തളിപ്പറമ്പ്: ബക്കളം കടന്പേരിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പുതിയാണ്ടി ഹൗസിൽ രേഷ്മ (35)യാണ് ഭർത്താവ് എബ്രാൻ വീട്ടിൽ സന്തോഷ് വെട്ടിക്കൊലപ്പെടുത്തിയത്. സന്തോഷിനെ നാട്ടുകാർ പിടികൂടി ഇന്നലെ തന്നെ പോലീസിൽ ഏല്പിച്ചു.
ഇയാളുടെ അറസ്റ്റ് ഇന്നു വൈകുന്നേരത്തോടെ രേഖപ്പെടുത്തും. ഇന്നലെ രാത്രി 8.15 ഓടെയായിരുന്നു സംഭവം. കുറച്ചു കാലമായി ദന്പതികൾ വേർപിരിഞ്ഞായിരുന്നു താമസം. സന്തോഷ് ചെങ്ങളായിയിൽ വാടക വീട്ടിലും രേഷ്മ സന്തോഷിന്റെ കടന്പേരിയിലുള്ള വീട്ടിൽ തനിച്ചുമായിരുന്നു താമസിച്ചു പോന്നത്.
ഇന്നലെ രാത്രി കടന്പേരിയിലെ വീട്ടിലെത്തിയ സന്തോഷ് രേഷ്മയുടെ കഴുത്തിനും പുറത്തും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയവർ രേഷ്മയെ ഉടൻ തന്നെ കണ്ണൂർ എകെജി ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി പത്തരയോടെ മരിക്കുകയായിരുന്നു.
കണ്ണൂർ കാപ്പാട് പുതിയാണ്ടി വീട്ടിൽ പരേതനായ രാഘവൻ-ശാന്ത ദന്പതികളുടെ ഏക മകളാണ് മരിച്ച രേഷ്മ. അഞ്ചു വർഷം മുന്പായിരുന്നു ഇരുവരുടെയും വിവാഹം. ദന്പതികൾക്ക് മക്കളില്ല.