മുംബൈ: വിയോജനം രേഖപ്പെടുത്തിക്കൊണ്ടാണു റിസർവ് ബാങ്ക് കറൻസി റദ്ദാക്കൽ തീരുമാനം അംഗീകരിച്ചതെന്നു തെളിഞ്ഞു. 2016 നവംബർ എട്ട് വൈകുന്നേരം 5.30നാണു റിസർവ് ബാങ്ക് ബോർഡ് യോഗം ചേർന്നത്.
പെട്ടെന്നു വിളിച്ചു കൂട്ടിയതിനാൽ കുറച്ച് അംഗങ്ങളേ സംബന്ധിച്ചുള്ളൂ. രാത്രി എട്ടിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 500 രൂപ, 1000 രൂപ നോട്ടുകൾ റദ്ദാക്കുന്ന വിവരം പരസ്യപ്പെടുത്തിയത്. ബോർഡ് യോഗത്തിന്റെ മിനിറ്റ്സ് ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.
ഗവൺമെന്റിന്റെ നോട്ട് റദ്ദാക്കൽ തീരുമാനം ശ്രദ്ധേയമാണെന്നു പറഞ്ഞ ബോർഡ് സുപ്രധാന നിരീക്ഷണങ്ങൾ എന്നു പറഞ്ഞാണ് ആറു ദൂഷ്യങ്ങൾ രേഖപ്പെടുത്തിയത്. ഹ്രസ്വകാലത്തിൽ ജിഡിപി വളർച്ചയിൽ പ്രതികൂല ഫലം ഉണ്ടാകും, കള്ളപ്പണം കറൻസിയായല്ല ഭൂമി, കെട്ടിടം, സ്വർണം എന്നിവയായാണു സൂക്ഷിക്കുന്നത്, രാജ്യത്തെ കറൻസി ലഭ്യത അമിതമല്ല, 400 കോടി രൂപയുടെ കള്ളനോട്ട് മൊത്തം കറൻസിയിൽ പ്രസക്തമായ ഒരു സംഖ്യയല്ല തുടങ്ങിയ കാര്യങ്ങളാണു ബോർഡ് ചൂണ്ടിക്കാട്ടിയത്
. ഈ വിയോജിപ്പുകൾ രേഖപ്പെടുത്തിയ യോഗത്തിന്റെ മിനിറ്റ്സിൽ 2016 ഡിസംബർ 15ന് ഗവർണർ ഉർജിത് പട്ടേൽ ഒപ്പുവച്ചു. ഈ രേഖ പരിശോധിച്ച് ഇന്ത്യൻ എക്സ്പ്രസ് പത്രമാണു വിവരം പുറത്തുവിട്ടത്.