾ എംസിഎൽആർ അധിഷ്ഠിത പലിശയെക്കാൾ കൂടുതലാണ്. അതിനാൽ ബേസ് റേറ്റിൽനിന്ന് എംസിഎൽആറിലേക്കു മാറുന്ന കാര്യം ചിന്തിക്കാവുന്നതാണ്.