ന്യൂഡൽഹി: കൂടുതൽ സുരക്ഷാ സംവിധാനങ്ങളോടെ ആയിരം രൂപയുടെ പുതിയ കറൻസി ഡിസംബറിൽ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. മൈസൂരുവിലെയും സാൽബോണിലെയും പ്രിന്റിംഗ് പ്രസുകൾ പുതിയ നോട്ടുകൾ അച്ചടിക്കാൻ തയാറായെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ആറു മാസം മുന്പ് 2000 രൂപ കറൻസികളുടെ അച്ചടി നിർത്തിയ സാഹചര്യത്തിൽ ഇപ്പോൾ 200 രൂപ നോട്ടുകളുടെ പ്രിന്റിംഗാണ് പ്രസുകളിൽ നടക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ 200 രൂപയുടെ നോട്ടുകൾ ഉടനെയൊന്നും എടിഎമ്മുകളിൽ ലഭ്യമായിത്തുടങ്ങില്ല.
കള്ളപ്പണം പിടിച്ചെടുക്കൽ, തീവ്രവാദ ഫണ്ടിംഗ് കുറയ്ക്കൽ, രാജ്യത്തെ ഇടപാടുകൾ കറൻസി രഹിതമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 2016 നവംബർ എട്ടിനാണ് വിനിമയത്തിലുണ്ടായിരുന്ന 500 രൂപ, 1000 രൂപ നോട്ടുകൾ കേന്ദ്ര സർക്കാർ റദ്ദാക്കിയത്.
രാജ്യത്ത് വിനിമയത്തിലുള്ള കറൻസിയിൽ 86 ശതമാനവും അസാധുവായതോടെ ജനജീവിതവും വ്യാപാരങ്ങളും പ്രതിസന്ധിയിലായി. പിന്നീട് 500 രൂപ, 2000 രൂപ നോട്ടുകൾ എത്തിയെങ്കിലും ജനജീവിതം സാധാരണഗതിയിലാവാൻ കുറേ സമയമെടുത്തു.
2000 രൂപയുടെ അച്ചടി നിർത്തിയതോടെ സമാന സാന്പത്തികപ്രതിസന്ധി രാജ്യവ്യാപകമായി ഉടലെടുത്തിരുന്നു. ചില്ലറക്ഷാമമായിരുന്നു കാരണം. ഇതിനു പരിഹാരമായാണ് 200 രൂപയുടെ നോട്ട് ഇറക്കിയത്. പുതിയ നിറത്തിലും രൂപത്തിലുമായിരിക്കും 1000 രൂപയുടെ നോട്ടുകൾ ഇറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ.