മുംബൈ: പ്രതീക്ഷകൾ തകിടംമറിച്ച് റിസർവ് ബാങ്ക്. പലിശനിരക്ക് കൂട്ടുമെന്ന് എല്ലാവരും കരുതിയപ്പോൾ യാതൊരു മാറ്റവും വരുത്താതെ റിസർവ് ബാങ്ക് നീങ്ങി. എന്നാൽ, ഇനി പടിപടിയായി പലിശനിരക്ക് കൂട്ടും എന്നു പ്രഖ്യാപിക്കുകയും ചെയ്തു. സമീപകാലത്തൊന്നും പലിശനിരക്ക് കുറയില്ല എന്നാണ് അതിനർഥം.
ഹ്രസ്വകാല പലിശയായ റീപോ നിരക്ക് 6.5 ശതമാനത്തിൽ തുടരും. നയപരമായ മറ്റു നിരക്കുകളിലും മാറ്റമില്ല. കരുതൽ പണ അനുപാതത്തിലും മാറ്റമില്ല.
ചില്ലറ വിലക്കയറ്റം 3.8-4.5 ശതമാനം മേഖലയിലാകും മാർച്ച് വരെ എന്നാണു റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റി വിലയിരുത്തിയത്. ഈ ധനകാര്യവർഷം സാന്പത്തിക (ജിഡിപി) വളർച്ച 7.4 ശതമാനമാകുമെന്ന മുൻ നിഗമനം ബാങ്ക് ആവർത്തിച്ചു. അടുത്ത വർഷം 7.6 ശതമാനമാണു വളർച്ച പ്രതീക്ഷ.
ഇന്ധനത്തിന്റെ എക്സൈസ് ഡ്യൂട്ടി കുറച്ചത് വിലക്കയറ്റം നിയന്ത്രിക്കുമെന്നു ബാങ്ക് കരുതുന്നു. കേന്ദ്രത്തിന്റെ ധനകമ്മി 3.3 ശതമാനം എന്ന പ്രതീക്ഷ പാലിച്ചേക്കും. സംസ്ഥാനങ്ങളുടെ കമ്മി കൂടി ചേർത്താൽ മൊത്തം കമ്മി 5.9 ശതമാനമാകും എന്നു ബാങ്ക് കണക്കാക്കുന്നു.