ന്യൂഡൽഹി: കറൻസി റദ്ദാക്കി 13 മാസം കഴിഞ്ഞപ്പോൾ രാജ്യത്തു പ്രചാരത്തിലുള്ളത് പഴയതിന്റെ 92.5 ശതമാനം കറൻസി. റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കനുസരിച്ച് ഈ മാസം ഒന്നിനു രാജ്യത്തു പ്രചാരത്തിലുള്ളത് 16.62 ലക്ഷം കോടി രൂപയ്ക്കുള്ള കറൻസിയാണ്. കഴിഞ്ഞവർഷം നവംബർ നാലിനു പ്രചാരത്തിലുണ്ടായിരുന്നത് 17.97 ലക്ഷം കോടി രൂപയ്ക്കുള്ള കറൻസി.
കഴിഞ്ഞവർഷം 500 രൂപ, 1000 രൂപ കറൻസികളാണു റദ്ദാക്കിയത്. പ്രചാരത്തിലിരുന്നതിൽ 16,000 കോടി രൂപയുടേതൊഴിച്ചുള്ള കറൻസി റിസർവ് ബാങ്കിൽ തിരിച്ചെത്തി. റദ്ദാക്കപ്പെട്ടവയ്ക്കു പകരം 2000 രൂപ, 500 രൂപ, 200 രൂപ കറൻസികൾ റിസർവ് ബാങ്ക് പുറത്തിറക്കി.
രാജ്യത്ത് ഉയർന്ന മൂല്യമുള്ള കറൻസികൾ അധികമുള്ളത് കള്ളപ്പണം വർധിക്കാനും അഴിമതിയും ഭീകരപ്രവർത്തനവും കൂടാനും ഇടയാക്കുമെന്നാണു ഗവൺമെന്റ് പറഞ്ഞിരുന്നത്. കറൻസി ലഭ്യത കുറയ്ക്കുമെന്നും പറഞ്ഞിരുന്നു. കറൻസി -ജിഡിപി അനുപാതം ഗണ്യമായി കുറയ്ക്കുക എന്നലക്ഷ്യവും പറഞ്ഞു.
ഇടപാടുകൾ കറൻസി രഹിതമാക്കാൻ നിരവധി നടപടികൾ എടുക്കുകയും ചെയ്തു. പക്ഷേ 13 മാസം കഴിഞ്ഞപ്പോൾ പ്രായോഗികമായി പഴയതിനൊപ്പം കറൻസി രാജ്യത്ത് പ്രചാരത്തിലിരിക്കുന്നു.