ഉച്ചഭക്ഷണത്തോടുകൂടി സമാപിക്കുന്ന പതിവ് ഡയറക്ടർ ബോർഡ് യോഗമല്ല റിസർവ് ബാങ്ക് ഇന്നലെ നടത്തിയത്. രാവിലെ പത്തര മുതൽ സന്ധ്യക്ക് ഏഴര വരെ നീണ്ടു അത്. ഗൗരവമായിരുന്നു ചർച്ച എന്നു വ്യക്തം. ഒന്പതു മണിക്കൂർ മാരത്തൺ ബോർഡ് യോഗം എല്ലാ തർക്കവിഷയങ്ങളും സ്പർശിച്ചു. ബോർഡിലെ 18 അംഗങ്ങളും മുഴുവൻ നേരവും പങ്കെടുത്തു.
തുറന്ന മനസോടെയായിരുന്നു ചർച്ചകൾ എന്നാണ് പുറത്തുവരുന്ന വിവരം. ഏറ്റവും വലിയ വിവാദവിഷയം റിസർവ് ബാങ്കിന്റെ കരുതൽ ധനം ആയിരുന്നല്ലോ. ഉച്ചവരെ ബാങ്കിന്റെ ആസ്തി ബാധ്യതകളും കരുതൽ ധനവും സംബന്ധിച്ച ഒരു പ്രസന്റേഷന് ആയിരുന്നു. കരുതൽ ധനം എന്തിനാണെന്നും വാർഷിക മിച്ചത്തിൽനിന്നു കരുതലിലേക്കു തുക മാറ്റുന്നത് എന്തിനൊക്കെയാണെന്നും അതിൽ വിശദീകരിച്ചു. ഈ വിശദീകരണം പിന്നീടുള്ള ചർച്ചകൾ ശാന്തമാകാൻ സഹായിച്ചു.
ഓരോ വർഷവും മിച്ചവരുമാനത്തിൽനിന്ന് എത്രമാത്രം സർക്കാരിലേക്കു നല്കണം, കരുതൽ ധനത്തിൽനിന്നു സർക്കാർ പണം ആവശ്യപ്പെടുന്നത് എങ്ങനെ കൈകാര്യം ചെയ്യണം എന്നത് ഒരു കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടതാണ് ഏറ്റവും പ്രധാന തീരുമാനം. ഇതു കമ്മിറ്റിക്കു വിട്ട് നീട്ടിക്കൊണ്ടു പോകരുത് എന്നായിരുന്നു സർക്കാർ നിലപാട്. കമ്മിറ്റി കുറേ മാസമെടുത്തേ റിപ്പോർട്ട് തയാറാക്കൂ എന്നുവേണം കരുതാൻ. റിസർവ് ബാങ്ക് ഗവർണറുടെ നിലപാട് യോഗം സ്വീകരിച്ചു.
കിട്ടാക്കടം കയറി കെണിയിലായ 11 പൊതുമേഖലാ ബാങ്കുകളുടെ വിഷയത്തിലും റിസർവ് ബാങ്ക് സ്വന്തം നിലപാടിൽ ഉറച്ചുനിന്നു. ഓരോ ബാങ്കും പ്രശ്നത്തിൽനിന്നു കരകയറുന്നതനുസരിച്ചു മാത്രമേ അവയ്ക്കു വായ്പ അനുവദിക്കാനും മറ്റും അനുവാദം നല്കൂ എന്നായിരുന്നു കേന്ദ്ര ബാങ്കിന്റെ നിർബന്ധം. ത്വരിത തിരുത്തൽ പരിപാടി (പിസിഎ) അല്പം കടുപ്പമാണെന്നു ബോർഡ് അഭിപ്രായപ്പെട്ടു. ഒടുവിൽ തീരുമാനം ഇങ്ങനെ: ബാങ്കുകൾ ബലപ്പെടുന്നതനുസരിച്ചു മാത്രം ഇളവ്. പിസിഎക്കു കാർക്കശ്യം കൂടുതലാണോ എന്നു റിസർവ് ബാങ്കിന്റെ ബോർഡ് ഫോർ ഫിനാൻഷ്യൽ സ്റ്റബിലിറ്റി (ബിഎഫ്എസ്) പരിശോധിക്കും. മൂലധന അനുപാതം കുറയ്ക്കലും ഈ ബോർഡ് പരിഗണിക്കും.
ചെറുകിട വ്യവസായങ്ങൾക്ക് വായ്പാ ലഭ്യത കൂട്ടാൻ ഒരു മാർഗം കേന്ദ്രബാങ്ക് നിർദേശിച്ചു. യോഗ്യതയുള്ള കന്പനികൾക്ക് ഓരോ ബാങ്കും കടം പുതുക്കിക്കൊടുക്കുകയോ കാലാവധി നീട്ടുക്കൊടുക്കുകയോ ചെയ്യുക, അതിന്റെ റിസ്ക് ബാങ്ക് വഹിക്കണം. 25 കോടി രൂപ വരെയുള്ള വായ്പകൾക്കാണ് ഇത്. പദ്ധതി റിസർവ് ബാങ്ക് പ്രഖ്യാപിക്കും.
ബാങ്കിതര ധനകാര്യ കന്പനി (എൻബിഎസ്സി)കൾക്ക് റിസർവ് ബാങ്ക് പ്രത്യേക സഹായം പ്രഖ്യാപിക്കണമെന്ന ആവശ്യം പാടേ നിരാകരിക്കപ്പെട്ടു. അവയ്ക്കു പണഞെരുക്കം ഇല്ലെന്നു കണക്കുകൾ ഉദ്ധരിച്ച് റിസർവ് ബാങ്ക് വ്യക്തമാക്കി. അവരിൽ ദുർബലരായവർ കൂടുതൽ പലിശ നൽകേണ്ടിവരുന്നതേയുള്ളൂ. വായ്പ അനുവദിക്കുന്നതിൽ ശരിയായ ജാഗ്രത പാലിക്കാത്ത ബ്ലേഡ് കന്പനികളെ റിസർവ് ബാങ്ക് എന്തിനു സഹായിക്കണം എന്ന ചോദ്യവും ഉയർന്നു.
യോഗം ശാന്തമായും സൗഹാർദപരമായും അവസാനിച്ചെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, ഇതുകൊണ്ട് എല്ലാം ശാന്തമായി എന്നർഥമില്ല. പക്ഷേ, തത്കാലത്തേക്കു കേന്ദ്രസർക്കാർ പ്രതിസന്ധി ഒഴിവാക്കി. ഗവർണർ ഉർജിത് പട്ടേൽ ബഹളംകൂട്ടാതെ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. ആദ്യ അങ്കം ജയിക്കുകയും ചെയ്തു. ഇനിയും പോരാട്ടങ്ങൾ ബാക്കിയുണ്ടാകും. ഡിസംബർ 14ന് അടുത്ത ബോർഡ് യോഗം ചേരുന്പോഴേക്ക് അന്തരീക്ഷം കുറേക്കൂടി തെളിഞ്ഞേക്കും.
റ്റി.സി. മാത്യു