സജീവൻ പൊയ്ത്തുംകടവ്
കണ്ണൂർ: ഹരിദാസ് വധക്കേസിലെ മുഖ്യപ്രതികളിലൊരാളെ ഒളിവിൽ താമസിപ്പിച്ച് വിവാദത്തിലായ രേഷ്മയ്ക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന് ആവർത്തിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ.
അറസ്റ്റിലായ രേഷ്മയെ ജാമ്യത്തിലിറക്കി കോടതിയിൽനിന്നു കൂട്ടിക്കൊണ്ടുപോയത് ബിജെപി തലശേരി മണ്ഡലം ജനറൽ സെക്രട്ടറിയും കൗൺസിലറുമായ കെ. അജേഷാണ്.
കേസിൽ ഹാജരായത് ബിജെപിയുടെ അഭിഭാഷകനാണെന്നും എം.വി. ജയരാജൻ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
പ്രതിയെ സംരക്ഷിച്ച സ്ത്രീക്കുവേണ്ടി ബിജെപിക്കാർ എത്തിച്ചേർന്നത് നിസാരകാര്യമല്ല.
അതിനാൽ ഇക്കാര്യത്തിൽ വേറെ സംശയത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസുകാരനായ പ്രതിയെ നേരത്തെ തന്നെ സ്ത്രീക്ക് അറിയാമായിരുന്നു. രേഷ്മയുടേത് സിപിഎം കുടുംബമാണെന്ന വാദവും വാസ്തവവിരുദ്ധമാണെന്ന് ജയരാജൻ പറഞ്ഞു.
സൈബറിടം വ്യക്തിഹത്യ നടത്താനുള്ള ഇടമല്ല. ഒളിവിൽ കഴിയുന്നയാൾക്ക് വാടകയ്ക്ക് വീട് കൊടുത്തതിനപ്പുറം ഭക്ഷണം എന്തിന് ഉണ്ടാക്കിക്കൊടുത്തു എന്ന ചോദ്യം നിലനിൽക്കുന്പോൾ അതിൽ എല്ലാമുണ്ടെന്നും മുന്പുള്ള ബന്ധം ഉപയോഗിച്ചുകൊണ്ടാണ് കൊലക്കേസിൽ പ്രതിക്ക് എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്തതെന്നും ജയരാജൻ ആരോപിച്ചു.
രേഷ്മ ഗൾഫിലെ സജീവ സിപിഎമ്മുകാരി
കണ്ണൂരിൽ കൊലക്കേസ് പ്രതിയായ ആർഎസ്എസ് പ്രവർത്തകനെ ഒളിപ്പിച്ചതിന് വിവാദത്തിലായ രേഷ്മ മുൻ പ്രവാസിയും സജീവ സിപിഎം പ്രവർത്തകയും.
ഗൾഫിൽ പോലും സിപിഎം പ്രവർത്തകയായ രേഷ്മ എങ്ങനെ കൊലക്കേസ് പ്രതിയായ ആർഎസ്എസുകാരന് ഒളിത്താവളം ഒരുക്കിയെന്ന ഞെട്ടലിലാണ് പ്രവാസി പാർട്ടിക്കാർ.
രേഷ്മ ഭർത്താവ് പ്രശാന്തിന്റെ കൂടെ 10 വർഷക്കാലം സൗദി അറേബ്യയിൽ ഉണ്ടായിരുന്നു.
അവിടെ സിപിഎം പ്രവാസി സംഘടനയായ ഖസീം പ്രവാസി സംഘത്തിന്റെ മുൻനിര ഭാരവാഹികളായിരുന്നു ഇരുവരും.
മഹിളാ സംഘടനയുടെ സെക്രട്ടറി സ്ഥാനം പോലും രേഷ്മ വഹിച്ചിട്ടുണ്ടെന്ന് കൂടെയുള്ള പ്രവാസികൾ പറയുന്നു.
പത്തുവർഷത്തോളം ബുറൈദിലായിരുന്നു രേഷ്മയുടെ ഭർത്താവ് പ്രശാന്തിന് ജോലി.
അവിടെയുള്ള എല്ലാവർക്കുമറിയാം പ്രശാന്തും ഭാര്യയും ഉറച്ച സിപിഎം പ്രവർത്തകരാണെന്ന്.
പ്രശാന്തിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രമടക്കം സിപിഎം പതാകയും സിപിഎം പരിപാടികളുമാണ്.
