ചാത്തന്നൂർ: നവജാത ശിശുവിനെ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന രേഷ്മയ്ക്ക് ക്വട്ടേഷൻ സംഘാംഗവുമായും ഫേയ്സ്ബുക്ക് സൗഹൃദം. വർക്കല സ്വദേശിയായ ആളുമായാണ് സൗഹൃദം. ഇയാൾ ഇപ്പോൾ ജയിലിലാണ്.
ജയിലിൽ അന്വേഷണ സംഘം ചോദ്യം ചെയ്യുമന്നതിനിടെയാണ് രേഷ്മ ഈ കാര്യം പോലീസിനോട് സമ്മതിച്ചത്. രേഷ്മക്ക് 14 ഫേയ്സ്ബുക്ക് അക്കൗണ്ടുകളാണുണ്ടായിരുന്നത്.
ഇതിൽ ഏറ്റവും കൂടുതൽ തവണ രേഷ്മയുമായി ചാറ്റു ചെയ്തവരുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്.വിവിധ പ്രായത്തിലുള്ളവരുമായും രേഷ്മയ്ക്ക് ഫേയ്സ് ബുക്ക് സൗഹൃദം ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
രേഷ്മയ്ക്കെതിരെ നരഹത്യയ്ക്കാണ് കേസെടുത്തിട്ടുള്ളത്. ഫേയ്സ്ബുക്ക് കാമുകനോടൊപ്പം പോകുന്നതിന് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന രേഷ്മയുടെ മൊഴിയുടെ വിശദാംശങ്ങളാണ് ഇനി പോലീസിന് തെളിയിക്കാനുള്ളത്.
അനന്തു എന്ന പേരിൽ രേഷ്മയുടെ കാമുകനായി ചാറ്റ് ചെയ്തിരുന്നത് ആത്മഹത്യ ചെയ്ത ,ബന്ധുക്കളായിരുന്ന ഗ്രീഷ്മയും ആര്യയുമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കുഞ്ഞു മരിച്ച സംഭവത്തിൽ കുറ്റബോധമില്ലെന്നും ജയിലിൽ നിന്നിറങ്ങിയാൽ കാമുകനോടൊപ്പം പോകാൻ ശ്രമിക്കുമെന്നാണ് ജയിലിലെത്തി ചോദ്യം ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരോട് രേഷ്മ പറഞ്ഞത്.