പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: പ്രസവിച്ച ഉടൻ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കുകയും പിന്നീട് കുഞ്ഞ് മരിക്കുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ രേഷ്മ പറഞ്ഞ കഥയിൽ ദുരൂഹതകളേറെ.
കണ്ടിട്ടില്ലാത്ത കാമുകൻ എന്നത് കള്ളക്കഥയാണോ എന്ന് സംശയം ശക്തമാകുന്നു. മറ്റാരെയോ സംരക്ഷിക്കാൻ കള്ള കഥ മെനഞ്ഞതാണോ എന്നാണ് സംശയം .
പോലീസ് രേഷ്മയുടെയും മാതാപിതാക്കളുടെയും ഫോണുകൾ പിടിച്ചെടുത്ത് വിദഗ്ദ പരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്.
നിരന്തര ഫോൺ ഉപയോഗത്തെ തുടർന്ന് രേഷ്മയുടെ ഫോൺ എറിഞ്ഞുടയ്ക്കുകയും സിം കാർഡ് നശിപ്പിക്കുകയും ചെയ്തതായി ദുബായിയിലുള്ള വിഷ്ണു പോലീസിനോട് പറഞ്ഞു.
ഇതിന് ശേഷം മാതാപിതാക്കളുടെ ഫോൺ ആയിരുന്നു രേഷ്മ ഉപയോഗിച്ചത്.ഈ രണ്ട് ഫോണുകളും ഇൻറർനെറ്റ് സംവിധാനം ഉള്ളതല്ല. ഇതും ഫേസ് ബുക്കിലെ കണ്ടിട്ടില്ലാത്ത കാമുകൻ എന്ന കഥയ്ക്ക് സംശയം വർദ്ധിപ്പിക്കുന്നുണ്ട്.
സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ കലാ-കായിക മത്സരങ്ങളിൽ വാശിയോടെ പങ്കെടുത്തിരുന്ന കൂട്ടത്തിലായിരുന്നു കല്ലുവാതുക്കൽ വരിഞ്ഞം ഊഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മ (22. ) വീട്ടിലും ഭർത്താവിനോടും വലിയ ദുശ്ശാഠ്യക്കാരിയായിരുന്നുവെന്ന് മാതാപിതാക്കൾ പോലീസിനോട് പറഞ്ഞതായി പാരിപ്പള്ളി സി.ഐ.ടി.സതികുമാർ പറഞ്ഞു.
കുഞ്ഞിനെ കണ്ടെത്തിയ ശേഷം പോലീസ് നടത്തിയ തന്ത്രപരമായ പല നീക്കങ്ങളെയും അതിജീവിച്ച രേഷ്മ ക്രിമിനലുകളുടെ ബുദ്ധിയാണ് പ്രയോഗിച്ചത്. കുഞ്ഞിനെ കണ്ടെത്തിയപ്പോൾ രേഷ്മ ഉൾപ്പെടെ പരിസരത്തുള്ള പല സ്ത്രീകളെയും ഒപ്പം കൂട്ടിയാണ് പോലീസ് നടപടികൾ നടത്തിയത്.
കൂട്ടത്തിൽ തൊട്ടടുത്ത സമയത്ത് പ്രസവിച്ച സ്ത്രീ ഉണ്ടെങ്കിൽ അവർക്ക് അവശത കാണുമെന്ന് പോലീസ്കണക്കുക്കൂട്ടിയെങ്കിലും രേഷ്മയെ കുടുങ്ങിയില്ല. ഇതേ തന്ത്രം ചോദ്യം ചെയ്യാനായി പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴും പോലീസ് പ്രയോഗിച്ചു.
അവിടെയും രേഷ്മ പിടിച്ചു നിന്നു. പോലീസിന്റെ ഭാഗത്തെ വീഴ്ച മൂലം മൂന്ന് ആഴ്ച കഴിഞ്ഞാണ് രേഷ്മയെ പരിശോധനക്കെത്തിച്ചത്. സാധാരണ ഗതിയിൽ ഒറ്റയ്ക്ക് ഒരു യുവതിക്ക് ഇത് ചെയ്യാൻ കഴിയില്ലെന്ന നിലപാടിലാണ് പോലീസ്.
‘എന്റെ കുഞ്ഞിനെ ഒന്നു തരുമോ അന്ത്യകർമ്മങ്ങൾ ചെയ്യാനെങ്കിലും!’
ചാത്തന്നൂർ: “എന്റെ കുഞ്ഞിനെ ഒന്ന് തരുമോ. എന്റെ രക്തത്തിൽ പിറന്ന കുഞ്ഞിന്റെ അന്ത്യകർമ്മങ്ങൾ ചെയ്യാനാണ് ” – ഇപ്പോൾ ദുബായിലുള്ള രേഷ്മയുടെ ഭർത്താവ് വിഷ്ണു പാരിപ്പള്ളി സിഐ ടി.സതി കുമാറിനോട് ഫോണിലൂടെയാചിച്ചു.
അടുത്ത ദിവസം ദിവസം തന്നെ വിഷ്ണു ദുബായിൽ നിന്നും നാട്ടിലെത്തും.റബ്ബർ തോട്ടത്തിൽ കരിയിലകൾ കൊണ്ട് മൂടിയ നിലയിൽ മൂന്നര കിലോ തൂക്കം വരുന്ന ആൺകുഞ്ഞിനെ കണ്ടെത്തിയത് അന്ന് നാട്ടിലുണ്ടായിരുന്ന വിഷ്ണുവായിരുന്നു.
സ്വന്തം കുഞ്ഞാണ് അതെന്ന് വിഷ്ണു അറിഞ്ഞിരുന്നില്ല. വിഷ്ണു പിന്നീട് ഗൾഫിലേക്ക് പോയി. അന്വേഷണത്തിന്റെ ഭാഗമായി ഡി എൻ എ പരിശോധനയ്ക്ക് അന്ന് വിഷ്ണുവിനെയും വിധേയമാക്കിയിരുന്നു. ഡിഎൻഎ ഫലത്തിൽ കുഞ്ഞ് വിഷ്ണുവിന്റെ താണെന്ന് തെളിഞ്ഞു.
അന്ന് പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിലും എസ്എറ്റി ആശുപത്രിയിലും എത്തിച്ച കുഞ്ഞ് രണ്ടാം ദിവസം മരിച്ചു.മൃതദേഹം പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിന് കൈമാറി.സിഐ സതി കുമാർ ഈ വിവരം പറഞ്ഞപ്പോഴാണ് വിഷ്ണു കരഞ്ഞുകൊണ്ട് കുഞ്ഞിന് വേണ്ടി യാചിച്ചത്.
ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടിയ കുഞ്ഞിനെ തത്ക്കാലത്തേക്കെങ്കിലും സംരക്ഷിക്കുമായിരുന്നോ എന്ന പോലീസിന്റെ ചോദ്യത്തിന് നിഷേധാത്മകമായ തലയാട്ടലായിരുന്നു രേഷ്മയുടെ മറുപടിയെന്നും അന്വേഷണ ഉദ്യോഗസ്ഥനായ പാരിപ്പള്ളി സി.ഐ പറഞ്ഞു.