സിജോ പൈനാടത്ത്
കൊച്ചി: കോവിഡ് 19 നാടെങ്ങും ആശങ്ക പടര്‍ത്തുമ്പോള്‍, അതിനെതിരെ സ്വയം കരുതലും പ്രതിരോധവുമൊരുക്കി മാതൃകയാവുകയാണു മലയാളി ഗവേഷക വിദ്യാര്‍ഥിനി.
ഇറ്റലിയിലും ഡന്മാര്ക്കിലും സന്ദര്‍ശനം നടത്തി കൊച്ചി വിമാനത്താവളത്തില്‍ മടങ്ങിയെത്തിയ രേഷ്മ അകുല്‍ പ്രസാദ്, രോഗലക്ഷണങ്ങള്‍ ഒന്നുമുണ്ടായില്ലെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍ക്കു യാത്രാവിവരങ്ങള്‍ പൂര്‍ണമായി നല്കി സ്വയം ഐസൊലേഷന്‍ സ്വീകരിക്കാന്‍ തയാറാവുകയായിരുന്നു.
ഡന്മാര്ക്കിലെ കോപ്പന്‍ഹേഗനില്‍ സോഫ്റ്റ്വേര്‍ എന്‍ജിനീയറായ ഭര്‍ത്താവ് അകുല്‍ പ്രസാദിനൊപ്പമാണു രേഷ്മ ഇറ്റലിയിലെ മിലാനിലും വെനീസിലും മറ്റും സന്ദര്‍ശനം നടത്തിയത്. ഫെബ്രുവരി 21നു മിലാനില്‍ താമസിക്കുമ്പോഴാണു രാജ്യത്തു കോവിഡ് 19 ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
രോഗഭീതിയുടെ പശ്ചാത്തലത്തില്‍ അവിടെ പൊതുസ്ഥലങ്ങളെല്ലാം ശൂന്യമായിരുന്നെന്നു രേഷ്മ പറയുന്നു. ഏതാനും ദിവസം ഇരുവരും ഹോട്ടലില്‍ തന്നെ തങ്ങി. 24നു കോപ്പന്‍ഹേഗനിലേക്കു തിരിച്ചു. അവിടെയും പരിശോധനകളൊന്നും ഉണ്ടായില്ല.
എങ്കിലും ഇറ്റലിയില്‍ നിന്നു വന്നതിനാല്‍ സ്വമേധയാ ഇരുവരും ഡോക്ടറെ കണ്ടു വിവരങ്ങള്‍ അറിയിച്ചു. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം അറിയിച്ചാല്‍ മതിയെന്നറിയിച്ചു വിട്ടയച്ചു. തുടര്‍ന്ന് അകുല്‍ മുന്‍കരുതലെന്ന നിലയില്‍ താമസസ്ഥലത്തു തന്നെയിരുന്നാണു ജോലി ചെയ്തുവരുന്നത്.
മാര്‍ച്ച് നാലിനു പുലര്‍ച്ചെ രണ്ടിനു രേഷ്മ ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ ദോഹ വഴി കൊച്ചി വിമാനത്താവളത്തിലിറങ്ങി. അവിടെ ആരോഗ്യപ്രവര്‍ത്തകരുടെ അടുത്തേക്കു സ്വയം ചെന്നു പരിശോധനകള്‍ക്കു വിധേയയായി.
യാത്രാ രേഖകളും ഇറ്റലി സന്ദര്‍ശിച്ച വിവരവുമെല്ലാം കൈമാറി. ഇറ്റലിയില്‍ നിന്നു മടങ്ങിയിട്ടു രണ്ടാഴ്ച കഴിഞ്ഞതും പ്രാഥമിക പരിശോധനകളില്‍ രോഗലക്ഷണങ്ങള്‍ കാണാതിരുന്നതും കണക്കാക്കി വീട്ടിലേക്കു മടങ്ങാമെന്നറിയിച്ചു.
മലപ്പുറം പെരുവള്ളൂര്‍ പറമ്പില്‍പീടിക ടി.പി. നീലകണ്ഠന്റെയും അമ്മിണിയുടെയും മകളാണു രേഷ്മ. പത്തനംതിട്ട പന്തളത്താണു ഭര്‍ത്താവ് അകുൽ പ്രസാദിന്റെ വീട്. പെരുവള്ളൂരിലെ വീട്ടിലെത്തിയയുടന്‍ ആരോഗ്യ വകുപ്പിന്റെ ദിശ ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടർന്ന് പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വിളിച്ച് ഇറ്റലിയില്‍ നിന്നു മടങ്ങിയെത്തിയ കാര്യം അറിയിച്ചിരുന്നു. രോഗലക്ഷണങ്ങളൊന്നുമില്ലാത്തതിനാല്‍ പ്രശ്നമില്ലെന്നറിയിച്ചെങ്കിലും ഭര്‍ത്താവിന്റെ കൂടി അഭിപ്രായം കണക്കിലെടുത്തു സ്വയം ജാഗ്രത പാലിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കോഴിക്കോട് സര്‍വകലാശാലയില്‍ ഡോ. കെ.പി. മുരളീധരനു കീഴില്‍ വാണിജ്യശാസ്ത്രത്തിലാണു രേഷ്മ ഗവേഷണം നടത്തുന്നത്. പഠനത്തിന്റെ തിരക്കുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ വീടിനകത്തു തന്നെ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണു രേഷ്മ.
‘നിലവില്‍ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. എങ്കിലും ഞാന്‍ സ്വയം ഐസൊലേഷനിലാണ്. കേരളത്തിലെ നിലവിലുള്ള സവിശേഷ സാഹചര്യത്തില്‍ രോഗപ്രതിരോധത്തിനു സ്വയം കരുതലെടുക്കേണ്ടതും ആരോഗ്യ സംവിധാനങ്ങളോടു സഹകരിക്കുകയുമാണു വേണ്ടത്.’
ബോധ്യങ്ങളിലുറച്ച രേഷ്മയുടെ വാക്കുകള്‍ക്കും മാതൃകയ്ക്കും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയടിയാണ്.