കൊല്ലം: ക്യൂആർ കോഡ് വഴി പരിശോധിച്ച് ഉറപ്പിച്ച സാമ്പത്തിക വിവരങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ വാട്സാപ് ചാനൽ ആരംഭിച്ചു. സാമ്പത്തിക സാക്ഷരത, തട്ടിപ്പ് തടയൽ, സുരക്ഷിതമായ ബാങ്കിംഗ് രീതികൾ എന്നിവയെ കുറിച്ചുള്ള പൊതുജന അവബോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആർബിഐ അവരുടെ വെരിഫൈഡ് വാട്സാപ് ചാനൽ തുടങ്ങിയത്.
റിസർവ് ബാങ്ക് നൽകുന്ന ഒരു ക്യൂആർ കോഡ് ഉപയോഗിച്ച് പുതിയ ചാനൽ ആക്സസ് ചെയ്യാൻ ചെയ്യും. ലളിതമായ ഈ പ്രക്രിയയിലൂടെ ആൾക്കാർക്ക് വളരെ പെട്ടെന്ന് തന്നെ ചാനലിൽ അംഗമാകാൻ സാധിക്കും.ഇത് രാജ്യത്ത് ഉടനീളമുള്ള ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട് ഫോണുകളിൽ നേരിട്ട് പ്രധാന സാമ്പത്തിക അപ്ഡേറ്റുകൾ ലഭ്യമാകുന്നതിന് സഹായിക്കും.
എസ്എംഎസ്, ടെലിവിഷൻ, ഡിജിറ്റൽ പരസ്യങ്ങൾ തുടങ്ങിയ വിവിധ ആശയ വിനിമയ മാധ്യമങ്ങൾ വഴി അവബോധം വ്യാപിപ്പിക്കുന്നതിന് ബാങ്കിന്റെ ” ആർബിഐ കഹ്താ ഹേ” എന്ന പൊതു പ്രചാരണ പരിപാടിയുടെ ഭാഗമായാണ് സംരംഭം. രാജ്യത്ത് ഏറ്റവും വ്യാപകമായ സന്ദേശം അയക്കൽ പ്ലാറ്റ്ഫോമുകളിൽ ഒന്നായ വാട്സാപുമായി സംയോജിപ്പിച്ചാണ് ഇത് പ്രവർത്തിക്കുക.
വിദൂര പ്രദേശങ്ങളിലും ബാങ്കിംഗ് സേവനങ്ങൾ കുറഞ്ഞ പ്രദേശങ്ങളിൽ ഉള്ളവർക്കും സുപ്രധാന വിവരങ്ങൾ പരമാവധി വേഗം എത്തിക്കുക എന്നതാണ് ആർബിഐ ഇതുവഴി ലക്ഷ്യമിടുന്നത്.രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ വർധിച്ച് വരുമ്പോഴും മുതിർന്ന ജനസംഖ്യയുടെ 40 പേർ ഡിജിറ്റൽ സാമ്പത്തിക വലയ്ക്ക് പുറത്താണെന്നാണ് റിസർവ് ബാങ്കിന്റെ കണ്ടെത്തൽ.
സമയബന്ധിതവും ആക്സസ് ചെയ്യാവുന്നതുമായ സാമ്പത്തിക വിദ്യാഭ്യാസത്തിലൂടെ പുതിയ വാട്സാപ് ചാനൽ ഈ വിടവ് നികത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇന്ത്യയുടെ വളർന്നുവരുന്ന ഡിജിറ്റൽ സാമ്പത്തിക ആവാസ വ്യവസ്ഥയിൽ പൊതുജന വിശ്വാസവും പ്രതിരോധ ശേഷിയും വളർത്തിയെടുക്കുന്നതിന് കൂടിയാണ് ആർബിഐ ഇത്തരമൊരു സംരംഭം രൂപകൽപ്പന ചെയ്തിട്ടുള്ളത്.ഭൂമിശാസ്ത്രപരമായ സ്ഥാനങ്ങൾ പരിഗണിക്കാതെ എല്ലാ ഇന്ത്യൻ പൗരന്മാരിലേക്കും എത്തിച്ചേരുക എന്ന ദൗത്യവും ചാനലിന് പിന്നിലുണ്ട്.
- എസ് ആർ. സുധീർ കുമാർ