ഗിരീഷ് പരുത്തിമഠം
ഒരു സെക്യൂരിറ്റി ഏജൻസിയുടെ നടത്തിപ്പുകാരനാണ് അവിനാഷ് മിശ്ര. എഴുപതോളം പേർ ഈ സ്ഥാപനത്തിലെ അംഗങ്ങളാണ്. വളരെ കുറഞ്ഞ കാലയളവിനുള്ളിൽ തികഞ്ഞ ഉത്തരവാദിത്വത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെ അവിനാഷിന്റെ സ്ഥാപനത്തിന് അത്യാവശ്യം പേരും പെരുമയുമുണ്ട്.
അലഹാബാദ് സ്വദേശിയായ അവിനാഷ് ഹരിയാന സംഘർഷ് നഗറിൽ എസ്ആർഎ കോളനിയിലെ ഫ്ളാറ്റിലാണ് താമസം. അവിനാഷിന്റെ കന്പനിയിലെ സൂപ്പർവൈസറായ അമിത് മിശ്രയും അദ്ദേഹത്തോടൊപ്പമാണ് താമസിക്കുന്നത്.
അവിനാഷിന്റെ മുറിയുടെ കതക് അടഞ്ഞു കിടക്കുകയാണെന്നും വിളിച്ചിട്ടും വാതിൽ തുറക്കുന്നില്ലെന്നും അമിത് കഴിഞ്ഞ ദിവസം രാവിലെ ഫ്ളാറ്റിലെ സെക്രട്ടറിയെ ഫോണിൽ അറിയിച്ചു. പിന്നീട് പോലീസ് ഫ്ളാറ്റിലെത്തി വാതിൽ ബലം പ്രയോഗിച്ച് തുറന്നു. അപ്പോഴാണ് അവരെയെല്ലാം നടുക്കുന്ന ആ കാഴ്ച കണ്ടത്- മുറിയിലെ സീലിംഗ് ഫാനിൽ കെട്ടിയ ദുപ്പട്ടയിൽ അവിനാഷ് അനക്കമില്ലാതെ….
ആത്മഹത്യയല്ല, കൊലപാതകമെന്ന് കുടുംബാംഗങ്ങൾ
ഇക്കഴിഞ്ഞ പതിനഞ്ചിനാണ് നാട്ടിൽ കുടുംബാംഗങ്ങളെ സന്ദർശിച്ചതിനു ശേഷം അവിനാഷ് മടങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. അവിനാഷിന്റെ വിവാഹകാര്യം കുടുംബാംഗങ്ങൾ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. സ്ഥാപനമൊക്കെ നല്ല രീതിയിൽ തുടരുന്നതിനാൽ ജീവിതം സാന്പത്തികമായും സുരക്ഷിതമാണ്.
അതുകൊണ്ടുതന്നെ എത്രയും വേഗം വിവാഹം കഴിക്കണമെന്ന കുടുംബാംഗങ്ങളുടെ നിർദേശത്തോട് എതിരഭിപ്രായമൊന്നും അവിനാഷ് പറഞ്ഞതുമില്ലത്രെ. വളരെ സന്തോഷത്തോടെ തിരികെ പോയ അവിനാഷ് ആത്മഹത്യ ചെയ്യുമെന്ന് കുടുംബാംഗങ്ങൾ വിശ്വസിക്കുന്നില്ല. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കരുതാൻ വേറെയും കാരണങ്ങളുണ്ട്.
സീലിംഗ് ഫാനിലെ ദുപ്പട്ട കുരുക്കിൽ കാണപ്പെട്ട അവിനാഷിന്റെ കാലുകൾ മടങ്ങി നിലത്ത് തൊട്ട രീതിയിലായിരുന്നു. അവിനാഷിന്റെ ശരീരഭാരം 80 കിലോയിലധികമാണ്. സീലിംഗ് ഫാനിൽ ദുപ്പട്ട കെട്ടി അദ്ദേഹം സ്വയം തൂങ്ങാൻ ശ്രമിച്ചതാണെങ്കിൽ ഫാനുൾപ്പെടെ പൊട്ടി തറയിൽ വീണേനെ എന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടി. കഴുത്തിൽ ദുപ്പട്ട കുരുങ്ങിയതിന്റെ അടയാളമില്ലായെന്നതും സംശയം ജനിപ്പിക്കുന്നു.
സാകിനാക പോലീസ് ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്. സാഹചര്യ തെളിവുകൾ മരണത്തിനു പിന്നിലെ ദുരൂഹത വ്യക്തമാക്കുന്നതായി ആരോപിച്ച അവിനാഷിന്റെ ബന്ധുക്കൾ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനം നടത്തുകയും ദുരൂഹ മരണത്തിന് കേസെടുത്ത് പ്രതിയെ കണ്ടെത്തുകയും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്തായാലും, മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. ആദ്യം നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മരണകാരണം അജ്ഞാതമായിരുന്നു.
തുടർന്ന് മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്ന കുടുംബാംഗങ്ങളുടെ ആവശ്യം പോലീസ് അംഗീകരിച്ചു. അവിനാഷിന്റെ മരണത്തിനു കാരണക്കാരെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നവരെ ഉൾപ്പെടെ പലരെയും പോലീസ് ചോദ്യം ചെയ്യും. അധികം വൈകാതെ തന്നെ അവിനാഷിന്റെ മരണത്തിന്റെ യഥാർഥ കാരണം കണ്ടെത്താനാകുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം.
