റായ്പുർ: സെൽഫിയെടുക്കുന്നതിനിടെ 96,000 രൂപ വിലയുള്ള മൊബൈൽ ഫോൺ വെള്ളത്തിൽ പോയത് തിരിച്ചെടുക്കാനായി റിസർവോയർ വറ്റിച്ച് സർക്കാർ ഉദ്യോഗസ്ഥൻ.
ഛത്തീസ്ഗഢിലാണ് സംഭവം. മൂന്ന് ദിവസമെടുത്ത് 15അടി താഴ്ചയുള്ള വെള്ളമാണ് 30 എച്ച്പി കൂറ്റൻ പമ്പ് ഉപയോഗിച്ച് ഇയാൾ വറ്റിച്ചത്. ഏകദേശം 1500 ഏക്കർ ജലസേചനത്തിനുപയോഗിക്കാവുന്ന 21ലക്ഷം ലിറ്റർ വെള്ളം ഇയാൾ പാഴാക്കി.
ഭക്ഷ്യവകുപ്പിലെ ഓഫീസറായ രാജേഷ് വിശ്വാസ് എന്നയാളാണ് ഫോൺ വീണ്ടെടുക്കുന്നതിനായി ഇങ്ങനെ ചെയ്തത്. സംഭവം പുറത്തറിഞ്ഞതോടെ ഇയാളെ സസ്പെൻഡ് ചെയ്യുകയും കൂട്ടുനിന്ന മറ്റൊരു ഉദ്യോഗസ്ഥന്റെ ശമ്പളം പിടിച്ചുവയ്ക്കുകയും ചെയ്തു.
വെള്ളം ഉപയോഗയോഗ്യമല്ലെന്ന് മേലുദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്നാണ് വറ്റിച്ചതെന്നാണ് ഇയാളുടെ വിശദീകരണം.