ചാത്തന്നൂർ: പ്രസവിച്ച ഉടൻ കുഞ്ഞിനെ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായി റിമാന്റിൽ കഴിയുന്ന കല്ലുവാതുക്കൽ ഈഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മ (22) യുടെ ബന്ധുക്കളായ രണ്ട് യുവതികളെ കാണാതായി.
ഇവരെ കണ്ടെത്താനായി ഇത്തിക്കരയാറ്റിൽ പോലീസും ഫയർഫോഴ്സും പരിശോധന നടത്തുന്നു.രേഷ്മയുടെ ഭർത്താവ് വിഷ്ണുവിന്റെ ബന്ധുക്കളായ 27കാരിയേയും 19 കാരിയേയുമാണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഇവരെ കാണാതായത്. ‘
ഞങ്ങൾ പോകുന്നു’ എന്ന് എഴുതിയ കത്ത് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പാരിപ്പള്ളി പോലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു.
നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താനായി ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ഇവരെ പോലീസ് അറിയിച്ചിരുന്നു. കാണാതായ ഇരുവരും അടുത്തുള്ള വീടുകളിലാണ് താമസിക്കുന്നത്.
കല്ലുവാതുക്കലിൽ വീട്ടു സാധനങ്ങൾ വാങ്ങാൻ പോയ ഇവർ ഇന്നലെ ഉച്ചയോടെ വീടുകളിൽ തിരിച്ചെത്തിയിരുന്നു. അതിന് ശേഷമാണ് ഇവരെ കാണാതായത്.
പാരിപ്പള്ളി പോലീസ് വ്യാഴാഴ്ച വൈകുന്നേരം തന്നെ ഇവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിരുന്നു.സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരുടെ മൊബൈലിന്റെ ടവർ ലൊക്കേഷൻ കണ്ടെത്താൻ ശ്രമിച്ചിരുന്നു.
ഇത്തിക്കര മാടൻനടയുടെ ഭാഗവും ഇത്തിക്കര കൊച്ചു പാലവും പരിസരവുമാണ് അവസാനം ടവർ ലൊക്കേഷൻ വ്യക്തമാക്കിയത്. രാത്രി ഈ ഭാഗങ്ങളിൽ പോലീസ് പരിശോധന നടത്തിയിരുന്നു.
നവജാത ശിശുവിനെ ഉപേക്ഷിച്ച രേഷ്മയുടെ പ്രവൃത്തിയിൽ വിഷ്ണുവിന്റെ ബന്ധുക്കൾ മാനസികമായി തളർന്ന നിലയിലാണ്. കാണാതായ ബന്ധുക്കളായ യുവതികളുടെ അവസാന ടവർ ലോക്കേഷൻ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം.
ചാത്തന്നൂർ എ സി പി വൈ .നിസ്സാമുദീൻ, പാരിപ്പള്ളി, ചാത്തന്നൂർ സിഐമാരായ ടി. സതികുമാർ, അനീഷ് എന്നിവരുടെ നേതൃത്വത്തിൽ പോലീസും പരവൂരിൽ നിന്നെത്തിയ ഫയർഫോഴ്സും ഇത്തിക്കര കൊച്ചു പാലത്തിന് സമീപം ആറ്റിൽ പരിശോധന നടത്തുകയാണ്. നാണക്കേടാണ് യുവതികളുടെ തിരോധാനത്തിന് പിന്നിലെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.