ചാത്തന്നൂർ: നവജാത ശിശുവിനെ കരിയിലകൂട്ടത്തിൽ ഉപേക്ഷിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന രേഷ്മ (22) യുടെ ബന്ധുക്കളായ യുവതികളുടെ ആത്മഹത്യയിലും ദുരുഹത രേഷ്മയുടെ കേസുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ട ദിവസമാണ് ഇവരെ കാണാതായത്.
ഇവരുടെ മൃതദേഹങ്ങൾ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷമേ ബന്ധുക്കൾക്ക് വിട്ടു നൽകുകയുള്ളൂ.
രേഷ്മയുടെ ഭർത്താവ് വിഷ്ണുവിന്റെ സഹോദരൻ രഞ്ജിത്തിന്റെ ഭാര്യ കല്ലുവാതുക്കൽ മേവനക്കോണം തച്ചക്കോട് വീട്ടിൽ ആര്യ (27) വിഷ്ണുവിന്റെ സഹോദരി രജിതയുടെ മകൾ സ്മൃതി എന്ന് വിളിക്കുന്ന ഗ്രേഷ്മ (19) എന്നിവരെയാണ് ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ വെള്ളിയാഴ്ച ഫയർഫോഴ്സ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട സമയത്താണ് ഇവരെ കാണാതായത്. ഞങ്ങൾ പോകുന്നു എന്ന് കത്തെഴുതി വച്ചിട്ടാണ് ഇവർ വീട് വിട്ടിറങ്ങിയത്.
പോലീസിന്റെ ചോദ്യങ്ങളെ നേരിടാൻ കഴിയാത്ത രഹസ്യങ്ങൾ രേഷ്മയുടെ കേസുമായി ബന്ധപ്പെട്ട് ഇവരിലുണ്ടോ എന്ന സംശയമാണ് പ്രധാനം.
രേഷ്മ അവകാശപ്പെട്ട ഇതുവരെ കണ്ടിട്ടില്ലാത്ത കാമുകനെക്കുറിച്ചും ഇവരുടെ തിരോധാനവും ആത്മഹത്യയും ചോദ്യം ഉയർത്തുന്നു. നിസാര കാരണങ്ങളാൽ ഇരുവരും ഒന്നിച്ച് ആത്മഹത്യ ചെയ്യാൻ ഇടയാക്കിയത് കേസിലെ ദുരുഹത വർധിപ്പിക്കുകയാണ്.
സൈബർ സെൽ മുഖേനയുള്ള അന്വേഷണം പുരോഗമിച്ചാൽ മാത്രമേ ദുരുഹതകൾക്ക് വിരാമമുണ്ടാകൂ.
കാണാതായ യുവതികളുടെ അവസാന ടവർ ലൊക്കേഷൻ പരിശോധിച്ചാണ് ഇത്തിക്കര കൊച്ചു പാലം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയത്.ഈ ഭാഗത്തെ ഒരു സിസിടിവി കാമറയിൽ ഈ യുവതികൾ നടന്നു പോകുന്ന ദൃശ്യം കണ്ടെത്തിയിട്ടുണ്ട്.
ചാത്തന്നൂർ എസി പി വൈ .നിസാമുദീൻ, പാരിപ്പള്ളി, ചാത്തന്നൂർ സിഐമാരായ ടി. സതി കുമാർ, അനീഷ് പരവൂർ ഫയർ സ് സ്റ്റേഷൻ ഓഫീസർ ഡി. ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇത്തിക്കരയാറ്റിൽ പരിശോധന. സ്കൂബ ടീമും രണ്ട് ഡിങ്കി ബോട്ടുകളും എത്തിയായിരുന്നു തെരച്ചിൽ.
ഡിങ്കി ബോട്ടുകൾ ഉപയോഗിച്ച് നദിയിലെ വെള്ളത്തിൽ ഇളക്കമുണ്ടാക്കി ചെളിയിൽ പുതഞ്ഞിട്ടുണ്ടെങ്കിൽ മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമമാണ് നടത്തിയത്.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ രണ്ടു കിലോമീറ്റർ അകലെ മീനാട് നിന്നും ആര്യയുടെയും മൂന്നരയോടെ കൊച്ചു പാലത്തിൽ നിന്നും 200 മീറ്റർ അകലെ നിന്നും ഗ്രേഷ്മയുടെയും മൃതദേഹങ്ങൾ കിട്ടി.
ആർ ഡി ഒ യുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിയ്ക്ക് മൃതദേഹങ്ങൾ മാറ്റി.
ആര്യയുടെ ഭർത്താവ് രഞ്ജിത് അടുത്ത കാലത്താണ് ദുബായിൽ നിന്നും നാട്ടിലെത്തിയത്.നാലു വയസുള്ള അഭിജിത്ത് മകനാണ്. പരേതനായ മുരളിധരക്കുറുപ്പിന്റേയും ശോഭനയുടെയും മകളാണ്.
സഹോദരി ആതിര. മേവനക്കോണം രേഷ്മ ഭവനിൽ രാധാകൃഷ്ണൻ നായരുടെയും രജിതയുടെയും മകളാണ് ഗ്രേഷ്മ. അവിവാഹിതയാണ്. സഹോദരി രേഷ്മ.
ഫയർഫോഴ്സ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർമാരായ വി.വിജയകുമാർ, ഇ.ഡൊമിനിക്, യേശുദാസ് , അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഫയർഫോഴ്സ് സേനാംഗങ്ങളും ശിബി, രാജേന്ദ്രൻ, വിപിൻ, ആദിത്യൻ, മനു, വേണു, രജി എന്നീ സിവിൽ ഡിഫൻസ് ടീം അംഗങ്ങളുമാണ് ഇത്തിക്കരയാറ്റിൽ തെരച്ചിൽ നടത്തി മൃതദേഹങ്ങൾ കണ്ടെടുത്തത്.
നവജാത ശിശുവിനെ ഉപേക്ഷിച്ച് റിമാൻഡിൽ ജയിലിൽ കഴിയുന്ന രേഷ്മയുടെ ഭർത്താവ് വിഷ്ണു ദുബായിൽ നിന്നും വെള്ളിയാഴ്ച നാട്ടിലെത്തി.
തൊട്ടടുത്ത ദിവസം തന്നെ പോലീസിന് മുന്നിൽ ഹാജരാക്കും.വിഷ്ണുവിന്റെ കുടുംബത്തിൽ സംഭവിച്ച ദുരന്തങ്ങൾ നാട്ടുകാരെയും വിഷമത്തിലാക്കിയിട്ടുണ്ട്.