പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: ഒരിക്കലും കണ്ടിട്ടില്ലാത്ത കാമുകനോടൊപ്പം ജീവിക്കാൻ സ്വന്തം ഭർത്താവിൽ ജനിച്ച കുഞ്ഞിനെ കരിയിലക്കാട്ടിൽ ഉപേക്ഷിച്ച് കൊലപ്പെടുത്തിയ രേഷ്മയ്ക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാൻ വൈകുന്നു.
രേഷ്മ തിരുവനന്തപുരം അട്ട കുളങ്ങര വനിതാ ജയിലിൽ റിമാന്റിൽ കഴിയുകയാണ്.
ഫേയ്സ്ബുബുക്കിൽ നിന്നും വിവരങ്ങൾ ലഭിക്കാത്തതാണ് കോടതിയിൽകുറ്റപത്രം നല്കാൻ വൈകുന്നതിന് കാരണമെന്ന് പാരിപ്പള്ളി സിഐ അൽ ജബാർ പറഞ്ഞു.
രേഷ്മയ്ക്കെതിരെ നരഹത്യയ്ക്കാക്കാണ് കേസ് . കുഞ്ഞ് മരിച്ചകേസിൽ കല്ലുവാതുക്കൽ ഊഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മ (22) യെ കഴിഞ്ഞ ജൂൺ 22 -നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരി 4-ന് രാത്രിയാണ് രേഷ്മ പ്രസവിച്ച ഉടൻ ആൺകുഞ്ഞിനെ റബ്ബർ തോട്ടത്തിലെ കരിയിലക്കാട്ടിൽ ഉപേക്ഷിച്ചത്.
രേഷ്മയുടെ ഗർഭവും പ്രസവവും രേഷ്മ എല്ലാവരിൽ നിന്നും മറച്ചു വച്ചാണ് പെരുമാറിയത്. ഫേയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഒരിക്കലും. കണ്ടിട്ടില്ലാത്ത കാമുകനോടൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്.
പോലീസ് ഫേയ്സ്ബുക്കിൽ നിന്നും വിവരങ്ങൾ ആവശ്യപ്പെട്ടിരിക്കുകയാണ്.
രേഷ്മയുമായി ഏറ്റവും കൂടുതൽ സമയം ചാറ്റു ചെയ്തിട്ടുള്ളവർ, സംസാരവിഷയം, എത്രഅനന്തുമാരുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളാണ് പോലീസ് ഫേയ്സ്ബുക്കി നോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് ഉടൻ ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
അനന്തു എന്ന പേരിൽ രേഷ്മക്ക് ഒരു കാമുകൻ ഉണ്ടായാൽ പോലും അയാൾക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്നും, കേസ്സെടുത്താൽ അത് നിലനില്ക്കില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ പാരിപ്പള്ളി സിഐ അൽ ജബ്ബാർ പറഞ്ഞു.
കുഞ്ഞിനെ ഉപേക്ഷിക്കാൻ കാമുകൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നാണ് രേഷ്മ ജയിലിൽ വച്ച് ചോദ്യം ചെയ്തപ്പോഴും ആവർത്തിച്ച് മൊഴി നല്കിയത്.
മാത്രമല്ല ജയിലിൽ നിന്നിറങ്ങിയാൽ കാമുകനോടൊപ്പം ജീവിയ്ക്കാൻ ശ്രമിക്കുമെന്നും മൊഴി ഉണ്ട്.
ഫേയ്സ്ബുക്കിലൂടെ അനന്തു എന്ന കാമുകനായി അഭിനയിച്ചത് രേഷ്മയുടെ ബന്ധുക്കളായ ഗ്രീഷ്മയും ആര്യയുമായിരുന്നെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇരുവരും കഴിഞ്ഞ ജൂൺ 24-ന് ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യ ചെയ്തു. പിടിക്കപ്പെടുമെന്ന ഘട്ടത്തിലാണ് ഇവർ ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിലാണ് പോലീസ്.