നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്കിന്റെ പണനയ അവലോകനം. റീപോ അടക്കം പലിശയെ ബാധിക്കുന്ന നിരക്കുകൾ മാറ്റിയില്ല. പണലഭ്യതയെ ബാധിക്കുന്ന വിവിധ അനുപാതങ്ങളും മാറ്റിയില്ല. റീപോ നിരക്ക് ആറു ശതമാനത്തിൽ തുടരും.
എന്നാൽ, മുന്നോട്ടു കാര്യങ്ങൾ സുഗമമല്ലെന്നു പണനയ കമ്മിറ്റി(എംപിസി)യുടെ ദ്വിദിന യോഗത്തിനുശേഷം റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ പറഞ്ഞു. വിലക്കയറ്റം കൂടും; വളർച്ചത്തോത് മുന്പു പ്രതീക്ഷിച്ചത്ര വരില്ല: ഇതാണു പട്ടേലും എംപിസിയും നല്കുന്ന സന്ദേശം. ധനകമ്മി പരിധി പാലിക്കുന്നതിൽ റിസർവ് ബാങ്ക് അതൃപ്തി പ്രകടിപ്പിച്ചു.
മാർച്ചിൽ അവസാനിക്കുന്ന ത്രൈമാസത്തിൽ 5.1 ശതമാനമാണു ബാങ്ക് പ്രതീക്ഷിക്കുന്ന ചില്ലറ വിലക്കയറ്റം. ഏപ്രിൽ – സെപ്റ്റംബറിലേക്കു പ്രതീക്ഷ 5.1 മുതൽ 5.6 വരെ ശതമാനമാണ്. ഒക്ടോബർ മുതൽ വിലക്കയറ്റം കുറഞ്ഞ് 2019 മാർച്ചോടെ 4.5-4.6 ശതമാനത്തിൽ എത്താം.
ഇതേസമയം, വളർച്ചപ്രതീക്ഷ അല്പം കുറയുന്നതായും റിസർവ് ബാങ്ക് പറഞ്ഞു. മാർച്ചിൽ അവസാനിക്കുന്ന വർഷം മൊത്ത മൂല്യവർധന (ജിവിഎ-പരോക്ഷനികുതികൾ ഒഴിവാക്കിയുള്ള ജിഡിപി എന്നു വിശാലമായി പറയാം) 6.7 ശതമാനമാണു ബാങ്ക് പ്രതീക്ഷിച്ചിരുന്നത്. അത് 6.6 ശതമാനമായി താഴ്ത്തി. അടുത്ത വർഷത്തെ പ്രതീക്ഷ 7.2 ശതമാനം.
ഇതു രണ്ടും ഗവൺമെന്റിന്റെ പ്രതീക്ഷയുടെ താഴെയാണ്. വളർച്ച ഭദ്രമായ പാതയിലായിട്ടില്ല എന്നർഥം. വളർച്ച നിരക്ക് കൂട്ടാൻ ഗവൺമെന്റ് കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടിയിരിക്കുന്നു. ഇപ്പോൾ കാണുന്നതു വളർച്ച മെച്ചപ്പെടുന്നതിന്റെ പ്രാരംഭസൂചനകൾ മാത്രമാണ്. പക്ഷേ വിലക്കയറ്റം ഭീഷണിയാണ്. വില വീണ്ടും കൂടിയാൽ വളർച്ചയ്ക്കു തടസം വരും. ഗവൺമെന്റ് കമ്മി നിയന്ത്രിച്ചില്ലെങ്കിൽ അപകടമാണെന്നും പട്ടേൽ മുന്നറിയിപ്പ് നല്കി.
റിസർവ് ബാങ്കിന് ഈ സാഹചര്യത്തിൽ പലിശനിരക്ക് മാറ്റമില്ലാതെ നിർത്തുകയേ മാർഗമുണ്ടായിരുന്നുള്ളൂ. ആറംഗ കമ്മിറ്റിയിൽ എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ പട്ര മാത്രം നിരക്ക് കൂട്ടണമെന്നു വാദിച്ചു.
ഏപ്രിൽ അഞ്ചിന് ഒരുപക്ഷേ നിരക്ക് കൂട്ടേണ്ട സാഹചര്യം ഉണ്ടാകാം. വിലക്കയറ്റം, വളർച്ച, ധനകമ്മി ഇവയെല്ലാം പരിഗണിച്ചാകും അന്നു തീരുമാനം.
റ്റി.സി. മാത്യു