മുംബൈ/ന്യൂഡല്‍ഹി: ഒരു കോടി രൂപ വരെയുള്ള ബാങ്ക് വായ്പകളുടെ തിരിച്ചടവിന് 60 ദിവസംകൂടി അനുവദിച്ചു. നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ അടയ്ക്കേണ്ട തുകകള്‍ക്കും ഗഡുക്കള്ക്കുമാണ് ഈ ആനുകൂല്യം. ഭവനവായ്പ, വാഹനവായ്പ, കാര്‍ഷികവായ്പ എന്നിവയടക്കം എല്ലാ വായ്പകള്‍ക്കും ഇളവ് ബാധകമാണ്. നവംബര്‍ ഒന്നിനു മുമ്പു നല്‍കേണ്ടിയിരുന്ന ഗഡുക്കള്‍ക്കും തിരിച്ചടവിനും ഈ ആനുകൂല്യമില്ല. ഡിസംബര്‍ 31–നു ശേഷമുള്ളവയ്ക്കും ഇല്ല.
റിസര്‍വ് ബാങ്ക് ഇന്നലെ ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ വരുന്ന എല്ലാ ധനകാര്യസ്ഥാപനങ്ങള്‍ക്കും ഇതു ബാധകമാണ്. പൊതുമേഖലയിലേതടക്കം വാണിജ്യബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്സി), മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍, ഭവനവായ്പാ കമ്പനികള്‍ എന്നിവയ്ക്കാണ് ഈ നിര്‍ദേശം ബാധകമാകുക. ഈ സ്ഥാപനങ്ങളില്‍നിന്നെടുത്ത ഒരു കോടിയില്‍ താഴെയുള്ള വായ്പകള്‍ക്കും വര്‍ക്കിംഗ് ക്യാപ്പിറ്റല്‍ അക്കൗണ്ടുകള്‍ക്കും (ഓവര്‍ഡ്രാഫ്റ്റും കാഷ് ക്രെഡിറ്റും അടക്കം) ഇതു ബാധകമാണ്. ഒരുകോടിയില്‍ താഴെയുള്ള ടേം ലോണുകള്‍, പണയമുള്ളതും ഇല്ലാത്തതുമായ വായ്പകള്‍, പേഴ്സണല്‍ വായ്പകള്‍ എന്നിവയ്ക്കും ഇതു ബാധകമാണ്.
കുടിശികയാവുകയും നിഷ്ക്രിയ ആസ്തി (എന്‍പിഎ) ആയി പട്ടികയില്‍ പെടുത്തുകയും ചെയ്ത വായ്പകള്‍ക്ക് ഈ നിര്‍ദേശപ്രകാരമുള്ള ആനുകൂല്യം ലഭിക്കില്ല.
നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലത്തു ഗഡുവടയ്ക്കാതെ കുടിശിക വരുന്ന വായ്പകള്‍ നിഷ്ക്രിയമോ അങ്ങനെയാകാവുന്നതോ ആയി പ്രഖ്യാപിക്കുന്നതിന് 60 ദിവസംകൂടി സാവകാശം റിസര്‍വ് ബാങ്ക് നല്‍കിയതിനെത്തുടര്‍ന്നാണ് വായ്പയെടുത്തവര്‍ക്ക് ഈ സാവകാശം കിട്ടുന്നത്.
നോട്ടുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്നു ബാങ്കുകളേക്കാള്‍ ഉപരിയായി മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളും എന്‍ബിഎഫ്സികളും ബുദ്ധിമുട്ടിലായിരുന്നു. ബന്ധന് ബാങ്ക് സാരഥി ചന്ദ്രശേഖര്‍ ഘോഷ് പറയുന്നത് 10 ദിവസം കൊണ്ടു മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് 1700 കോടി രൂപ നഷ്ടംവന്നെന്നാണ്. ഇപ്പോള്‍ ബാങ്ക് ആയ ബന്ധന് മുമ്പ് മൈ ക്രോഫിനാന്‍സ് സ്ഥാപനമായി രുന്നു.
നവംബര്‍ എട്ടിന് 500 രൂപ, 1000 രൂപ നോട്ടുകള്‍ റദ്ദാക്കിക്കൊണ്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തെത്തുടര്‍ന്നുള്ള സാമ്പത്തിക കോളിളക്കം പരിഗണിച്ചാണ് ഈ നടപടികള്‍. വേണ്ടത്ര കറന്‍സി ലഭിക്കാത്തതുമൂലം ജനങ്ങള്‍ക്ക് ഇടപാടുകള്‍ മുടങ്ങിയിരിക്കുകയാണെന്ന് ഈ നടപടിയിലൂടെ ഗവണ്മെന്റും റിസര്‍വ് ബാങ്കും ഏറ്റു പറയുകയാണ്.
ഇതിനിടെ, കര്‍ഷകര്‍ക്കു വിത്തുവാങ്ങാന്‍ റദ്ദായ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കാമെന്നു ഗവണ്മെന്റ് അറിയിച്ചു. കേന്ദ്ര– സംസ്ഥാന ഗവണ്മെന്റുകളുടെ സ്ഥാപനങ്ങളിലോ കാര്‍ഷിക സര്വകലാശാലകളിലോനിന്നു വാങ്ങുന്നതിനാണ് അനുമതി. പൊതുമേഖലാ സ്ഥാപനങ്ങള്‍, പൊതു മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍, ദേശീയ തലത്തിലും സംസ്ഥാനതലത്തിലുമുള്ള വിത്തുവിതരണ ഏജന്‍സികള്‍ എന്നിവിടങ്ങളിലും ഇതുപയോഗിക്കാം.
കര്‍ഷകര്‍ ഐഡന്റിറ്റി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. ഉത്തരേന്ത്യയില്‍ റാബി (മകര) കൃഷിക്കുള്ള വിത്തു വില്പന ഈ ദിവസങ്ങളില്‍ നിലച്ചിരുന്നു. ഖാരിഫ് (കന്നി) കൊയ്ത്തിലെ ഉത്പന്നങ്ങളുടെ വില ലഭിക്കാത്തതുമൂലം വിത്തും വളവും വാങ്ങാന്‍ പണമില്ലാത്ത നിലയിലാണു കര്‍ഷകര്‍. ബാങ്ക് വായ്പകളും ലഭിക്കുന്നില്ല. കര്‍ഷകര്‍ക്ക് 25,000 രൂപ വരെ വായ്പ അനുവദിക്കാന്‍ ശനിയാഴ്ച കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു.
ചെറുകിട ബിസിനസുകാര്‍ക്ക് മൂന്നുമാസമെങ്കിലും പ്രവര്‍ത്തനനിരതമായിരുന്ന ഓവര്‍ഡ്രാഫ്റ്റ് /കാഷ് ക്രെഡിറ്റ് (ഒഡി/ഡിഡി) അക്കൗണ്ടുകളില്‍നിന്ന് ആഴ്ചയില്‍ 50,000 രൂപ വീതം പിന്‍വലിക്കാനും റിസര്‍വ് ബാങ്ക് അനുവാദം നല്കി. നേരത്തേ കറന്റ് അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കാനേ അനുവദിച്ചിരുന്നുള്ളൂ.