കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽനിന്നു മറ്റൊരു സന്തോഷ വാർത്തകൂടി. കോവിഡ് ബാധിച്ച നഴ്സ് രോഗവിമുക്തയായി.
കോട്ടയം മെഡിക്കൽ കോളജിലെ കോവിഡ്-19 ചികിത്സാ സംഘത്തിലുണ്ടായിരുന്ന നഴ്സിനു രോഗം ബാധിച്ചെന്ന വാർത്ത നേരത്തേ കടുത്ത ആശങ്ക ഉയർത്തിയിരുന്നു. എന്നാൽ, നഴ്സ് രേഷ്മ മോഹൻദാസ് അതിവേഗം രോഗവിമുക്തി നേടി.
ഇതോടെ കോട്ടയത്തു കോവിഡ് ബാധിച്ച എല്ലാവരുംതന്നെ രോഗവിമുക്തി നേടി. അതോടൊപ്പം കോവിഡിനെ തോൽപിച്ച റാന്നിയിൽനിന്നുള്ള വയോധിക ദന്പതികളും കോട്ടയം മെഡിക്കൽ കോളജിൽനിന്ന് ഇന്നലെ ഡിസ്ചാർജ് ആയി വീട്ടിലേക്കു മടങ്ങി.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്റ്റാഫ് നഴ്സ് രേഷ്മ മോഹന്‍ദാസ് തികഞ്ഞ ആത്മവിശ്വാസത്തോടെയാണു വീട്ടിലേക്കു മടങ്ങിയത്. 14 ദിവസത്തെ വീട്ടിലെ നിരീക്ഷണത്തിനുശേഷം കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ വീണ്ടും ജോലിക്കെത്താൻ തയാറാണെന്നും രേഷ്മ പ്രതികരിച്ചു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന റാന്നിയിലെ 88, 93 വയസുള്ള വയോധിക ദമ്പതികളെ ശ്രുശ്രൂഷിച്ച നഴ്സാണ് രേഷ്മ.
മാര്‍ച്ച് 12 മുതല്‍ 22 വരെയായിരുന്നു രേഷ്മയ്ക്കു കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടി. ശാരീരിക അവശതകളോടൊപ്പം കൊറോണ വൈറസ് മൂലമുള്ള ബുദ്ധിമുട്ടുകളും ഉണ്ടായിരുന്ന വയോധികരെ രേഷ്മയ്ക്കു വളരെ അടുത്തു ശുശ്രൂഷിക്കേണ്ടിവന്നു.
സ്വന്തം മാതാപിതാക്കളെപ്പോലെയാണ് രേഷ്മ അവരെ പരിചരിച്ചിരുന്നത്. കോട്ടയം മെഡിക്കൽ കോളജിലെ മികച്ച പരിചരണത്തിനും ചികിത്സയ്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് വയോധിക ദന്പതികളും ഇന്നലെ വീട്ടിലേക്കു മടങ്ങിയത്.