ഏറ്റവും ഒടുവിൽ നടന്ന പാർട്ടി കോൺഗ്രസ് പരിപാടി പോലും പ്രശാന്തിന്റെ പ്രൊഫൈൽ ചിത്രമായി വന്നു.
രേഷ്മ പ്രവാസം അവസാനിപ്പിച്ച് മടങ്ങിയപ്പോൾ സിപിഎം അനുകൂല സംഘടനകൾ വിപുലമായ യാത്രയയപ്പ് നൽകിയതിന്റെ വാർത്ത പത്രങ്ങളിൽപോലും വന്നിട്ടുണ്ട്.
സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഇരുവരേയും തള്ളിപ്പറഞ്ഞതിന്റെ ഞെട്ടലിലാണ് സൗദിയിലെ പാർട്ടി പ്രവർത്തകർ.
കള്ളക്കഥ പ്രചരിപ്പിക്കുന്നു: രേഷ്മയുടെ കുടുംബം
ഇതുവരെ പ്രവർത്തിച്ചത് സിപിഎമ്മിനുവേണ്ടിയാണെന്നും ഇപ്പോൾ അവർ തന്നെ കള്ളക്കഥകൾ പടച്ചുവിടുകയാണെന്നും രേഷ്മയുടെ കുടുംബം വ്യക്തമാക്കി.
സിപിഎമ്മിനെ പ്രതിരോധിക്കുന്ന വാദങ്ങളാണ് രേഷ്മയുടെ കുടുംബം ഉയർത്തുന്നത്. ഭർത്താവിന്റെ അറിവോടെ തന്നെയാണ് രേഷ്മ വീടു നൽകിയതെന്നും സദാചാരപ്രശ്നങ്ങളുടെ മറവിൽ കടന്നാക്രമണം നടത്തുന്ന സിപിഎം സൈബർ സഖാക്കളോട് വീട്ടുകാർ വ്യക്തമാക്കുന്നു.
സൈബർ സഖാക്കൾ പ്രചരിപ്പിക്കുന്നതെല്ലാം കള്ളക്കഥകളാണ്. നിജിൽദാസുമായി രേഷ്മയ്ക്ക് ഒരു ബന്ധമില്ല. രേഷ്മയുടെ സുഹൃത്തിന്റെ ഭർത്താവ് എന്ന നിലയ്ക്കാണ് വീടു നൽകിയതെന്നാണ് രേഷ്മയുടെ അച്ഛൻ രാജൻ പറയുന്നത്.
ഇവർ കുട്ടിക്കാലം മുതൽ ഉറ്റസുഹൃത്തുക്കളായിരുന്നു. എഗ്രിമെന്റ് എഴുതിവാങ്ങിയാണ് വീടു നൽകിയത്.
അതേസമയം വ്യക്തിഹത്യ നടത്തുന്നതിനെതിരേ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് രേഷ്മയുടെ അഭിഭാഷകൻ വ്യക്തമാക്കി.
പിണറായി വിജയന്റെ വീടിന്റെ തൊട്ടടുത്ത് കൊലക്കേസിലെ പ്രതി ഒളിവിൽ കഴിഞ്ഞതിന്റെ സുരക്ഷാവീഴ്ചയും നാണക്കേടും മറയ്ക്കാൻ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നാണ് കുടുംബം പറയുന്നത്.
പ്രശാന്തിന്റെ വീട്ടുകാരും സിപിഎം അനുഭാവികളാണ്. രണ്ടുവർഷം മുന്പ് നിർമിച്ച പിണറായി പാണ്ഡ്യാലമുക്കിലെ വീട്ടിലാണ് കൊലക്കേസ് പ്രതി നിജിൽദാസ് ഒളിവിൽ താമസിച്ചത്.
നിജിലിന് 15000 രൂപ വാടക നിശ്ചയിച്ചാണ് വീട് നൽകിയത്. ഇതിനുമുന്പ് പിണറായിപ്പെരുമ എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ കലാകാരന്മാർക്കും പാർട്ടി പ്രവർത്തകർക്കും ഇതേ വീട് വാടയ്ക്കു നൽകിയിരുന്നു.
ഇവർ ഒഴിഞ്ഞശേഷമാണ് നിജിൽദാസിന് വീട് നൽകിയത്. ഭക്ഷണം നൽകിയെന്ന എം.വി. ജയരാജന്റെ ആരോപണം തെറ്റാണെന്നും വീട്ടുകാർ പറഞ്ഞു.