പത്തനംതിട്ട: ശബരിമല ദർശനത്തിനായി എത്തിയ യുവതികളെ പോലീസ് തിരിച്ചയച്ചു. രേഷ്മ നിശാന്ത്, ഷാനില എന്നിവരെയാണ് പോലീസ് നിലയ്ക്കലിൽനിന്ന് എരുമേലിയിലേക്കു മടക്കി അയച്ചത്.
നിലയ്ക്കലിലെത്തിയ ഇരുവരേയും പോലീസ് തടഞ്ഞു കണ്ട്രോൾ റൂമിലേക്കു മാറ്റിയിരുന്നു. ശബരിമല ദർശനത്തിനു സുരക്ഷ നൽകാൻ കഴിയില്ലെന്നു പോലീസ് യുവതികളെ അറിയിച്ചു. മല കയറാൻ ശ്രമിച്ചാൽ വൻ പ്രതിഷേധമുണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ഇതിനുശേഷമാണ് തിരിച്ചയയ്ക്കാൻ തീരുമാനിച്ചത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
ബുധനാഴ്ച ദർശനത്തിനെത്തിയ ഇവരെ പ്രതിഷേധക്കാർ നീലിമലയിൽ തടഞ്ഞിരുന്നു. വ്രതം എടുത്താണ് ദർശനത്തിനായി എത്തിയതെന്നും പിൻമാറാൻ തയാറല്ലെന്നും ഇവർ പോലീസിനെ അറിയിച്ചു. എന്നാൽ മുന്നോട്ടു പോകാൻ അനുവദിക്കില്ലെന്നു പ്രതിഷേധക്കാർ നിലപാടെടുത്തു. ഇതോടെ പോലീസ് ഇടപെട്ട് ഇവരെ മടക്കി അയയ്ക്കുകയായിരുന്നു.
മണ്ഡലകാലത്ത് 41 ദിവസത്തെ വ്രതമെടുത്ത് ശബരിമല കയറുമെന്ന് ഫേസ്ബുക്കിൽ കുറിച്ച രേഷ്മയ്ക്കുനേരേ ഭീഷണി ഉയർന്ന സാഹചര്യവുമുണ്ടായി. ഇതേതുടർന്ന് ജില്ലാ പോലീസ് മേധാവിക്ക് ഇവർ പരാതി നൽകുകയും രേഷ്മയുടെ വീട്ടുപരിസരത്ത് പോലീസ് സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തു.