രാമപുരം: മുംബൈയിൽ ഫ്ളാറ്റിൽനിന്നു ചാടി ജീവനൊടുക്കിയ മലയാളി വീട്ടമ്മയുടെയും ആറു വയസുകാരനായ മകന്റെയും സംസ്കാരം ഇന്നു മുബൈയിൽ നടത്തും.
അധ്യാപക ദന്പതിമാരായ രാമപുരം മരങ്ങാട് ആനിക്കുഴിക്കാട്ടിൽ എം.എം. മാത്യുവിന്റെയും പരേതയായ ലീലാമ്മയുടെയും മകളും ഹൈദരാബാദ് സ്വദേശി പരേതനായ ശരത് മുളുകുട്ലയുടെ ഭാര്യയുമായ മുൻ മാധ്യമ പ്രവർത്തക രേഷ്മ മാത്യു (43), മകൻ ഗരുഡ് (6) എന്നിവരുടെ സംസ്കാരമാണ് മുംബൈയിൽ നടത്തുന്നതെന്ന് ബന്ധുക്കൾ അറിയിച്ചു.
രേഷ്മയുടെ ഏകസഹോദരൻ യുഎസിലുള്ള ബോബി മാത്യു ഇന്നു മുംബൈയിൽ എത്തും. കഴിഞ്ഞമാസം ഭർത്താവ് ശരത്ത് കോവിഡ് ബാധിച്ചു മരിച്ചു.
മാതാപിതാക്കളുടെ കോവിഡ് ചികിത്സയ്ക്കായി വാരാണസിയിൽ പോയപ്പോഴാണ് ശരത്തും പോസിറ്റീവായത്. മൂന്നുപേരും മരിച്ചു. ഇതിന്റെ മാനസിക സംഘർഷത്തിലായിരുന്നു രേഷ്മ.
ഫ്ളാറ്റിലുണ്ടായ പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. മുംബൈ ഡിലൈറ്റ് കന്പനിയിൽ ഐടി വിഭാഗത്തിൽ ഉദ്യോഗസ്ഥയായ രേഷ്മ ജൂലൈ ഒന്നുമുതൽ വീണ്ടും ഓഫീസിൽ പോകാനിരിക്കെയാണു മരണം.
മുംബൈ ചാന്ദിവ് ലി നാഹേർ അമൃത്ശക്തി കോംപ്ലക്സിന്റെ 12-ാം നിലയിൽനിന്നു വീണുമരിച്ച നിലയിൽ തിങ്കളാഴ്ചയാണു രേഷ്മയുടെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അയൽവാസിയെ സാക്കിനാക്ക പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കും മാതാപിതാക്കൾക്കും എതിരേ കേസെടുത്തിട്ടുണ്ട്.
രേഷ്മയും മകനും താമസിച്ചിരുന്ന ഫ്ളാറ്റിനു തൊട്ടുതാഴത്തെ നിലയിൽ താമസിച്ചിരുന്ന കുടുംബം മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നതായി ആരോപിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതിനു പിന്നാലെയാണു പോലീസ് നടപടി.
രേഷ്മയുടെ മകൻ ബഹളം വയ്ക്കുകയും പാടുകയും ചെയ്യുന്നതിന്റെ ശബ്ദം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി താഴത്തെ നിലയിലുള്ള കുടുംബം സൊസൈറ്റി ഭാരവാഹികൾക്കു പരാതി നൽകി.
ഇവർ പരാതി പോലീസിനു കൈമാറുകയും ഫ്ളാറ്റിൽനിന്ന് ഒഴിയാൻ നിർദേശിക്കുകയും ചെയ്തിരുന്നതായി പറയുന്നു.
മുംബൈയിൽ ജനിച്ചുവളർന്ന രേഷ്മ അമേരിക്കയിൽ പത്രപ്രവർത്തനത്തിൽ പരിശീലനം നേടിയ മാധ്യമപ്രവർത്തകയാണ്.
കോതമംഗലം സ്വദേശിയായ ഡോക്ടറുമായുള്ള ആദ്യ വിവാഹബന്ധം വേർപെട്ടശേഷം ഹൈദരാബാദ് സ്വദേശിയായ ശരതിനെ വിവാഹം ചെയ്തു മുംബൈയിൽ താമസിച്ചു വരികയായിരുന്നു.
മുംബൈയിൽ കോളജ് അധ്യാപകരായിരുന്ന രേഷ്മയുടെ മാതാപിതാക്കൾ ജോലിയിൽനിന്നു വിരമിച്ചശേഷം നാട്ടിലേക്കു മടങ്ങുകയായിരുന്നു.