കൊല്ലം: കല്ലുവാതുക്കലിൽ കരിയില കൂനയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചു കൊന്ന കേസിലെ പ്രതി രേഷ്മയ്ക്കെതിരെ ഇത്തിക്കരയാറ്റില്‍ ചാടി ആത്മഹത്യ ചെയ്ത ആര്യയുടെ കുറിപ്പ്.
നവജാത ശിശുവിനെ കരിയിലകൂട്ടത്തിൽ ഉപേക്ഷിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന രേഷ്മ (22) യുടെ ബന്ധുക്കളായ യുവതികളുടെ ആത്മഹത്യയിലും ദുരുഹത രേഷ്മയുടെ കേസുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ട ദിവസമാണ് ഇവരെ കാണാതായത്.
രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് കുറിപ്പിലുള്ളത്. അവരുടെ ജീവിതം നന്നാകണമെന്ന് മാത്രമാണ് താൻ കരുതിയത്. പിഞ്ചു കുഞ്ഞിനെ കൊന്ന കേസില്‍ പൊലീസ് പിടികൂടുന്നത് സഹിക്കാന്‍ കഴിയില്ലെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്.
അറിഞ്ഞുകൊണ്ട് ആരേയും താൻ ചതിച്ചിട്ടില്ലെന്ന് ആര്യയുടെ കുറിപ്പിൽ പറയുന്നു. തന്റെ മകനെ നന്നായി നോക്കണം. എല്ലാവരും ക്ഷമിക്കണമെന്നും ആര്യയുടെ ആത്മഹത്യാകുറിപ്പിലുണ്ട്.
കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ചത് താൻ ഒറ്റയ്ക്കാണെന്നും ഗർഭിണിയായിരുന്നെന്ന വിവരം മറ്റാർക്കും അറിയില്ലായിരുന്നു എന്നുമുള്ള രേഷ്മയുടെ വാദവും ഇതോടെ പൊളിയുകയാണ്.
രേഷ്മയുമായി ഏറ്റവുമടുപ്പമുണ്ടായിരുന്ന ആളാണ് ഭർത്തൃസഹോദരന്റെ ഭാര്യയായ ആര്യ. ഇവരുടെ പേരിലുള്ള സിം കാർഡാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനുമായി ചാറ്റ് ചെയ്യാൻ രേഷ്മ ഉപയോഗിച്ചിരുന്നത്.
ഇതിനെപ്പറ്റി ചോദിച്ചറിയാൻ ആര്യയോട് പൊലീസ് സ്റ്റേഷനിലെത്താൻ നിർദ്ദേശിച്ചിരുന്നു. പൊലീസ് വിളിപ്പിച്ചതിനു പിന്നാലെ ആര്യ അസ്വസ്ഥയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ 12 മണിയോടെ ആര്യയെ കാണാതായത്.
ആര്യയുടെ ഭർത്തൃസഹോദരിയുടെ മകൾ ഗ്രീഷ്മയെയും ഒപ്പം കാണാതാവുകയായിരുന്നു. ഇത്തിക്കരയാറിന് സമീപത്തുകൂടി ഇരുവരും നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയതിനെ തുടർന്ന് പൊലീസ് പരിസരത്ത് പരിശോധന നടത്തുകയും ഇന്ന് ഇരുവരുടെയും മൃതദേഹങ്ങൾ ആറ്റിൽ നിന്ന് കിട്ടുകയുമായിരുന്നു.
കേസുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലാത്ത ഗ്രീഷ്മയെ ആര്യ എന്തിനാണ് മരിക്കാൻ ഒപ്പം കൂട്ടിയത് എന്നതടക്കമുള്ള കാര്യങ്ങൾ ഇപ്പോഴും ദുരൂഹമാണ്.
പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട സമയത്താണ് ഇവരെ കാണാതായത്. ഞങ്ങൾ പോകുന്നു എന്ന് കത്തെഴുതി വച്ചിട്ടാണ് ഇവർ വീട് വിട്ടിറങ്ങിയത്.
പോലീസിന്റെ ചോദ്യങ്ങളെ നേരിടാൻ കഴിയാത്ത രഹസ്യങ്ങൾ രേഷ്മയുടെ കേസുമായി ബന്ധപ്പെട്ട് ഇവരിലുണ്ടോ എന്ന സംശയമാണ് പ്രധാനം.
രേഷ്മ അവകാശപ്പെട്ട ഇതുവരെ കണ്ടിട്ടില്ലാത്ത കാമുകനെക്കുറിച്ചും ഇവരുടെ തിരോധാനവും ആത്മഹത്യയും ചോദ്യം ഉയർത്തുന്നു.
നിസാര കാരണങ്ങളാൽ ഇരുവരും ഒന്നിച്ച് ആത്മഹത്യ ചെയ്യാൻ ഇടയാക്കിയത് കേസിലെ ദുരുഹത വർധിപ്പിക്കുകയാണ്. സൈബർ സെൽ മുഖേനയുള്ള അന്വേഷണം പുരോഗമിച്ചാൽ മാത്രമേ ദുരുഹതകൾക്ക് വിരാമമുണ്ടാകൂ.
കാണാതായ യുവതികളുടെ അവസാന ടവർ ലൊക്കേഷൻ പരിശോധിച്ചാണ് ഇത്തിക്കര കൊച്ചു പാലം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയത്.ഈ ഭാഗത്തെ ഒരു സിസിടിവി കാമറയിൽ ഈ യുവതികൾ നടന്നു പോകുന്ന ദൃശ്യം കണ്ടെത്തിയിട്ടുണ്ട്.
ചാത്തന്നൂർ എസി പി വൈ .നിസാമുദീൻ, പാരിപ്പള്ളി, ചാത്തന്നൂർ സിഐമാരായ ടി. സതി കുമാർ, അനീഷ് പരവൂർ ഫയർ സ് സ്റ്റേഷൻ ഓഫീസർ ഡി. ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇത്തിക്കരയാറ്റിൽ പരിശോധന. സ്കൂബ ടീമും രണ്ട് ഡിങ്കി ബോട്ടുകളും എത്തിയായിരുന്നു തെരച്ചിൽ.