ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ഡിസംബര്‍ 30 വരെ 5000 രൂപയില്‍ കൂടുതലുള്ള പഴയ 500, 1000 രൂപ നോട്ടുകള്‍ ഒരുതവണ മാത്രമേ ബാങ്കില്‍ നിക്ഷേപിക്കാനാകൂ എന്നായിരുന്നു ഉത്തരവ്.
ബാങ്ക് അക്കൗണ്ടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നതായി കണ്ടെത്തിയതോടെയാണ് പഴയ നോട്ടുകളുടെ നിക്ഷേപത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നായിരുന്നു ധനമന്ത്രാലയം വിശദീകരിച്ചത്. ഡിസംബര്‍ 30നു ശേഷം അസാധുവാക്കിയ 500 രൂപ, 1000 രൂപ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ കഴിയില്ലെന്നും അറിയിച്ചിരുന്നു. പണം റിസര്‍വ് ബാങ്ക് ശാഖകളിലേ ഇനി അടയ്ക്കാനാകൂ എന്നും 5000 രൂപയ്ക്കു മുകളില്‍ വിവിധ തവണകളായി പഴയ നോട്ടുകള്‍ നിക്ഷേപിച്ചാലും കര്‍ശന പരിശോധനകള്‍ക്കു വിധേയമാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
അയ്യായിരം രൂപയിലധികമുള്ള പഴയ നോട്ടുകള്‍ നിക്ഷേപിക്കാനെത്തുന്നവര്‍ ഇതു വരെ പണം നിക്ഷേപിക്കാതിരുന്നതിനുള്ള കാരണം ബാങ്ക് ഉദ്യോഗസ്ഥരോടു വ്യക്തമാക്കണമെന്നും നിക്ഷേപം സംബന്ധിച്ചു രണ്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ നിക്ഷേപകരെ ചോദ്യം ചെയ്യുമെന്നുമെല്ലാം പുതിയ വ്യവസ്ഥയിലുണ്ടായിരുന്നു. ഇതു സംബന്ധിച്ചുള്ള നിക്ഷേപകരുടെ വിശദീകരണം റിക്കാര്‍ഡ് ചെയ്യുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ നല്‍കുന്ന വിശദീകരണം തൃപ്തികരമാണെങ്കില്‍ മാത്രമേ ബാങ്കില്‍ പണം സ്വീകരിക്കൂ എന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരുന്നു.
വിശദീകരണത്തില്‍ സംശയം തോന്നിയാല്‍ തുടര്‍ന്നു വിശദമായ പരിശോധനകള്‍ക്കു വിധേയമാക്കാമെന്നും ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലുണ്ടായിരുന്നു. ഇത്തരം നിയന്ത്രണങ്ങളാണ് വ്യാപക എതിര്‍പ്പിനെത്തുടര്‍ന്ന് പിന്‍വലിച്ചത്.