അങ്കമാലിയിലെ ലിച്ചി അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ മലയാളികളുടെ മനസിലേക്ക് കുടിയേറിയ കഥാപാത്രമാണ് ലിച്ചി. അങ്കമാലി ഡയറീസ് സിനിമയിലെ വിൻസെന്റ് പെപ്പെയുടെ ലിച്ചി. മലർ ടീച്ചറിനും മേരിക്കും ശേഷം മലയാളികൾ ഒന്നടങ്കം ആഘോഷിക്കുകയാണ് ലിച്ചിയെ. മലയാളികൾക്കിടയിൽ തരംഗമായി മാറിയ ലിച്ചിയെ അവതരിപ്പിച്ചിരിക്കുന്നത് ആലുവ സ്വദേശിനിയായ രേഷ്മ രാജനാണ്.
ഓരോ വാക്കിനും ശേഷം പൊട്ടിവീഴുന്ന ചിരികൾ, നിഷ്കളങ്കമായ വാക്കുകൾ ഇതെല്ലാം രേഷ്മയിലും ലിച്ചിയിലും കാണാം. യഥാർഥത്തിൽ ലിച്ചി തന്നെയാണ് രേഷ്മ. പറഞ്ഞുതുടങ്ങിയാൽ നിർത്താതെ സംസാരിക്കുന്ന ലിച്ചിയെന്ന രേഷ്മ രാജന്റെ വിശേഷങ്ങളിലൂടെ.
രേഷ്മ രാജൻ എന്ന നഴ്സ് ലിച്ചിയായ കഥ
ഞാൻ രാജഗിരി ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലെ നഴ്സിംഗ് സ്റ്റാഫായി ജോലി ചെയ്യുകയായിരുന്നു. ആശുപത്രിയുടെ പരസ്യത്തിനായി കുറച്ചു ഹോർഡിംഗിനുവേണ്ടി കുറെ ഫോട്ടോകൾ എടുത്തിരുന്നു. ചിത്രങ്ങൾ ഹോർഡിംഗിൽ വന്നു. ഇതുകണ്ടിട്ടാണ് സിനിമയുടെ സംവിധായകൻ ലിജോ ചേട്ടൻ (ലിജോ ജോസ് പെല്ലിശേരി) ലിച്ചിയുടെ റോൾ ഈ കുട്ടി ചെയ്താൽ മതിയെന്നു തീരുമാനിച്ചത്. എന്നാൽ തന്റെ അഡ്രസ് കണ്ടെത്താനോ ബന്ധപ്പെടാനോ അവർക്കു കഴിഞ്ഞില്ല. പല പരസ്യ ഏജൻസികളിലും അന്വേഷിച്ചിരുന്നു എനിക്കായി. സിനിമയുടെ നിർമാതാവ് വിജയ് ബാബു വഴിയും തിരഞ്ഞിരുന്നു. ഒടുവിൽ എന്നെ കണ്ടെത്തുകയായിരുന്നു.
അപ്രതീക്ഷിതമായിരുന്നു സിനിമയിലേക്കുള്ള വരവ്. ആശുപത്രിയുടെ ഹോർഡിംഗിൽ ചിത്രം വരുന്നതുപോലും വീട്ടുകാർക്ക് ഇഷ്ടമല്ലായിരുന്നു. ചെറുപ്പത്തിൽ പ്ലസ്ടുവിനൊക്കെ പഠിക്കുന്ന സമയത്ത് സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടായിരുന്നു. എന്നാൽപിന്നീട് അത് നടന്നില്ല. പഠിത്തത്തിലായി ശ്രദ്ധ. ഇപ്പോൾ നഴ്സായി ജോലി ലഭിച്ചു. പുറത്തേക്ക് പോയി കല്യാണമൊക്കെ കഴിക്കാം എന്ന നിലയിലേക്ക് എത്തിയപ്പോഴാണ് സിനിമയിൽ അവസരം കിട്ടിയത്. സ്കൂളിൽ പഠിക്കുന്പോൾ പോലും അഭിനയിച്ചു യാതൊരു പരിചയമില്ല. ഹോസ്പിറ്റലിലെ ഒന്നു രണ്ടു പരിപാടികളിൽ അവതാരകയായിട്ടുണ്ട്. ഹോസ്പിറ്റലിന്റെ കോർപ്പറേറ്റ് വീഡിയോയിലും അഭിനയിച്ചിരുന്നു.
