ശബരിമല: ശബരിമലയിൽ എല്ലാ പ്രായക്കാർക്കും ദർശനം നടത്താമെന്ന സുപ്രീംകോടതി വിധി വന്നതിനേ തുടർന്ന് ശബരിമല ക്ഷേത്രദർശനം നടത്തുമെന്ന് ആദ്യ പ്രഖ്യാപനം നടത്തിയവരിലൊരാളാണ് കണ്ണൂർ സ്വദേശി രേഷ്മ നിഷാന്ത്. 103 ദിവസത്തെ വ്രതം നോക്കിയാണ് താൻ ഇന്നു ശബരിമലയിലേക്കെത്തിയതെന്ന് രേഷ്മ പറഞ്ഞു.
ശബരിമല ദർശനത്തിനൊരുങ്ങുകയാണെന്ന രേഷ്മയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ ഇവർക്കെതിരെ പ്രതിഷേധം ഉയർന്നു. നവോത്ഥാനം കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മ രൂപപ്പെട്ടതിലൂടെ ഇതിലൂടെ മല കയറ്റത്തിനു തയാറുള്ള യുവതികളടക്കമുള്ളവരുടെ പിന്തുണ രേഷ്മ തേടുകയുമായിരുന്നു. ശബരിമല കയറാൻ സുരക്ഷ വേണമെന്നാവശ്യപ്പെട്ട് രേഷ്മ പലതവണ പോലീസിനെ സമീപിച്ചു. തുടർന്ന് ഹൈക്കോടതിയിലെത്തി.
കേസിൽ കോടതി അന്തിമവിധി പറഞ്ഞില്ലെങ്കിലും പോലീസ് അഭിപ്രായം പലതവണ തേടിയിരുന്നു. ആർക്കും ശബരിമല ദർശനം നടത്താമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള നിലപാടാണ് പോലീസ് കോടതിയിൽ സ്വീകരിച്ചത്. യുവതികൾക്കെതിരെയുള്ള പ്രതിഷേധവും ശബരിമല യാത്രയ്ക്കു സുരക്ഷ ലഭിക്കുന്നില്ലെന്നും പറഞ്ഞ് നവംബർ 19ന് രേഷ്മയും സംഘവും എറണാകുളത്തു പത്രസമ്മേളനം നടത്തി.
ഇതേത്തുടർന്ന് പ്രസ്ക്ലബിനു മുന്പിലും നാമജപപ്രതിഷേധം നടന്നു. ബിന്ദുവും കനകദുർഗയും ശബരിമല ദർശനം നടത്തിയതിനു പിന്നാലെ രേഷ്മയും ശബരിമല ദർശനത്തിന് അനുമതി തേടി കോട്ടയംവരെ എത്തിയിരുന്നു. എന്നാൽ സുരക്ഷ ഒരുക്കാനാകില്ലെന്ന പോലീസ് നിലപാടിനേ തുടർന്നു മടങ്ങി.
ശബരിമല യാത്രയ്ക്കൊരുങ്ങുന്ന രേഷ്മയുടെ വീടിനുനേരെ ആക്രമണങ്ങൾ നടന്നു.കുടുംബത്തിലും പ്രതിഷേധമുണ്ടായി. ഇതിനിടെ ജോലിയും നഷ്ടമായി. ആർഎസ്എസാണ് ഇത്തരം പ്രവർത്തനങ്ങൾക്കു പിന്നിലെന്നും ഇതിനു കീഴടങ്ങില്ലെന്നുമുള്ള നിലപാടിലായിരുന്ന രേഷ്മ നിഷാന്ത്. ഒടുവിൽ പുരുഷ സംഘത്തിന്റെ സഹായത്തോടെ ഷാനിലയെയും കൂട്ടി രേഷ്മ പന്പയിലേക്കു പുറപ്പെടുകയായിരുന്നു.
മല കയറ്റത്തിനു സുരക്ഷ നൽകുമെന്ന് പോലീസ് ഉറപ്പു നൽകിയിരുന്നതായി രേഷ്മ പറയുന്നു. നിലയ്ക്കലിലും പന്പയിലും തങ്ങൾക്കെതിരെ പ്രതിഷേധം ഉണ്ടായില്ല. അയ്യപ്പഭക്തർ തിരിച്ചറിഞ്ഞെങ്കിലും പ്രതികരിച്ചില്ല. നീലിമലയിൽ ആർഎസ്എസുകാർ സംഘടിച്ച് പ്രതിഷേധിക്കുകയായിരുന്നു. പോലീസ് ഇവർക്കു വഴിപെട്ട് തങ്ങളെ നിർബന്ധപൂർവം മടക്കിയെന്നും രേഷ്മ ആരോപിച്ചു.