റിസർവ് ബാങ്ക് ഗവർണർമാരും കേന്ദ്രസർക്കാരും തമ്മിൽ ഇണങ്ങിപ്പോകാൻ പ്രയാസമാണ്. അതാണ് അനുഭവം. മിതഭാഷിയായ ഡോ. ഉർജിത് പട്ടേൽ ഉടക്കിനു മുതിരില്ലെന്നാണു ഭരണകർത്താക്കൾ കരുതിയത്. പക്ഷേ, ഇപ്പോൾ പട്ടേലും പാരന്പര്യം കാത്തുസൂക്ഷിക്കുന്നു.
എന്നുമാത്രമല്ല; പട്ടേലിന്റെ അധികാരം വെട്ടിക്കുറച്ച് പണനയം തയാറാക്കാൻ പണനയകമ്മിറ്റി (എംപിസി) ഉണ്ടാക്കി, അതിലേക്കു നിയമിച്ച അംഗങ്ങളും നിലപാടു മാറ്റി.പലിശ കുറയ്ക്കണമെന്നു ഗവൺമെന്റ് രഹസ്യമായും പരസ്യമായും പറഞ്ഞു. എംപിസി അംഗങ്ങളെ ചർച്ചയ്ക്കും വിളിച്ചു. കാര്യം അറിയാമായിരുന്നതുകൊണ്ട് അവരാരും പോയില്ല. ഒടുവിൽ പലിശ കുറച്ചില്ല.
പരിഭവം
ഗവൺമെന്റിനു വലിയ സങ്കടം, പരിഭവം. മുഖ്യ സാന്പത്തിക ഉപദേഷ്ടാവിനെക്കൊണ്ട് അതു പറയിക്കുകയും ചെയ്തു.കഴിഞ്ഞ വർഷം ഒക്ടോബറിലാണു റീപോനിരക്ക് 6.25 ശതമാനമാക്കിയത്. ഇപ്പോഴും അതുതുടരുന്നു. വിലക്കയറ്റം കുറഞ്ഞല്ലോ, അതിനാൽ നിരക്ക് കുറയ്ക്കരുതോ എന്നാണു ഗവൺമെന്റിന്റെ ചോദ്യം.
കുറഞ്ഞ വിലക്കയറ്റം, നല്ല മൺസൂൺ സാധ്യത, പെട്രോളിയം വില കൂടാൻ സാധ്യതയില്ല. ഈ പശ്ചാത്തലത്തിൽ പലിശ കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നതു സ്വഭാവികം എന്നാണ് ധനമന്ത്രി അരുൺ ജയ്റ്റ്ലിയും പറഞ്ഞത്.
പക്ഷേ, പലിശ കുറച്ചില്ല.
ഉറച്ചുനിന്നു
വിലക്കയറ്റം ഇപ്പോൾ താണുനിൽക്കുന്നു. പക്ഷേ, ഏതവസരത്തിലും അത് ഉയരും. കേന്ദ്ര ശന്പള പരിഷ്കരണത്തിലെ അലവൻസുകൾ ഉടനെ പരിഷ്കരിച്ചേക്കും. നല്ല കാലവർഷം ഗ്രാമീണ ഡിമാൻഡ് കൂട്ടും. ഇതെല്ലാം വിലക്കയറ്റത്തിന് അനുകൂല സാഹചര്യങ്ങളാണ്.റിസർവ് ബാങ്ക് തങ്ങളുടെ കാഴ്ചപ്പാടിൽ ഉറച്ചുനിന്നു.
തോല്വി മറയ്ക്കണം
പലിശ കുറയ്ക്കണമെന്ന ഗവൺമെന്റ് ആവശ്യം വിലക്കയറ്റത്തെ മാത്രം ആധാരമാക്കിയുള്ളതല്ല. അതിലുള്ളത് മറ്റൊന്നാണ്. മൂന്നു വർഷം ഭരിച്ചു കഴിഞ്ഞപ്പോൾ ത്രൈമാസ വളർച്ച നിരക്ക് 6.1 ശതമാനത്തിലേക്കു താണു. നാലു വർഷത്തിനിടയിലെ ഏറ്റവും താണ നിരക്ക്.
ഇതു ചൈനയുടെ പിന്നിലാണെന്നതല്ല പ്രധാന കാര്യം. രാജ്യത്തു തൊഴിൽ ഉണ്ടാകുന്നില്ല. വർഷം ഒന്നരക്കോടി യുവാക്കൾ തൊഴിലർഥികളായി വരുന്പോൾ വ്യവസായ മേഖലയിൽ തൊഴിൽ വളർച്ച നാലു ശതമാനം മാത്രം. രാജ്യത്തെ മൊത്തം തൊഴിൽ വളർച്ച 1.9 ശതമാനത്തിൽ താഴെ.
പ്രതിയെ ഉണ്ടാക്കാൻ
ഇതിനൊരു പ്രതി വേണം. ആ പ്രതിയായി റിസർവ് ബാങ്കിനെ അവതരിപ്പിക്കുകയാണു ജയ്റ്റ്ലിയും മറ്റും ചെയ്തത്. അവർ നിരക്ക് കുറച്ചെങ്കിൽ ഇഷ്ടംപോലെ തൊഴിൽ ഉണ്ടാക്കാമായിരുന്നു എന്നൊരു ധ്വനിയാണു ധനമന്ത്രിയുടെ പ്രസ്താവനയിലുള്ളത്.
റിസർവ് ബാങ്ക് – ആദ്യം രഘുറാം രാജനും പിന്നെ പട്ടേലും – പലിശ കുറയ്ക്കാൻ എല്ലാം ചെയ്തതാണ്. 2014ൽ എട്ടു ശതമാനമായിരുന്ന റീപോനിരക്ക്. 2015 സെപ്റ്റംബർ ആയപ്പോൾ 6.75 ശതമാനമാക്കി. കഴിഞ്ഞ ഒക്ടോബറിൽ 6.25 ശതമാനവും.
ഇത്രയും കുറച്ചപ്പോൾ സംഭവിച്ചത് വളർച്ച എട്ടു ശതമാനത്തിൽനിന്ന് 6.1 ശതമാനത്തിലേക്കു താഴ്ന്നു എന്നതാണ്. അതുവഴി തൊഴിലും കുറഞ്ഞു. അനുകൂല ഘടകങ്ങൾ ഉണ്ടായിട്ടും പരാജയപ്പെട്ടു. കറൻസി റദ്ദാക്കൽപോലുള്ള അബദ്ധങ്ങളും നയപരമായ പാളിച്ചകളും ഒക്കെ അതിനു പിന്നിലുണ്ട്. അതൊക്കെ മറച്ചുവയ്ക്കാൻ ഇനി റിസർവ് ബാങ്കിനെ കുറ്റപ്പെടുത്തും.
റ്റി.സി. മാത്യു