കൊച്ചി: എസ്എൻഡിപി യോഗത്തിൽ ഉടൻ റിസീവർ ഭരണം വരുമെന്നു ചില മാന്യമാർ പറയുന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നു യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാലാരിവട്ടത്തുള്ള കണയന്നൂർ യൂണിയൻ ആസ്ഥാനത്ത് എസ്എൻഡിപി യോഗം മധ്യമേഖലാ യൂണിയൻ ഭാരവാഹികളുടെ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തെ തകർക്കാൻ ലക്ഷ്യമിട്ടു ചിലർ കിംവദന്തികൾ പ്രചരിപ്പിക്കുകയാണ്. യോഗത്തിലും എസ്എൻ ട്രസ്റ്റിലും ഒരു ചുക്കും സംഭവിക്കില്ല. ജനാധിപത്യരീതിയിലുള്ള ഭരണം തുടരും. എന്നെ ജയിലിലടയ്ക്കുമെന്നാണു പറയുന്നത്. അതു ചിലരുടെ ജല്പനങ്ങൾ മാത്രമാണ്. തെറ്റായ പ്രചാരണങ്ങളിൽ ആരും വീഴരുതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
തന്നെയും പിതാവിനെയും കൂട്ടായി ആക്രമിച്ചു യോഗനേതൃത്വം പിടിച്ചെടുക്കാൻ ചിലർ വ്യാജ ആരോപണങ്ങൾ നിരത്തുകയാണെന്നു യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ഒരു കഴന്പുമില്ലാത്ത ആരോപണങ്ങളാണു തട്ടിവിടുന്നത്. യോഗത്തെ ഒരിക്കലും ആർക്കും തകർക്കാനാവില്ലെന്നും തുഷാർ പറഞ്ഞു. അഡ്വ. കെ. രാജൻബാബുവും പ്രസംഗിച്ചു.