സിനിമയിൽ അഭിനയിക്കുന്ന കാര്യത്തിൽ അമ്മയ്ക്കും ചേട്ടനും എതിർപ്പായിരുന്നു. വീടിനടുത്ത് ഞങ്ങൾ ബിനോപ്പൻ എന്നു വിളിക്കുന്ന ഒരു അങ്കിളുണ്ട്. അദ്ദേഹത്തോടു കാര്യം പറഞ്ഞു. അദ്ദേഹം സപ്പോർട്ടു ചെയ്തു. ഓഡിഷനും കാമറ ടെസ്റ്റൊക്കെ ഉണ്ടായിരുന്നു. അമ്മയും ബിനോപ്പനുമാണ് കൂടെ വന്നിരുന്നത്. ഷൂട്ടിംഗ് ഒക്കെ തുടങ്ങിയതോടെ വീട്ടുകാർക്ക് സമാധാനമായി. സെറ്റ് വീട് പോലെ തന്നെ സുരക്ഷിതമായിരുന്നു. യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ ഷൂട്ടിംഗ് നടന്നു.
സെറ്റ് ഒരു കുടുംബം പോലെ
സിനിമയുടെ സെറ്റ് വളരെ കംഫർട്ടബിൾ ആയിരുന്നു. സിനിമയിലെ അഭിനേതാക്കളെല്ലാം പുതിയ ആളുകളായിരുന്നു. ആദ്യ ആഴ്ച തന്നെ എല്ലാവരും തമ്മിൽ പെട്ടെന്ന് അടുത്തു. അത് അഭിനയത്തെയും സഹായിച്ചു. ലിജോ ചേട്ടനും എല്ലാവരെയും സഹായിക്കുന്ന സൗഹാർദപരമായ പെരുമാറ്റമായിരുന്നു. സിനിമയിലെ കാരക്ടറിന്റെ പേരിലാണ് എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും വിളിക്കുന്നത്. ഞാൻ ഇപ്പോഴും ലിച്ചി തന്നെ, അതുപോലെ പെപ്പെ, കണകുണൻ, പരിപ്പ അങ്ങനെ സിനിമയിലെ പേരിൽ തന്നെ വിളിക്കും.
സിനിമ കഴിഞ്ഞ് വീണ്ടും രാജഗിരി ആശുപത്രിയിൽ തിരിച്ചു വന്നു ജോയിൻ ചെയ്തു. ഒന്നരമാസത്തോളം ജോലി ചെയ്തു. അപ്പോഴേക്കും സിനിമയുടെ റിലീസ് ആയി. പ്രമോഷനു വേണ്ടി വീണ്ടും ലീവെടുക്കേണ്ടി വന്നു. ആശുപത്രിയുടെ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുള്ള പിന്തുണ കൊണ്ടാണ് സിനിമയിൽ അഭിനയിക്കാൻ തന്നെ കഴിഞ്ഞത്. ലോംഗ് ലീവ് എടുക്കാൻ അനുവദിക്കുകയും ചെയ്തു. അതിനുള്ള നന്ദി എനിക്ക് എപ്പോഴും ആശുപത്രിയോടുണ്ട്.
86 പുതുമുഖങ്ങൾ
ഓഡിഷൻ കഴിഞ്ഞു സിനിമയിലേക്ക് തെരഞ്ഞെടുത്തതിനുശേഷം സിനിമയിലെ 86 പുതുമുഖങ്ങൾക്കുമായി ഒരു ക്യാന്പ് വച്ചിരുന്നു. അഭിനയവും മറ്റു ക്ലാസുകളും ഉണ്ടായിരുന്നു. അതിനുശേഷം ചെന്പൻ ചേട്ടൻ സിനിമയുടെ സ്ക്രിപ്റ്റ് മുഴുവൻ വായിച്ചു കേൾപ്പിച്ചു. അതുകൊണ്ടുതന്നെ സീനുകളും ഡയലോഗുകളും എല്ലാം എല്ലാവർക്കും പരസ്പരം അറിയാമായിരുന്നു. പരസ്പരം സഹായിച്ചാണ് ഓരോരുത്തരും അഭിനയിച്ചത്.
രേഷ്മ തന്നെ ലിച്ചി
അങ്കമാലി ഡയറീസിലെ ലിച്ചിയെപ്പോലെ തന്നെ പുറത്തു പോയി ജോലി ചെയ്യണമെന്നും സന്പാദിക്കണമെന്നും വീട് വയ്ക്കണമെന്നും ആഗ്രഹിച്ച ആളാണ് ഞാൻ. ലിച്ചിയെപ്പോലെ തന്നെ മെഡിക്കൽ പ്രഫഷനിൽ തന്നെയാണ് ഞാനും. വിദേശത്തേക്കു പോകാനുള്ള കാര്യങ്ങൾ പൂർത്തിയാകുന്നതിനിടെയാണ് സിനിമയിൽ അവസരം ലഭിക്കുന്നത്. ലിച്ചിയെപ്പോലെ എന്നു പറയുന്പോഴും ലിച്ചിയെപ്പോലെ കള്ളുകുടിക്കില്ല കേട്ടോ (പൊട്ടിച്ചിരിയോടെ രേഷ്മ പറഞ്ഞു).
