കണ്ണൂർ: ഇതുവരെ പ്രവർത്തിച്ചത് സിപിഎമ്മിനുവേണ്ടിയാണെന്നും ഇപ്പോൾ അവർതന്നെ കള്ളക്കഥകൾ പടച്ചുവിടുകയാണെന്നും രേഷ്മയുടെ കുടുംബം വ്യക്തമാക്കി.
സിപിഎമ്മിനെ പ്രതിരോധിക്കുന്ന വാദങ്ങളാണു രേഷ്മയുടെ കുടുംബം ഉയർത്തുന്നത്.
ഭർത്താവിന്റെ അറിവോടെ തന്നെയാണു രേഷ്മ വീടു നൽകിയതെന്നും സദാചാരപ്രശ്നങ്ങളുടെ മറവിൽ കടന്നാക്രമണം നടത്തുന്ന സിപിഎം സൈബർ സഖാക്കളോടു വീട്ടുകാർ വ്യക്തമാക്കുന്നു.
സൈബർ സഖാക്കൾ പ്രചരിപ്പിക്കുന്നതെല്ലാം കള്ളക്കഥകളാണ്. നിജിൽദാസുമായി രേഷ്മയ്ക്ക് ഒരു ബന്ധവുമില്ല.
രേഷ്മയുടെ സുഹൃത്തിന്റെ ഭർത്താവ് എന്ന നിലയ്ക്കാണു വീടു നൽകിയതെന്നാണു രേഷ്മയുടെ അച്ഛൻ രാജൻ പറയുന്നത്.
ഇവർ കുട്ടിക്കാലം മുതൽ ഉറ്റസുഹൃത്തുക്കളായിരുന്നു. എഗ്രിമെന്റ് എഴുതിവാങ്ങിയാണു വീടു നൽകിയത്.
അതേസമയം, വ്യക്തിഹത്യ നടത്തുന്നതിനെതിരേ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നു രേഷ്മയുടെ അഭിഭാഷകൻ വ്യക്തമാക്കി.
പിണറായി വിജയന്റെ വീടിന്റെ തൊട്ടടുത്ത് കൊലക്കേസിലെ പ്രതി ഒളിവിൽ കഴിഞ്ഞതിന്റെ സുരക്ഷാവീഴ്ചയും നാണക്കേടും മറയ്ക്കാൻ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നാണു കുടുംബം പറയുന്നത്.
പ്രശാന്തിന്റെ വീട്ടുകാരും സിപിഎം അനുഭാവികളാണ്. രണ്ടുവർഷം മുന്പ് നിർമിച്ച പിണറായി പാണ്ഡ്യാലമുക്കിലെ വീട്ടിലാണു കൊലക്കേസ് പ്രതി നിജിൽദാസ് ഒളിവിൽ താമസിച്ചത്.
നിജിലിന് 15,000 രൂപ വാടക നിശ്ചയിച്ചാണ് വീട് നൽകിയത്. ഇതിനുമുന്പ് ‘പിണറായിപ്പെരുമ’എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ കലാകാരന്മാർക്കും പാർട്ടി പ്രവർത്തകർക്കും ഇതേ വീട് വാടയ്ക്കു നൽകിയിരുന്നു.
ഇവർ ഒഴിഞ്ഞശേഷമാണ് നിജിൽദാസിനു വീട് നൽകിയത്. ഭക്ഷണം നൽകിയെന്ന എം.വി. ജയരാജന്റെ ആരോപണം തെറ്റാണെന്നും വീട്ടുകാർ പറഞ്ഞു.