ആരാധകരുടെ രോഷം അതിരുകടന്നപ്പോൾ ഫേസ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് നടിഅന്ന രേഷ്മ രാജൻ. തന്‍റെ വാക്കുകൾ ചിലർ വളച്ചൊടിച്ചതാണെന്നും താൻ പറഞ്ഞ വാക്കുകൾ ആളുകൾ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും അന്ന പറഞ്ഞു. ഒരു സ്വകാര്യചാനലിലെ കോമഡി പരിപാടിയിൽ മമ്മൂട്ടിയെക്കുറിച്ചും ദുൽഖറിനെക്കുറിച്ചും നടത്തിയ പരാമർശമാണ് പ്രതിഷേധങ്ങൾക്കു കാരണമായത്. തുടർന്ന് അന്നയുടെ ഫെയ്സ്ബുക്ക് പേജിൽ ആരാധകർ പ്രതിഷേധവുമായെത്തി. ഇതോടെയാണ് സംഭവത്തിൽ വിശദീകരണവുമായി നടി ഫേസ്ബുക്ക് ലൈവിലെത്തിയത്.
മമ്മൂക്കയെയും ദുൽഖറിനെയും താരതമ്യം ചെയ്യാൻ പോലും ഞാന്‍ ആളല്ലെന്നും തന്നോടു ചോദിച്ച തമാശചോദ്യത്തിന് തമാശയായി തന്നെയാണ് താൻ മറുപടി പറഞ്ഞതെന്നും ആരെയും അപമാനിക്കാനോ പരിഹസിക്കാനോ പറഞ്ഞതല്ലെന്നും അന്ന പറഞ്ഞു. തമാശയെ ആളുകൾ ഏത് രീതിയിലാണ് എടുത്തതെന്ന് അറിയില്ല. മമ്മൂക്കയുടെയും കുഞ്ഞിക്കയുടെയും കൂടെ അഭിനയിക്കാൻ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്നാണ് താൻ ഉദ്ദേശിച്ചതെന്നും അന്ന പറയുന്നു.
ആളുകൾക്ക് തെറ്റിധാരണയുണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും തന്നെ പിന്തുണച്ചവര്‍ തനിക്കെതിരെ സംസാരിച്ചപ്പോൾ ഒരുപാട് വിഷമമായെന്നും അന്ന പറഞ്ഞു.
ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് അന്ന സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് ലാൽ ജോസിന്‍റെ വെളിപാടിന്‍റെ പുസ്തകം എന്ന ചിത്രത്തിൽ മോഹൻലാലിന്‍റെ നായികയായി എത്തുകയും ചെയ്തിരുന്നു.