മുംബൈ: ലാഭം മുഴുവനും ഗവൺമെന്റിനു കൈമാറണമെന്ന ആവശ്യം നിലനിൽക്കെ റിസർവ് ബാങ്ക് കേന്ദ്ര ബോർഡ് യോഗം നീട്ടിവച്ചു. ഈ ശനിയാഴ്ച ചേരാനിരുന്നത് 18-ലേക്കാണു മാറ്റിയത്.
കേന്ദ്ര ബജറ്റ് കഴിഞ്ഞാൽ ബോർഡ് യോഗം ചേരുന്നതു പതിവാണ്. ധനമന്ത്രി ഈ യോഗത്തെ അഭിസംബോധന ചെയ്യും.ഗവൺമെന്റിനു നൽകുന്ന ഇടക്കാല ലാഭവീതം സംബന്ധിച്ചും യോഗം ചർച്ചചെയ്യും. കഴിഞ്ഞ ധനകാര്യ വർഷം 10,000 കോടി രൂപ ഇടക്കാല ലാഭവീതമായി നൽകിയിരുന്നു. ജൂണിൽ റിസർവ് ബാങ്കിന്റെ സാന്പത്തികവർഷം അവസാനിച്ചശേഷം ഓഗസ്റ്റിൽ 40,000 കോടി രൂപ ലാഭവീതമായി നൽകി.
ഇത്തവണ 28,000 കോടി രൂപ ഇടക്കാല ലാഭവീതമായി നൽകണമെന്നു സർക്കാർ ആവശ്യപ്പെട്ടതായാണു റിപ്പോർട്ട്. അതു ലഭിച്ചാൽ 2018-19 ലെ ബജറ്റിലേക്കു റിസർവ് ബാങ്കിൽനിന്ന് 68,000 കോടി രൂപ ലഭിക്കും. 2019-20 ലേക്ക് 69,000 കോടി രൂപയാണു ധനമന്ത്രാലയം ആവശ്യപ്പെടുന്നത്.
റിസർവ് ബാങ്കിന്റെ ലാഭം മുഴുവൻ ബജറ്റിലേക്കു നൽകണമെന്നാണു ഗവൺമെന്റ് കുറേ നാളായി ആവശ്യപ്പെടുന്നത്. ലാഭത്തിൽ ചെറിയൊരു ഭാഗം റിസർവ് ബാങ്ക് കരുതൽ ധനമായി മാറ്റാറുണ്ട്. അതുവേണ്ടെന്നാണു ഗവൺമെന്റ് വാദം. വിദേശ നാണ്യത്തിന്റെ വിനിമയനിരക്കു കൂടുകയും കയറുകയും ചെയ്യുന്പോഴും മറ്റും വരാവുന്ന നഷ്ടം കണക്കിലെടുത്താണു റിസർവ് ബാങ്ക് കരുതൽ ശേഖരമുണ്ടാക്കുന്നത്. 2016-17 ൽ 13,140 കോടിയും 2017-18 ൽ 14,190 കോടിയും ഇങ്ങനെ കരുതൽ ശേഖരത്തിലേക്കു മാറ്റിയിട്ടുണ്ട്.
നികുതി വരുമാനം കുറഞ്ഞതുമൂലമാണു ഗവൺമെന്റ് റിസർവ് ബാങ്കിൽനിന്നു കൂടുതൽപണം തേടുന്നത്. ജിഎസ്ടിയിൽ കേന്ദ്രം പ്രതീക്ഷച്ച 7.44 ലക്ഷം കോടിയുടെ സ്ഥാനത്ത് 6.44 കോടിയേ കിട്ടൂ എന്നാണു പുതുക്കിയ എസ്റ്റിമേറ്റിൽ പറയുന്നത്.