ആദ്യ ചിത്രമായ അങ്കമാലി ഡയറീസിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് രേഷ്മ രാജൻ. ഈ പേരു പറഞ്ഞാൽ പെട്ടെന്നു മനസിലായില്ലെങ്കിലും ലിച്ചിയെ എല്ലാവരും അറിയും. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ച അഭിനേത്രിയുടെ രണ്ടാം ചിത്രത്തിൽ നായകനായെത്തുന്നത് സൂപ്പർ സ്റ്റാർ മോഹൻലാൽ. ആരും കൊതിക്കുന്നൊരു കാര്യമാണ് ഈ അഭിനേത്രിയെ തേടിയെത്തിയിട്ടുള്ളത്.
ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണു മോഹൻലാലിന്റെ നായികയായി അന്ന രേഷ്മ രാജനെത്തുന്നത്. ബെന്നി പി നായരന്പലമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മോഹൻലാൽ അധ്യാപകന്റെ റോളിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മേയ് അവസാനം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പേര് തീരുമാനമായിട്ടില്ല.സംവിധായകൻ ലാൽജോസും മോഹൻലാലും ഇതാദ്യമായാണ് ഒന്നിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുന്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഇതിഹാസ താരങ്ങളിലൊരാളായ മോഹൻലാലിനൊപ്പം അഭിനയിക്കാൻ കൊതിക്കാത്ത താരങ്ങളില്ല.
എന്നാൽ അധികം കാത്തു നിൽക്കാതെ തന്നെ ലിച്ചിയെ തേടി ആ സൗഭാഗ്യമെത്തി. അങ്കമാലി ഡയറീസിനു ശേഷം നിരവധി ഓഫറുകൾ ലഭിച്ചിരുന്നുവെങ്കിലും ലാൽജോസ് ചിത്രമാണ് താരം തിരഞ്ഞെടുത്തത്. രാജഗിരി ഹോസ്പിറ്റലിലെ എമർജൻസി വിഭാഗത്തിൽ നഴ്സിങ്ങ് സ്റ്റാഫായി ജോലി ചെയ്യുന്നതിനിടയിലാണ് രേഷ്മ അങ്കമാലി ടീമിനൊപ്പം സിനിമയിലേക്കെത്തുന്നത്.
ഹോസ്പിറ്റലിലെ പരിപാടിയിൽ അവതാരകയായും കോർപ്പറേറ്റ് വിഡിയോയിലംു രേഷ്മ അഭിനയിച്ചിരുന്നു. വിഡിയോ ഷൂട്ട് ചെയ്തവർ പരസ്യത്തിന് വേണ്ടി ഫോട്ടോസ് എടുത്തിരുന്നു എന്നാൽ ഹോർഡിങ്ങിസിൽ പടം വരുന്നതിന് വീട്ടുകാർക്ക് താൽപര്യമില്ലായിരുന്നു. സ്വന്തം റിസ്കിലാണ് പരസ്യത്തിൽ പ്രത്യക്ഷപ്പെടാൻ സമ്മതം മൂളിയത്. ആ പരസ്യ ബോർഡിലെ ഫോട്ടോ കണ്ടാണ് രേഷ്മയെ ലിജോ ജോസ് പെല്ലിശ്ശേരി വിളിക്കുന്നത്.