ഏറ്റവും ഇഷ്ടപ്പെട്ട രംഗം
മദ്യപിച്ചു പെപ്പെയ്ക്കൊപ്പം നടന്നു വരുന്ന രംഗമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രംഗം. ഏറെ കഷ്ടപ്പെട്ട് സമയമെടുത്ത് ചെയ്തതായതിനാലാണ് അത് പ്രിയപ്പെട്ടതായത്. ആറു മിനിറ്റ് വരുന്ന ഒറ്റ ഷോട്ടായിരുന്നു ആ സീൻ. രാത്രി 8.30 ഓടെ ഷൂട്ടിംഗ് തുടങ്ങി. ഷൂട്ട് ചെയ്യുന്നതിനിടെ ആരെങ്കിലും തെറ്റിക്കും അല്ലെങ്കിൽ ഏതെങ്കിലും വാഹനമോ ആളോ ഫ്രെയിമിൽ കയറും. അതോടെ വീണ്ടും ഷോട്ട് എടുക്കേണ്ടി വരും. അങ്ങനെ ഷോട്ട് ഓക്കെ ആയപ്പോൾ രണ്ടുമണിയായി.ആ ഷോട്ടിനുവേണ്ടി എടുത്ത അധ്വാനം സീനിൽ ലഭിച്ചിട്ടുണ്ടെന്നാണ് പ്രതികരണങ്ങളിൽ നിന്നു മനസിലായത്.
നഴ്സിംഗോ സിനിമയോ
അപ്രതീക്ഷിതമായിട്ടാണെങ്കിലും സിനിമയിൽ അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്. ജനങ്ങൾ അംഗീകരിച്ച നിലയിൽ നല്ല വേഷങ്ങൾ കിട്ടിയാൽ തുടരും. ലിച്ചിയെന്ന കഥാപാത്രത്തിന് ഇത്രയും സ്വീകാര്യത ലഭിച്ച സ്ഥിതിക്കു നല്ല അവസരങ്ങൾ വന്നാൽ അഭിനയിക്കും. ലിച്ചിയുടെ വിലകളയാൻ പറ്റില്ല, അതുകൊണ്ട് ആലോചിച്ച ശേഷം മാത്രമെ അടുത്ത സിനിമ തെരഞ്ഞെടുക്കൂ. ലിച്ചിക്കൊപ്പം നിൽക്കുന്ന കഥാപാത്രങ്ങൾ വരണം. ഇപ്പോൾ സിനിമയുടെ പ്രമോഷനും മറ്റുമായി തിരക്കിലാണ് അതിനുശേഷമെ പുതിയ സിനിമയെക്കുറിച്ച ചിന്തിക്കുകയുള്ളു.
സിനിമ കണ്ടിട്ട് ജയസൂര്യ വിളിച്ചു. മലയാള സിനിമയ്ക്ക് പുതിയ നായികയെ കിട്ടിയെന്നൊക്കെപറഞ്ഞു. ലാലേട്ടൻ സിനിമ കണ്ടെന്നും എല്ലാവരെയും തെരക്കിയെന്നും അറിയാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്. സിനിമ കണ്ട് എംഎൽഎമാർ ഒക്കെ വിളിച്ചു. ആളുകളൊക്കെ തിരിച്ചറിയാൻ തുടങ്ങി. നഴ്സിംഗിനെ ഉപേക്ഷിക്കാൻ പറ്റില്ല. നല്ല വേഷങ്ങൾ കിട്ടിയാൽ ഇനിയും സിനിമകൾ ചെയ്യും.
കുടുംബം
ആലുവയിലാണ് വീട്. വീട്ടിൽ ഇപ്പോൾ അമ്മ ഷീബയും ചേട്ടൻ ഷോണ് രാജനും മാത്രമേയുള്ളു. അച്ഛൻ കെ.സി.രാജൻ മരിച്ചുപോയി. രാഷ്ട്രീയപ്രവർത്തകനായിരുന്നു. ഐഎൻടിയുസിയിലും കൗണ്സിലറുമൊക്കെയായി പ്രവർത്തിച്ചിരുന്നു. ആലുവ നിർമല സ്കൂൾ, സെന്റ് ഫ്രാൻസിസ് സ്കൂൾ, കൊച്ചിൻ മെഡിക്കൽ കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം.
അരുൺ സെബാസ്റ്റ്യൻ