മൂന്നുമാസത്തെ ദാന്പത്യം…
ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു രേഷ്മാസിംഗിന്റെയും സുശീൽസിംഗിന്റെയും വിവാഹം. സോഫ്റ്റ്വെയർ എഞ്ചിനീയറാണ് സുശീൽ. ബിഎസ്സി ബിരുദധാരിണിയായ രേഷ്മ ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയാണ്. അതോടൊപ്പം ബിഎഡ് പഠനവും നടത്തുന്നു.
മാതാപിതാക്കളും സഹോദരനും സഹോദരിയും അടങ്ങുന്നതാണ് സുശീലിന്റെ കുടുംബം. നൽസോപാര വെസ്റ്റിൽ ശ്രീപാൽ ട്രഷർ സൊസൈറ്റി പരിസരത്താണ് ഇവർ താമസിക്കുന്നത്. കഴിഞ്ഞ ദിവസം സുശീലിന്റെ സഹോദരങ്ങൾ ചന്തയിൽ പോയി വൈകുന്നേരം മടങ്ങിയെത്തിയപ്പോൾ വീടിന്റെ വാതിൽ അടഞ്ഞുകിടക്കുന്നതായി കണ്ടു.
വാതിൽ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. പിന്നീട് വാതിൽ ബലം പ്രയോഗിച്ച് തുറന്നു. മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ രേഷ്മയെ കണ്ടെത്തി. സുശീലിന്റെ ബന്ധുക്കൾ പോലീസിന് നൽകിയ ഈ മൊഴി രേഷ്മയുടെ ബന്ധുക്കൾ കണക്കിലെടുത്തിട്ടില്ല.
ദുരുഹതയ്ക്ക് ഉത്തരം വേണം…
രേഷ്മയുടെ മരണം ആത്മഹത്യയല്ലെന്ന നിലപാടിലാണ് ബന്ധുക്കൾ. രാത്രി ഏഴോടെയാണ് വീട്ടിൽ രേഷ്മയുടെ മൃതദേഹം കാണപ്പെട്ടത്. എന്നാൽ പോലീസിനെ വിവരം അറിയിക്കുന്നത് ഒന്പതിനു ശേഷമാണെന്ന് രേഷ്മയുടെ ബന്ധുക്കൾ ആരോപിച്ചു.
രേഷ്മയുടെ ദേഹമാകെയും കറുത്ത അടയാളങ്ങൾ ഉണ്ടായിരുന്നു. ശാരീരികമായ യാതനകളുടെ ലക്ഷണങ്ങളാണിതെന്ന് അവർ സംശയിക്കുന്നു. തങ്ങളോട് സംസാരിക്കാൻ പോലും രേഷ്മയെ അനുവദിച്ചിരുന്നില്ലെന്നും കുടുംബാംഗങ്ങൾ പരാതിപ്പെട്ടു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണം സംബന്ധിച്ച ശരിയായ വിവരം അറിയാനാകൂവെന്ന് പോലീസ് അറിയിച്ചു.
രക്തത്തിൽ കുളിച്ച്…
വീടിനു മുന്നിൽ നിങ്ങളുടെ മകൻ കരയുന്നു.. ചോദിച്ചിട്ടൊന്നും മിണ്ടുന്നില്ല… ബല്ലാബാർഗിലെ തൊഴിലിടത്തിലായിരുന്ന ഭഗവാൻദാസിനെ അയൽവാസി മൊബൈലിൽ വിളിച്ച് പറഞ്ഞു. ഭാര്യയെയും കൂട്ടി അദ്ദേഹം പെട്ടെന്ന് തന്നെ വീട്ടിലേക്ക് തിരിച്ചു… വരുന്ന വഴിക്ക് പലവിധത്തിലുള്ള ആശങ്കകൾ ആ മാതാപിതാക്കളുടെ മനസിനെ അലട്ടി… അച്ഛനെയും അമ്മയെയും കണ്ടപ്പോൾ കുട്ടിയുടെ നിലവിളി ഉച്ചത്തിലായി.
വീടിനകത്തേക്ക് മകനെയും കൂട്ടി കയറിയ അവർ സ്തംഭിച്ചുപോയി… നിലത്ത് രക്തത്തിൽ കുളിച്ച് തങ്ങളുടെ പൊന്നോമന മകൾ… പതിനെട്ടുവയസുള്ള ലിസ… സ്കൂളിൽ നിന്നും വീട്ടിലെത്തിയ മകൻ ഈ കാഴ്ച കണ്ടാണ് യാതൊന്നും മിണ്ടാനാകാതെ പുറത്തിരുന്ന് കരഞ്ഞത്… പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് ഉൗർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തത്കാലം കൊലയാളി അജ്ഞാതനാണെന്ന നിഗമനത്തിലാണ് പോലീസ്. കൊലപാതത്തിനു ഉപയോഗിച്ചിരിക്കുന്ന ആയുധം സംബന്ധിച്ചതടക്കമുള്ള വിവരങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലേ വ്യക്തമാകുകയുള്ളൂ.
എത്ര ലാഘവത്തോടെയാണ് ദിവസവും ഓരോ ജീവൻ കവർന്നെടുക്കപ്പെടുന്നത്. കൃത്യമായി ആസൂത്രണം ചെയ്തും അപ്രതീക്ഷിതമായുമൊക്കെ ജീവഹത്യകൾ പതിവാകുന്നു… കാര്യക്ഷമമായ അന്വേഷണത്തിൽ ചിലത് തെളിയുന്പോൾ മറ്റു ചില കേസുകൾ എങ്ങുമെത്താതെ അവശേഷിക്കുന്നു…