മുംബൈ: റിസർവ് ബാങ്ക് ഇന്നു പലിശനിരക്ക് കൂട്ടുമോ ഇല്ലയോ? ധനകാര്യ നിരീക്ഷകർ രണ്ടു തട്ടിലാണ്. ഭൂരിപക്ഷം പേർ ഇന്നു നിരക്ക് കൂട്ടില്ലെന്നു പറയുന്നു. മറ്റുള്ളവർ ഇന്നു കൂട്ടുമെന്നും. 2014 ജനുവരിക്കുശേഷം റിസർവ് ബാങ്ക് പലിശനിരക്ക് വർധിപ്പിച്ചിട്ടില്ല.
എല്ലാവരും സമ്മതിക്കുന്ന കാര്യമുണ്ട്. ഈ ധനകാര്യവർഷം രണ്ടുതവണയെങ്കിലും റീപോ നിരക്ക് കൂട്ടും. അതു ജൂണിൽ തുടങ്ങുമോ ഓഗസ്റ്റിൽ തുടങ്ങുമോ എന്നതിലാണു തർക്കം.പലിശനിരക്കിന്റെ ഗതി ഇനി മുകളിലോട്ടാണ്. പല കാരണങ്ങൾ അതിനുണ്ട്. ഏറ്റവും പ്രധാനം അമേരിക്ക പലിശ കൂട്ടുന്നതാണ്. അവർ പലിശ കൂട്ടുന്പോൾ നിക്ഷേപം അങ്ങോട്ടു പായും. അതു പിടിച്ചുനിർത്താൻ ഇവിടെയും പലിശ കൂട്ടിയേ മതിയാകൂ.
ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 75 ഡോളറിനടുത്താണ്. 80 വരെ കയറിയിട്ടു താണതാണത്. ഇനിയും കയറുമെന്നാണു പലരും കരുതുന്നത്. ക്രൂഡ് ഉയർന്നുനില്ക്കുന്നതു വിലക്കയറ്റം കൂട്ടും. ജനുവരി ഒന്നിനുശേഷം ക്രൂഡ് വില 15 ശതമാനം കയറി.
രാജ്യത്ത് ചില്ലറ വിലക്കയറ്റം കൂടിവരികയാണ്. സേവനമേഖലയിലെ വിലക്കയറ്റം ആറു ശതമാനം കവിഞ്ഞു. ഇതെല്ലാം നിരക്ക് കൂട്ടാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. ജനുവരി-മാർച്ചിലെ ഉയർന്ന ജിഡിപി വളർച്ച (7.7 ശതമാനം)യും നിരക്ക് കൂട്ടുന്നതിന് അനുകൂലമാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ റിപ്പോർട്ടായ ഇക്കോറാപ് പലിശ കൂട്ടില്ലെന്ന അഭിപ്രായമാണു പ്രകടിപ്പിച്ചത്. ഡിബിഎസ് ഗ്രൂപ്പിന്റെ ഇന്ത്യ ഇക്കണോമിസ്റ്റ് രാധിക റാവു ഇന്നുതന്നെ നിരക്ക് കൂട്ടുമെന്നു കരുതുന്നു. കൊട്ടക് ഇന്റർനാഷണൽ ഇക്വിറ്റീസിന്റെ വിലയിരുത്തലിൽ ഇന്നു നിരക്ക് കൂട്ടില്ല. ഓഗസ്റ്റിലേ കൂട്ടൂ.
സാധാരണ രണ്ടു ദിവസം ചേരുന്ന പണനയ കമ്മിറ്റി ഇത്തവണ മൂന്നു ദിവസമാണു ചേരുന്നത്. തിങ്കളാഴ്ച ആരംഭിച്ച യോഗത്തിന്റെ തീരുമാനം ഇന്ന് 2.30നു പുറത്തുവിടും.റീപോ നിരക്ക്: തീർത്തും ഹ്രസ്വകാല ആവശ്യത്തിനു വാണിജ്യബാങ്കുകൾ റിസർവ് ബാങ്കിൽനിന്നു പണം വായ്പയെടുക്കുന്പോൾ ഈടാക്കുന്ന പലിശ. ഇപ്പോൾ ആറു ശതമാനമാണിത്. ഇതു കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതനുസരിച്ച് ബാങ്ക് മേഖലയിലെ മറ്റു പലിശകൾ നീങ്ങും.