അടിമാലി: പള്ളിവാസലിൽ പ്ലസ് ടു വിദ്യാർഥിനിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടുത്ത ബന്ധുവായ യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
പെണ്‍കുട്ടിയോടൊപ്പം ഇയാൾ പോകുന്നതായുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു.
ബൈസണ്‍വാലി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയും കുഞ്ചിത്തണ്ണി സ്വദേശിനിയ.ുമായ രേഷ്മയാണ്(17) കൊല്ലപ്പെട്ടത്.
ഇവരുടെ പിതാവിന്റെ അർധസഹോദരന്റെ മകനായ അനൂപി (24) നെയാണ് പോലീസ് തെരയുന്നത്.
ഇന്നലെ സ്കൂൾ സമയം കഴിഞ്ഞും രേഷ്മ വീട്ടിലെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
പിന്നീട് നടത്തിയ തെരച്ചിലിലാണ് പള്ളിവാസൽ പവർ ഹൗസിനു സമീപം കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടെത്തിയത്.
പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രേഷ്മ സ്കൂളിൽ നിന്നും അനൂപിനൊപ്പം പോയതായി കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തിയതിനു സമീപത്തു നിന്നായി അനൂപിന്റെ ചെരിപ്പുകളും കണ്ടെടുത്തിരുന്നു. സ്ഥലത്ത് പോലീസ് ഉന്നത ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തും.
അനൂപും രേഷ്മയുമായി അടുപ്പമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
രാജകുമാരിയിൽ പെയിന്റിംഗ് ജോലികളും മറ്റും ചെയ്തു വരികയായിരുന്നു ഇയാൾ. പ്രതിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്.
കൊലപാതകത്തിനു കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പ്രതി ജില്ല വിടാതിരിക്കാൻ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും.