ചാത്തന്നൂർ: പ്രസവിച്ച ഉടൻ കുഞ്ഞിനെ കരിയിലക്കാട്ടിൽ ഉപേക്ഷിക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്ത സംഭവത്തിൽ ജയിലിൽ കഴിയുകയായിരുന്ന യുവതിയ്ക്ക് ജാമ്യം ലഭിച്ചു.
ഭർത്താവ് വിഷ്ണുവാണ് ജാമ്യത്തിലിറക്കിയതെന്ന് പോലീസ് പറഞ്ഞു. കല്ലുവാതുക്കൽ ഊഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മയ്ക്കാണ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്.
പാരിപ്പള്ളി പോലീസ് സ്റ്റേഷൻ പരിധി വിട്ടു പോകരുതെന്ന ഉപാധിയോടെയാണ് ജാമ്യം. കഴിഞ്ഞ ജനുവരി 5-നാണ് കരിയിലക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്.
വീട്ടിലെ കുളിമുറിയിൽ പ്രസവിച്ച ശേഷം രേഷ്മ കുഞ്ഞിനെ കരിയിലക്കാട്ടിൽ ഉപേക്ഷിച്ചതായാണ് പോലീസ് കേസ്.
കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി മരിച്ചു.
ഫേയ്സ്ബുക്കിലൂടെ പരിചയപ്പെട്ട, ഒരിക്കലും കണ്ടിട്ടില്ലാത്ത കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് രേഷ്മ പോലീസിന് മൊഴി നല്കിയിരുന്നു.
അജ്ഞാത കാമുകനായി രേഷ്മയോട് ചാറ്റ് ചെയ്തിരുന്ന ഭർത്തൃ സഹോദരന്റെ ഭാര്യ മേവനക്കോണം തച്ചക്കോട്ട് വീട്ടിൽ ആര്യ (23) ഭർത്തൃ സഹോദരിയുടെ മകൾ മേവനക്കോണം രേഷ്മ ഭവനിൽ ഗ്രീഷ്മ (19) എന്നിവരെ പിന്നീട് ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
രേഷ്മയെ പറ്റിക്കാനായിരുന്നു ബന്ധുക്കളായ യുവതികൾ അജ്ഞാത കാമുകനായി ചാറ്റ് ചെയ്തിരുന്നത്.
കഴിഞ്ഞ 90 ദിവസമായി രേഷ്മ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു. പോലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്.
ഫേയ്സ്ബുക്കിന്റെ അമരിക്കയിലെ ആസ്ഥാനത്തെ സെർവറിൽ നിന്നും ചിലരേഖകൾ കിട്ടാത്തതിനാലാണ് കുറ്റപത്രം സമർപ്പിക്കുന്നതിന് കാലതാമസമുണ്ടാക്കുന്നതെന്ന് പോലീസ് പറഞ്ഞു.
കുഞ്ഞിനെ ഉപേക്ഷിക്കാൻ ആരെങ്കിലും രേഷ്മയെ നിർബന്ധിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും ഫേയ്സ്ബുക്കിൽ നിന്നറിയേണ്ടത്.
കുറ്റപത്രം ഈ മാസം തന്നെ കോടതിയിൽ സമർപ്പിക്കുമെന്ന് പാരിപ്പള്ളി പോലീസ് പറഞ്ഞു.