കണ്ണൂർ: ശബരിമലയിലേക്ക് പോകാൻ മാലയിട്ട യുവതിക്ക് വധഭീഷണി. തുടർന്ന് യുവതിയും കുടുംബവും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കണ്ണപുരം പോലീസിൽ പരാതി നൽകി. ശബരിമലയിൽ പ്രായഭേദ്യമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിയെ തുടർന്നാണ് കണ്ണപുരം അയ്യോത്ത് സ്വദേശിനിയായ രേഷ്മ നിഷാന്ത് 41 ദിവസം വ്രതമെടുത്ത് അയ്യപ്പ ദർശനത്തിന് പോകാൻ തയാറെടുക്കുന്നത്.
ശബരിമലയിലേക്ക് പോകുന്ന തീരുമാനത്തിനായി കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയുണ്ടെന്നും വൃശ്ചികം ഒന്നിന് ശബരിമലയിൽ പോകുമെന്നും കൂടെ കൂടുതൽ യുവതികൾ ഉണ്ടെന്നും രേഷ്മ രാഷ്ട്രദീപികയോടു പറഞ്ഞു. സുപ്രീംകോടതി വിധി അനുകൂലമായ സാഹചര്യത്തിൽ അയ്യപ്പനെ കാണാൻ പോകണമെന്ന് അതിയായ ആഗ്രഹമുണ്ടെന്ന് ഇന്നലെ രേഷ്മ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.
മത്സ്യവും മാംസവും വെടിഞ്ഞ് ഭർതൃസാമീപ്യത്തിൽനിന്നകന്നാണ് അയ്യപ്പ ദർശനത്തിനായി രേഷ്മ തയാറെടുക്കുന്നത്. വർഷങ്ങളായി മണ്ഡലവ്രതം അനുഷ്ഠിക്കുന്നുണ്ടെന്ന് രേഷ്മ പറയുന്നു. ഇരുമുടി കെട്ട് നിറച്ചുതന്നെയാണ് താൻ മലയ്ക്കുപോവുകയെന്നും രേഷ്മ പറയുന്നു. ശബരിമലയ്ക്കു പോകുന്ന കാര്യം രേഷ്മ ഫെയ്സ്ബുക്കിൽ അറിയിച്ചതിനു പിന്നാലെ വിമർശനം തുടങ്ങി.
രാത്രി രേഷ്മയ്ക്കെതിരേ പ്രതിഷേധം നടന്നു. ഒരുസംഘം ശരണംവിളികളുമായി വീടിനു മുന്നിൽ പ്രകടനവും നടത്തി. കൂടാതെ സോഷ്യൽ മീഡിയയിൽ അസഭ്യവർഷവും വധഭീഷണിയും നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് യുവതിയും കുടുംബവും കണ്ണപുരം പോലീസിൽ പരാതി നല്‍കിയത്.
വിശ്വാസികളായ ആരെങ്കിലും ശബരിമലയിലെത്താന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് വേണ്ട സുരക്ഷയൊരുക്കുമെന്ന സര്‍ക്കാര്‍ ഉറപ്പ് വിശ്വസിച്ചാണ് ഞാന്‍ യാത്രയ്ക്കൊരുങ്ങിയത്. അതുകൊണ്ട് തന്നെ തനിക്ക് സുരക്ഷയൊരുക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് വിശ്വസിക്കുന്നുണ്ട്.
അതേസമയം, താന്‍ ഒറ്റയ്ക്കല്ല ശബരിമലയില്‍ പോകാന്‍ തീരുമാനിച്ചതെന്നും തനിക്കൊപ്പം നാലോളം യുവതികള്‍ ഉണ്ടെന്നും രേഷ്മ വെളിപ്പെടുത്തി. സുരക്ഷാ കാരണങ്ങളാല്‍ അവരുടെ പേരുകള്‍ ഇപ്പോള്‍ പറയാനില്ലെന്നും രേഷ്മ വ്യക്തമാക്കി.കണ്ണൂരിലെ ഒരു കോളജിലെ അധ്യാപികയാണ് രേഷ്മ. ഭര്‍ത്താവ് നിഷാന്ത് കോ-ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥനുമാണ്.