നോട്ട് നിരോധനം പ്രാബല്യത്തില്‍ വന്നപ്പോള്‍ എങ്ങനെ ജീവിക്കും എന്നതിനോടൊപ്പം പലരും ചിന്തിച്ച ഒരു കാര്യമുണ്ട്. റിസര്‍വ്വ് ബാങ്കില്‍ തിരിച്ചെത്തിയ നോട്ടുകള്‍ മുഴുവന്‍ എന്തു ചെയ്യുമെന്നത്. എന്നാല്‍ ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തമിഴ്‌നാട്ടിലെ പുഴല്‍ സെന്‍ട്രല്‍ പ്രിസണിലെ തടവുകാര്‍ സ്റ്റേഷനറി വസ്തുക്കള്‍ നിര്‍മ്മിക്കുന്നത് നിരോധിച്ച നോട്ടുകളില്‍ നിന്നാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയ്ക്കും മറ്റ് ഏജന്‍സികളിലേക്കുമുള്ള ഫയല്‍ ഉള്‍പ്പടെയുള്ള വസ്തുക്കളാണ് ഇപ്രകാരം നിരോധിച്ച നോട്ടുകള്‍ കൊണ്ട് ഉണ്ടാക്കുന്നത്. ജയിലില്‍ മികച്ച പരിശീലനം നേടിയ മുപ്പതോളം വരുന്ന തടവുകാരാണ് ഇത്തരത്തില്‍ സ്‌റ്റേഷനറി വസ്തുക്കള്‍ നിര്‍മ്മിക്കുന്നത്. കൈകൊണ്ട് തുന്നിയെടുക്കാന്‍ കഴിയുന്ന ഫയലുകളാണ് ഇവര്‍ പ്രധാനമായും നിര്‍മ്മിച്ചെടുക്കുന്നത്.
റിസര്‍വ്വ് ബാങ്കിന്റെ പ്രത്യേകാനുമതിയോടെയാണ് ഇവര്‍ക്ക് നിരോധിച്ച നോട്ടുകള്‍ ലഭ്യമാക്കുന്നത്. റിസര്‍വ്വ് ബാങ്കില്‍നിന്നും 70 ടണ്‍ നിരോധിച്ച നോട്ടുകള്‍ നല്‍കാമെന്ന് പറഞ്ഞെങ്കിലും ആദ്യഘട്ടത്തില്‍ ഒമ്പത് ടണ്ണോളമാണ് ഈ ജയിലിലേക്ക് സ്റ്റേഷനറി നിര്‍മ്മാണത്തിനായി കൊണ്ടുവരുന്നതെന്ന് തമിഴ്‌നാട് ജയില്‍ ഡിഐജി എ.മുരുകേശന്‍ പറയുന്നു. ഇതില്‍ 1.5 ടണ്‍ കറന്‍സി ഉപയോഗിച്ചാണ് ഫയലുകള്‍ നിര്‍മ്മിക്കുന്നത്. 1000 രൂപാ നോട്ടുകളാണ് കൂടുതലായും ഉപയോഗിക്കുന്നതെന്ന് ഡിഐജി പറയുന്നു. നിരോധിച്ച നോട്ടുകള്‍ ആദ്യം പള്‍പ്പ് രൂപത്തിലാക്കുന്നു. പിന്നീട് മോള്‍ഡുകളിലൊഴിച്ചാണ് ഫയലുകള്‍ ഉണ്ടാക്കുന്നത്. എല്ലാ കാര്യങ്ങളും തടവുകാര്‍ തന്നെയാണ് ചെയ്യുന്നതെന്നും ജയില്‍ അധികൃതര്‍ പറയുന്നു.